യു.​എ.​ഇ മ​ന്ത്രി​സ​ഭ യോ​ഗം

പൊതുജനാരോഗ്യ സംരക്ഷണം; ഏകോപനത്തിന് പുതിയ കമ്മിറ്റി

അബൂദബി: പൊതുജനാരോഗ്യ സംരക്ഷണത്തിന് നേതൃത്വം നൽകുന്ന പുതിയ കമ്മിറ്റിക്ക് രൂപംനൽകി യു.എ.ഇ മന്ത്രിസഭ. രോഗവ്യാപനം തടയുന്നതിനും പകർച്ചവ്യാധികളടക്കം കൃത്യമായി പ്രതിരോധിക്കുന്നതിനും ആരോഗ്യ സംവിധാനങ്ങളെ ഏകോപനത്തോടെ മുന്നോട്ടുകൊണ്ടുപോവുകയാണ് ദേശീയ പബ്ലിക് ഹെൽത്ത് കമ്മിറ്റിയുടെ ലക്ഷ്യം.

അതോടൊപ്പം യു.എ.ഇ ആരോഗ്യ കൗൺസിൽ പുനഃസംഘടിപ്പിക്കാനും മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നൽകി.

യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്‍റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.

ജനങ്ങളെയും സമൂഹത്തെയും ബാധിക്കുന്ന എല്ലാ ആരോഗ്യസംബന്ധമായ വെല്ലുവിളികളെയും നേരിടുന്നതിന് തയാറെടുപ്പും സംവിധാനങ്ങളും ഒരുക്കുന്നതിന് കമ്മിറ്റിക്കായിരിക്കും ഉത്തരവാദിത്തം.

ആരോഗ്യമന്ത്രി അബ്ദുറഹ്മാൻ അൽഉവൈസിയാണ് കമ്മിറ്റി ചെയർമാൻ. അടിയന്തര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് ആസൂത്രണം നടത്തേണ്ടതടക്കമുള്ള ചുമതലകളും സമിതിക്കുണ്ട്.

ആരോഗ്യ മന്ത്രാലയം, ആരോഗ്യ അതോറിറ്റികൾ, മറ്റു സ്ഥാപനങ്ങൾ എന്നിവയെ ഏകോപിപ്പിക്കുകയും ഗവേഷണങ്ങൾക്കും പഠനങ്ങൾക്കും മേൽനോട്ടം വഹിക്കുകയും ചെയ്യും. പുനഃസംഘടിപ്പിച്ച ആരോഗ്യ കൗൺസിലിന്‍റെ ചെയർമാനും ആരോഗ്യ മന്ത്രിയായിരിക്കും.

ഫെഡറൽതലത്തിലും പ്രാദേശികതലത്തിലും ആരോഗ്യമേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും ഈ മേഖലയുമായി ബന്ധപ്പെട്ട നിയമനിർമാണവും കൗൺസിലിന്‍റെ ചുമതലയാണ്.

Tags:    
News Summary - public health protection; New committee for coordination

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.