ദുബൈ: ഓൺലൈൻ ഇടപാടിലൂടെ കള്ളപ്പണം വെളുപ്പിച്ച കേസിൽ കേസിൽ മുപ്പതംഗ സംഘത്തിന് 96 വർഷം തടവും 320 ലക്ഷം ദിർഹം പിഴയും ശിക്ഷ. ദുബൈയിലെ കള്ളപ്പണം വെളുപ്പിക്കലിനെതിരായ കേസുകൾ കൈകാര്യം ചെയ്യുന്ന കോടതിയാണ് വിധി പ്രസ്താവിച്ചത്. തട്ടിപ്പിന് കൂട്ടുനിന്ന ഏഴ് സ്ഥാപനങ്ങളിൽനിന്നായി ഏഴു ലക്ഷം ദിർഹം പിഴ ഈടാക്കാനും കോടതി ഉത്തരവിട്ടു. പിഴ അടക്കാനായില്ലെങ്കിൽ പ്രതികളുടെ ആസ്തികളും പണവും കോടതി കണ്ടുകെട്ടും. തട്ടിപ്പിനായി ഇവർ ഉപയോഗിച്ച കമ്പ്യൂട്ടറുകളും ഫോണുകളും പിടിച്ചെടുക്കാനും കോടതി നിർദേശിച്ചു. ശിക്ഷ കാലാവധിക്ക് ശേഷം പ്രതികളെ നാടുകടത്തും.
മുപ്പതംഗ സംഘം ഓൺലൈൻ തട്ടിപ്പിലൂടെ 32 ദശലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായി ദുബൈ പബ്ലിക് പ്രോസിക്യൂഷൻ നേരത്തേ കണ്ടെത്തിയിരുന്നു. തുടർന്ന് കേസ് കള്ളപ്പണം വെളുപ്പിക്കലിനെതിരായ കോടതിക്ക് കൈമാറുകയായിരുന്നു. ഇരകളോട് പണം അയക്കാൻ ആവശ്യപ്പെട്ട് 118,000 ഫിഷിങ് ഇ-മെയിലുകളാണ് തട്ടിപ്പ് അയച്ചത്. ഇരകൾക്ക് ബിസിനസ് ബന്ധമുള്ള ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും പേരിലായിരുന്നു വ്യാജ ഇ-മെയിലുകൾ അയച്ചിരുന്നതെന്ന് മുതിർന്ന അഡ്വക്കറ്റ് ജനറലും പബ്ലിക് ഫണ്ട് പ്രോസിക്യൂഷൻ മേധാവിയുമായ കൗൺസിലർ ഇസ്മായിൽ മദനി പറഞ്ഞു.
ഇരകൾ അക്കൗണ്ടുകളിലേക്ക് അയക്കുന്ന പണം സംഘം പിൻവലിക്കുകയോ മറ്റ് അക്കൗണ്ടുകളിലേക്ക് മാറ്റുകയോ ചെയ്യും. ചിലർ ഉറവിടം കാണിക്കാനായി ഉപയോഗിച്ച കാറുകളും മറ്റും വാങ്ങുകയാണ് ചെയ്തതെന്നും ഇസ്മായിൽ മദനി പറഞ്ഞു. ഓൺലൈൻ വഴി തട്ടിപ്പിലൂടെ കള്ളപ്പണം വെളുപ്പിക്കുന്ന സംഘങ്ങൾക്കെതിരെ കർശന നടപടിയെടുക്കാനാണ് പൊലീസ് തീരുമാനം. കള്ളപ്പണം വെളുപ്പിക്കുന്നത് രാജ്യത്തെ സമ്പദ്വ്യവസ്ഥയിൽ കടുത്ത ആഘാതമാണ് ഏൽപിക്കുന്നത്. ഇത്തരം സംഘങ്ങളെ കണ്ടെത്താനുള്ള കൂട്ടായ പരിശ്രമത്തിൽ പങ്കാളികളായ സ്ഥാപനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.