റാസൽ ഖൈമ അന്താരാഷ്ട്ര വിമാനത്താവളം
റാസല്‍ഖൈമ: റാസൽ ഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ ടെർമിനൽ വരുന്നു. നവീന സംവിധാനങ്ങള്‍ സജ്ജീകരിച്ച് 30,000 ചതുരശ്ര അടി വിസ്തൃതിയിലാണ് പുതിയ ടെർമിനൽ നിർമിക്കുക. യു.എ.ഇയിലെ സുപ്രധാന വ്യോമയാന-വിനോദ കേന്ദ്രമായി റാസല്‍ഖൈമയുടെ സ്ഥാനം ഉറപ്പിക്കുകയെന്ന പ്രഖ്യാപിത നയത്തിലൂന്നിയായിരിക്കും പുതിയ ടെര്‍മിനലിന്റെ നിർമാണമെന്ന് സിവില്‍ ഏവിയേഷന്‍ വകുപ്പ്- റാക് എയര്‍പോര്‍ട്ട് ചെയര്മാന് എൻജിനീയര്‍ ശൈഖ് സാലിം ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി അഭിപ്രായപ്പെട്ടു. നിലവില്‍ അയ്യായിരത്തില്‍ താഴെ ചതുരശ്ര വിസ്തൃതിയുള്ള ഓരോ ആഗമന-പുറപ്പെടല്‍ ടെര്‍മിനലുകളാണ് റാക് വിമാനത്താവളത്തിലുള്ളത്.
കസ്റ്റംസ്, പൊലീസ്, പാസ്പോര്‍ട്ട് നിയന്ത്രണ സേവനങ്ങള്‍ മികച്ച രീതിയില്‍ പുതിയ ടെര്‍മിനലില്‍ യാത്രക്കാര്‍ക്ക് ലഭിക്കും. ഇലക്ട്രോണിക് ഗേറ്റുകള്‍ക്ക് പുറമെ ബഗേജുകള്‍ കൈകാര്യം ചെയ്യുന്നതിന് നൂതന സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസന പ്രവൃത്തികള്‍ക്കൊപ്പം അല്‍ മര്‍ജാന്‍ ഐലന്റ് കേന്ദ്രീകരിച്ച് നടക്കുന്ന പുതിയ റിസോര്‍ട്ട്-ഹോട്ടല്‍ നിര്‍മാണ പ്രവൃത്തികള്‍ വര്‍ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനുതകുന്നതാണ് വിമാനത്താവള വികസന പദ്ധതികള്‍. 2028ഓടെ ടെര്‍മിനലിന്റെ നിര്‍മാണം സമ്പൂര്‍ണമായി പൂര്‍ത്തീകരിക്കും. പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യകള്‍, ഊര്‍ജ സംരക്ഷണത്തിനുതകുന്ന എല്‍.ഇ.ഡി ലൈറ്റിങ്, ജിയോതെര്‍മല്‍ ഹീറ്റ് പമ്പുകള്‍, ജല പുനരുപയോഗ സംവിധാനങ്ങള്‍ തുടങ്ങിയവ പുതിയ ടെര്‍മിനലില്‍ ഉള്‍പ്പെടുത്തും. ഇതോടെ ഡെയ്നാസിന്റെ തെര്‍മോ ഡൈനാമിക് ഊര്‍ജ കാര്യക്ഷമത പിന്തുടരുന്ന മിഡില്‍ ഈസ്റ്റിലെ ആദ്യ ടെര്‍മിനലായി ഇത് മാറും.
യാത്രാ സേവനത്തിനൊപ്പം തന്നെ ചരക്ക് നീക്കത്തിനും റാസല്‍ഖൈമ വിമാനത്താവളത്തില്‍ വിപുല സൗകര്യങ്ങളുണ്ട്. പുതിയ സ്വകാര്യ എയര്‍ കാര്‍ഗോ ഓപറേറ്റര്‍ റാക് വിമാനത്താവളത്തെ അതിന്റെ പ്രാദേശിക കേന്ദ്രമായി തിരഞ്ഞെടുത്തിട്ടുണ്ട്. മരുന്നുകള്‍, കന്നുകാലികള്‍ ഉള്‍പ്പെടെയുള്ള കയറ്റിറക്കുമതികള്‍ ഇതുവഴി നടക്കുന്നു. വര്‍ധിച്ചുവരുന്ന സന്ദര്‍ശകരുടെയും സ്വകാര്യ ജെറ്റ് ഓപറേറ്റര്‍മാരുടെയും ആവശ്യം നിറവേറ്റുകയെന്ന ലക്ഷ്യത്തോടെ പ്രത്യേക ഹാംഗറുകളും വിമാന പാര്‍ക്കിങ് ഏരിയകളും ഉള്‍പ്പെടുന്ന സ്വകാര്യ ഏവിയേഷന്‍ ടെര്‍മിനലുകള്‍ സ്ഥാപിക്കുന്നതിന് ടെൻഡറുകള്‍ ക്ഷണിച്ചിട്ടുണ്ട്. പ്രമുഖ പങ്കാളിയെ ഉള്‍പ്പെടുത്തി വിമാന പരിപാലന കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള പദ്ധതിയും പുരോഗമിക്കുന്നു.
ഈ വര്‍ഷം ആദ്യ പാദത്തില്‍ 332,280 യാത്രികരാണ് റാസല്‍ഖൈമ വിമാനത്താവളം ഉപയോഗപ്പെടുത്തിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 28 ശതമാനം വര്‍ധന. വരും വര്‍ഷങ്ങളില്‍ മൂന്ന് ദശലക്ഷം സന്ദര്‍ശകരെ സ്വീകരിക്കാനാണ് റാക് വിമാനത്താവളം ലക്ഷ്യമിടുന്നത്. എയര്‍ അറേബ്യ, ഇന്‍ഡിഗോ, എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നിവയുള്‍പ്പെടെ നിരവധി കാരിയറുകളുടെ ആസ്ഥാനമാണ് റാക് എയര്‍പോര്‍ട്ട്. ഇന്ത്യ, കൈറോ, ജിദ്ദ, പാകിസ്താന്, മോസ്കോ, പ്രാഗ് തുടങ്ങിയയിടങ്ങളിലേക്ക് റാസല്‍ഖൈമയില്‍ നിന്ന് സര്‍വിസുകളുണ്ട്. കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങളിലേക്ക് നേരിട്ടുള്ള സര്‍വിസുകളും റാസല്ഖൈമയില്നിന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.