ഇത്​ ദുബൈയുടെ കരുണ; എഴുതിത്തള്ളിയത്​ ഒന്നര കോടിയുടെ ആശുപത്രി ബിൽ, മനോജ്​ നാളെ​ നാടണയും

ദുബൈ: അന്നം തേടിയെത്തിയവരെ ഹൃദയത്തോട്​ ചേർത്തുവെക്കുന്ന ദുബൈയുടെ കാരുണ്യത്തിൽ തൃശൂർ അയ്യന്തോൾ സ്വദേശി മനോജ്​ നെല്ലിപ്പറമ്പിൽ വെള്ളിയാഴ്ച​ നാടണയും. നാല്​ വർഷത്തെ ചികിത്സയും കേസുകളും തീർത്ത ഏഴ്​ ലക്ഷം ദിർഹമിന്‍റെ (ഏകദേശം ഒന്നര കോടി രൂപ) ആശുപ​ത്രി ബില്ലും പിഴയും എഴുതിത്തള്ളിയാണ്​ ഈ 49കാരനെ നാട്ടിലേക്ക്​ അയക്കുന്നത്​​. ദുബൈ സർക്കാരിന്​ കീഴിലുള്ള റാശിദ്​ ഹോസ്പിറ്റലിലായിരുന്നു ചികിത്സ.

യു.എ.ഇയിലെ പ്രശസ്തമായ ബാങ്കിൽ അസിസ്റ്റന്‍റ്​ മാനേജരായിരുന്ന മനോജിന്​​ നാല്​ വർഷമായി ദുരിതങ്ങളുടെ പെരുമഴയായിരുന്നു. മികച്ച ശമ്പളത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടെയാണ്​ 2018ൽ ജോലി നഷ്ടമാകുന്നത്​. ഇതോടെ സാമ്പത്തിക പ്രതിസന്ധിയിലായ മനോജ്​ പുതിയ ജോലി അന്വേഷിക്കുമ്പോഴാണ്​ പെട്ടന്നൊരു ദിവസം തളർന്നുവീഴുകയും ബോധം നഷ്ടപ്പെടുകയും ചെയ്തത്​. ഇത് ഇയാളുടെ വലത് തുടയെല്ലിന് പൊട്ടലുണ്ടാക്കി. ദുബൈയിലെ റാഷിദ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക്​ വിധേയനാക്കി.

ആശുപത്രിയിലും റൂമിലും ചെലവഴിച്ച മനോജിനെ കുറിച്ച്​ വിവരം ഇല്ലാതായതോടെ മുൻപ്​ ജോലി ചെയ്തിരുന്ന ബാങ്ക്​ ഇദ്ദേഹത്തിനെതിരെ കേസ്​ ഫയൽ ചെയ്തു. പഴയ ബാങ്കിന്‍റെ വിസയിലായിരുന്ന ഇദ്ദേഹം 'ഒളിച്ചോടി' എന്ന പേരിലായിരുന്നു കേസ്​. ബാങ്കിൽ നിന്നെടുത്ത വായ്പയും ക്രെഡിറ്റ്​ കാർഡ്​ തുകയും തിരിച്ചടക്കാതെ വന്നതോടെ മറ്റൊരു കേസും കൊടുത്തു. താമസിച്ചിരുന്ന ഫ്ലാറ്റിലും ഹോട്ടൽ അപ്പാർട്ട്​മെന്‍റിലും നൽകിയ ചെക്ക് ബാങ്കിൽ പണമില്ലാതെ മടങ്ങിയതോടെ വീണ്ടും കേസായി. ഇതിനിടെ പാസ്പോർട്ടും എമിറേറ്റ്സ് ഐ.ഡിയും നഷ്ടപ്പെട്ടു. നാട്ടിലായിരുന്ന അമ്മക്ക്​ ശസ്ത്രക്രിയ വേണ്ടി വന്നതും അഛന്​ കാൻസറാണെന്നറിഞ്ഞതും അഛൻ മരിച്ചതും ഈ കാലയളവിലായിരുന്നു. കേസും ചികിത്സയുമുള്ളതിനാൽ ഈ സമയത്തൊന്നും നാട്ടിൽ പോകാൻ കഴിഞ്ഞില്ല.


