ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ
അബൂദബി: കഴിഞ്ഞ മാസം രാജ്യത്തെ വിവിധ എമിറേറ്റുകളിൽ പ്രതിഷേധിക്കുകയും പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്ത സംഭവത്തിൽ ശിക്ഷിക്കപ്പെട്ട ബംഗ്ലാദേശികൾക്ക് മാപ്പ് നൽകി യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. ശിക്ഷ റദ്ദാക്കി നാടുകടത്താനുള്ള നടപടി സ്വീകരിക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്.
നിർദേശത്തിന്റെ അടിസ്ഥാനത്തിൽ യു.എ.ഇ അറ്റോണി ജനറൽ ഡോ. ഹമദ് അൽ ശംസി ശിക്ഷനടപടികൾ നിർത്തിവെക്കാനും നാടുകടത്തൽ നടപടികൾ ആരംഭിക്കാനും ഉത്തരവിട്ടിട്ടുണ്ട്.
പ്രതിഷേധങ്ങളെത്തുടർന്ന് അതിവേഗം നിയമ നടപടി സ്വീകരിച്ച ശേഷം കോടതി വിചാരണയെത്തുടർന്ന് മൂന്നുപേർക്ക് ജീവപര്യന്തം തടവും 53 പേർക്ക് 10 വർഷം തടവും നാടുകടത്തലും ഒരാൾക്ക് 11 വർഷം തടവും നാടുകടത്തലുമായിരുന്നു ശിക്ഷ വിധിച്ചത്.
അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള അവകാശത്തിന് രാഷ്ട്രവും അതിന്റെ നിയമ ചട്ടക്കൂടും സംരക്ഷണം നൽകുന്നുവെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട്, യു.എ.ഇയിലെ എല്ലാ താമസക്കാരും നിയമങ്ങളെ മാനിക്കണമെന്ന് അറ്റോണി ജനറൽ ആവശ്യപ്പെട്ടു.
രാജ്യത്തിന്റെയും ജനങ്ങളുടെയും താൽപര്യങ്ങൾക്ക് ഹാനികരമാകുന്ന പ്രവർത്തനങ്ങളായി ഈ അവകാശം മാറുന്നില്ലെന്ന് ഉറപ്പാക്കിക്കൊണ്ട്, കാഴ്ചപ്പാടുകൾ പ്രകടിപ്പിക്കുന്നതിന് നിയമപരമായ മാർഗങ്ങൾ ഭരണകൂടം ഒരുക്കുന്നുണ്ടെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
വിവിധ സ്ഥലങ്ങളിൽ കൂട്ടംകൂടി പ്രതിഷേധിച്ച ബംഗ്ലാദേശ് പൗരൻമാർക്ക് അബൂദബി ഫെഡറൽ അപ്പീൽ കോടതിയാണ് ശിക്ഷ വിധിച്ചിരുന്നത്. ബംഗ്ലാദേശിൽ നടക്കുന്ന സംവരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ടാണ് പ്രതികൾ യു.എ.ഇയിൽ പ്രതിഷേധിച്ചത്.
30 പേരടങ്ങുന്ന അന്വേഷ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പൊതുസ്ഥലത്ത് ഒത്തുകൂടൽ, അസമാധാനം ഉണ്ടാക്കൽ, പൊതു സുരക്ഷ തടസ്സപ്പെടുത്തൽ, ഒത്തുചേരലുകളും പ്രതിഷേധങ്ങളും പ്രോത്സാഹിപ്പിക്കുന്ന ഓഡിയോ വിഷ്വൽ ദൃശ്യങ്ങൾ ഓൺലൈനിൽ റെക്കോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യൽ എന്നിവയിലെ പങ്കാളിത്തം സ്ഥിരീകരിച്ചതോടെയാണ് പ്രതികളെ വിചാരണക്ക് വിധേയരാക്കിയത്. പ്രതികളിൽ പലരും തങ്ങൾ ആരോപിക്കപ്പെട്ട കുറ്റങ്ങൾ സമ്മതിച്ചിരുന്നു. കോടതി കുറ്റത്തിന് മതിയായ തെളിവുകൾ കണ്ടെത്തിയതോടെയാണ് ശിക്ഷ വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.