റാസല്‍ഖൈമ: റിയല്‍ എസ്റ്റേറ്റ് നിക്ഷേപകര്‍ തമ്മിലുള്ള തര്‍ക്കം 24 മണിക്കൂറിനുള്ളില്‍ തീര്‍പ്പാക്കി റാസല്‍ഖൈമ ഏകദിന കോടതി. 90 കോടി ദിര്‍ഹമിന്റെ സിവില്‍ കേസാണ് അതിവേഗം പരിഹരിച്ചത്. കേസ് മാറ്റിവെക്കല്‍, അപ്പീല്‍ തുടങ്ങിയവയില്ലാതെ ഇരു കക്ഷികള്‍ക്കും അംഗീകൃതമായ രീതിയില്‍ കേസ് തീര്‍പ്പാക്കിയ വിധി കോടതിയുടെ ചരിത്രത്തിലെ നാഴികക്കല്ലാണെന്ന് റാക് കോടതി ചെയര്മാന് അഹമദ് അല്‍ ഖത്രി അഭിപ്രായപ്പെട്ടു. സാമ്പത്തിക തര്‍ക്കത്തിന്റെ വ്യാപ്തിയും അത് പരിഹരിക്കുന്നതിലെ വേഗവും ശ്രദ്ധേയമാണ്.
കക്ഷികള്‍ക്കിടയില്‍ ഒത്തുതീര്‍പ്പിന് മധ്യസ്ഥത വഹിച്ച കോടതി അഭിനന്ദനമര്‍ഹിക്കുന്നു. പ്രത്യേക കോടതി സ്ഥാപിതമായതിനു ശേഷം ഇത്തരത്തിലുള്ള ആദ്യ വിധിന്യായമായി ഇത് മാറി. റാസല്‍ഖൈമ കിരീടാവകാശിയും ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് മുഹമദ് ബിന്‍ സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെ ജുഡീഷ്യല്‍ പരിഷ്കാരങ്ങളാണ് ഈ നേട്ടത്തിന് കാരണം. നിയമ വ്യവസ്ഥയെ ആധുനികവത്കരിക്കുന്നതിനും വ്യവഹാര നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നതിനും ജുഡീഷ്യറിയിലുള്ള പൊതുജന വിശ്വാസം ശക്തിപ്പെടുത്തുന്നതിനുമുള്ള സംരംഭങ്ങളാണ് രൂപകല്പന ചെയ്തിട്ടുള്ളത്. സഹിഷ്ണുത, സത്യസന്ധത, ജുഡീഷ്യല്‍ പ്രക്രിയയിലുള്ള വിശ്വാസം എന്നിവ പ്രകടിപ്പിച്ച വ്യവഹാരികള്‍ തന്നെയാണ് വേഗത്തിലുള്ള പരിഹാരം സാധ്യമാക്കിയതെന്നും അഹമദ് അല്ഖത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.