കാലിന്‍റെ കഠിനമായ വേദനയെ തുടർന്ന്​ ദുബൈ റാശിദ്​ ഹോസ്പിറ്റലിൽ ​വീണ്ടും എത്തിച്ചപ്പോൾ ഇടുപ്പ്​ മാറ്റിവെക്കൽ ശസ്ത്രക്രിയ നിർദേശിച്ചു. ലക്ഷം ദിർഹം (20 ലക്ഷം രൂപ) ചെലവ്​ വരുന്ന ഈ ചികിത്സ നടത്താനുള്ള സാമ്പത്തികാവസ്ഥ ഉണ്ടായിരുന്നില്ലെങ്കിലും സാമൂഹിക പ്രവർത്തകരുടെ വാക്കിന്‍റെ അടിസ്ഥാനത്തിൽ ആശുപത്രിയിൽ ശസ്ത്രക്രിയ നടന്നു. തുടർന്ന്​, സാമൂഹിക പ്രവർത്തകൻ മുബാറക് അരീക്കാടന്‍റെ നേതൃത്വത്തിൽ ഇദ്ദേഹത്തെ നാടിലെത്തിക്കാൻ ശ്രമം തുടങ്ങി. നിയമക്കുരുക്കുകൾ ഓരോന്നായി അഴിച്ചു. പഴയ പാസ്​പോർട്ടിന്​ പകരം പുതിയ പാസ്​പോർട്ടിന്​ അപേക്ഷ നൽകി. എന്നാൽ, ആഴ്ചകൾ പിന്നിട്ടിട്ടും പാസ്പോർട്ട് ലഭിക്കാതായപ്പോഴാണ്​ നാട്ടിൽ ഭാര്യ നൽകിയ മറ്റൊരു കേസാണ്​ തടസം എന്നറിയുന്നത്​.

നാട്ടിൽ അഭിഭാഷകനെ നിയോഗിച്ച്​ ഈ കേസ്​ ഒഴിവാക്കാനാവശ്യമായ ശ്രമങ്ങൾ നടത്തി. കഴിഞ്ഞ ജൂൺ 25ന്​ വീണ്ടും ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന്​ റാശിദ്​ ആശുപത്രിയിൽ ​പ്രവേശിപ്പിച്ചു. രണ്ടര മാസത്തോളം സർജിക്കൽ ഐ.സിയുവിൽ വെന്‍റിലേറ്ററിന്‍റെ സഹായത്തോടെ ചികിത്സയിൽ കിടന്നു. വലത് കാലിനുണ്ടായിരുന്ന മുറിവ് അണുബാധയെ തുടർന്ന്​ വഷളാവുകയും കാൽ മുട്ടിനു താഴെ മുറിച്ചു മാറ്റുകയും ചെയ്‌തു. വൃക്ക ഉൾപ്പെടെ ആന്തരികമായ പല അവയവങ്ങളും തകരാറിലായി. ആഴ്ചയിൽ രണ്ടു തവണ ഡയാലിസിസ് ചെയ്യുന്നുണ്ട്​. റാശിദ്​ ഹോസ്പിറ്റലിലെ വിദഗ്ധ ഡോക്ടർമാരുടെ പ്രയത്നത്തെ തുടർന്ന്​ മനോജിന്‍റെ നിലമെച്ചപ്പെടുകയും ഡിസ്​ചാർജ്​ ചെയ്യാം എന്നറിയിക്കുകയും ചെയ്തു.

ചികിൽസ ചിലവ് ഇനത്തിൽ 5.35 ലക്ഷം ദിർഹമായിരുന്നു ആശുപത്രിയിൽ അടക്കേണ്ടത്​. വിസയില്ലാതെ ഇവിടെ കഴിഞ്ഞതിന്‍റെ പേരിൽ 1.10 ലക്ഷം ദിർഹം പിഴയും അടക്കേണ്ടിയിരുന്നു. മനോജിന്‍റെ ദുരവസ്ഥ വിശദീകരിച്ച്​ ദുബൈ സർക്കാരിന്​ നൽകിയ അപേക്ഷ പരിഗണിച്ചാണ്​ ആശുപത്രി ബില്ലും പിഴയും എഴുതിത്തള്ളി നാട്ടിലേക്കയക്കാൻ തീരുമാനമായത്​. പരസഹായമില്ലാതെ നടക്കാൻ പോലും കഴിയാതിരുന്ന മനോജിനെ നാല്​ വർഷമായി സഹായിച്ചത്​ സുഹൃത്തുകളായ പ്രവാസികളായിരുന്നു. ഹോസ്പിറ്റലിലെ കേസ് മാനേജ്മെന്‍റ്​ ടീമിലെ അസീസാ എന്ന ഉദ്യോഗസ്ഥയുടെ സഹായവും വിലമതിക്കാനാവാത്തതാണെന്ന്​ മുബാറക്​ അരിക്കാടൻ പറയുന്നു.

യു.എ.ഇ കെ.എം.സി.സി പ്രസിഡന്‍റ്​ പുത്തൂർ റഹ്മാൻ, ജനറൽ സെക്രട്ടറി പി.കെ. അൻവർ നഹ, ബെന്നി ജോർജ് (വാൾ മിഡിൽ ഈസ്റ്റ്), പി.വി. ജാബിർ അബ്ദുൽ വഹാബ് (ബ്രിഡ്‌ജ്‌ വേ), സമീർ ഹാജി (ഫ്‌ളെക്‌സി), അഷ്‌റഫ് തോട്ടോളി (ദുബൈ കെ.എം.സി.സി) തുടങ്ങിയവരും മനോജിനെ നാട്ടിലെത്തിക്കാനുള്ള യജ്ഞത്തിൽ പങ്കാളികളായി. വെള്ളിയാഴ്ച​ പുലർച്ചയുള്ള വിമാനത്തിൽ മനോജ്​ നാട്ടിലെത്തും.

Tags:    
News Summary - one and a half crores hospital bill written off at Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.