അജ്മാന്: അജ്മാനില്‍ സ്കൂള്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥികൾക്ക് പരിക്കില്ലെന്ന് പൊലീസ് അറിയിച്ചു. അജ്മാനിലെ അൽ മുവൈഹത്ത് പ്രദേശത്താണ് രണ്ട് സ്കൂള്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചത്. പൊലീസ് പട്രോളിങ് ഉടൻതന്നെ സ്ഥലത്തെത്തി പ്രദേശം സുരക്ഷിതമാക്കുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തു. അൽ മുവൈഹത്ത് പ്രദേശത്തെ സ്കൂൾവിട്ട് വിദ്യാർഥികൾ മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ഒരു ബസിന്റെ പിറകിൽ മറ്റൊന്ന് ഇടിക്കുകയായിരുന്നു. ബസുകള്‍ വലിയ വേഗതയില്‍ അല്ലാതിരുന്നതിനാല്‍ വൻ അപകടം ഒഴിവായി. മുൻകരുതൽ നടപടിയായി നാഷനൽ ആംബുലൻസ് മെഡിക്കൽ പരിശോധനകൾ നടത്തുകയും വിദ്യാർഥികളുടെ ആരോഗ്യം പരിശോധിക്കുകയും ചെയ്തതായി ട്രാഫിക് ആൻഡ് പട്രോൾസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ലഫ്റ്റനന്റ് കേണൽ റാഷിദ് ഹുമൈദ് ബിൻ ഹിന്ദി പറഞ്ഞു. വിദ്യാർഥികൾക്ക് ആർക്കും പരിക്കില്ലെന്നും അപകടമുണ്ടാക്കിയ ഡ്രൈവർക്കെതിരെ പൊലീസ് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം സ്ഥിരീകരിച്ചു. സുരക്ഷിതമായ അകലം പാലിക്കാൻ ഡ്രൈവർമാരോട്, പ്രത്യേകിച്ച് സ്കൂൾ ബസ് ഡ്രൈവർമാരോടും അദ്ദേഹം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.