അബൂദബിയില്‍ ഒമ്പത് ചാര്‍ട്ടര്‍ സ്‌കൂളുകള്‍ സെപ്റ്റംബറില്‍ തുറക്കും

അബൂദബി: 2022-2023 അക്കാദമിക് വര്‍ഷത്തിന്‍റെ തുടക്കത്തോടെ സെപ്റ്റംബറില്‍ അബൂദബിയില്‍ ഒമ്പത് ചാര്‍ട്ടര്‍ സ്‌കൂളുകള്‍ തുറക്കുന്നു. ഇവിടെ ആകെ 12,000 വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനാവും. വിവിധ വിഭാഗങ്ങളിലായി 139 സ്വദേശികള്‍ക്ക് ഈ സ്‌കൂളുകളില്‍ ജോലി ലഭിക്കും.

സര്‍ക്കാര്‍ കെട്ടിടം നിര്‍മിക്കുകയും സ്വകാര്യ പങ്കാളിക്ക് നടത്തിപ്പിന് കൊടുക്കുകയും ചെയ്യുന്ന പൊതു-സ്വകാര്യ മാതൃകയിലാവും ചാര്‍ട്ടര്‍ സ്‌കൂളുകളും പ്രവര്‍ത്തിക്കുക. ഈ സ്‌കൂളുകളില്‍ സ്വദേശി വിദ്യാര്‍ഥികള്‍ക്ക് പഠനം സൗജന്യമാണ്. താമസകേന്ദ്രങ്ങള്‍ക്ക് അടുത്തുള്ള സ്‌കൂളുകള്‍ ഇവര്‍ക്ക് പഠനത്തിനായി തെരഞ്ഞെടുക്കാനാവും. നിലവില്‍ അബൂദബിയില്‍ 15 ചാര്‍ട്ടര്‍ സ്‌കൂളും അല്‍ഐനില്‍ ഏഴ് ചാര്‍ട്ടര്‍ സ്‌കൂളുമുണ്ട്. ഈ സ്‌കൂളുകളിലായി 30,198 ഇമാറാത്തി വിദ്യാര്‍ഥികളാണ് പഠിക്കുന്നത്. അതേസമയം പുതുതായി പ്രഖ്യാപിച്ച ചാര്‍ട്ടര്‍ സ്‌കൂളുകള്‍ എവിടെയൊക്കെയാണ് തുടങ്ങുകയെന്ന വിവരം അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

സായിദ് സിറ്റിയില്‍ മൂന്ന് പുതിയ ചാര്‍ട്ടര്‍ സ്‌കൂളുകള്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. 2024 സെപ്റ്റംബറോടെ പ്രവര്‍ത്തനം തുടങ്ങുന്ന ഈ സ്‌കൂളുകളില്‍ 5360 കുട്ടികളെ പ്രവേശിപ്പിക്കാനാവും.

അതേസമയം, വരുന്ന അധ്യയനവര്‍ഷം മുതല്‍ വീടുകള്‍ക്കു സമീപമുള്ള സര്‍ക്കാര്‍ സ്‌കൂളുകളില്‍ ചേര്‍ന്നുപഠിക്കാന്‍ സ്വദേശികളുടെയും അര്‍ഹരായ പ്രവാസികളുടെയും മക്കള്‍ക്ക് അവസരമൊരുക്കുമെന്ന് എമിറേറ്റ്‌സ് സ്‌കൂള്‍സ് എസ്റ്റാബ്ലിഷ്‌മെന്റ് അറിയിച്ചിരുന്നു.

സ്വകാര്യ മേഖലയുമായി സഹകരിച്ചാണ് 2022-23 അധ്യയന വര്‍ഷത്തില്‍ പുതിയ മാതൃക സര്‍ക്കാര്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുക. അവരവരുടെ താമസകേന്ദ്രങ്ങള്‍ക്കു സമീപം ഉചിതമായ സ്‌കൂളുകള്‍ മക്കള്‍ക്കുവേണ്ടി തെരഞ്ഞെടുക്കാന്‍ മാതാപിതാക്കള്‍ക്ക് അവസരമൊരുക്കുന്നതാണ് തീരുമാനം.

മറ്റ് സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് സമാനമായിരിക്കും പുതിയ മാതൃക സ്‌കൂളുകളുടെ പ്രവര്‍ത്തനസമയവും അക്കാദമിക് കലണ്ടറും. ഇമാറാത്ത് സ്‌കൂള്‍സ് എസ്റ്റാബ്ലിഷ്‌മെന്‍റിന്‍റെ കീഴിൽ പത്ത് സ്‌കൂളുകളില്‍ ഒന്നുമുതല്‍ നാലാംതരം വരെയുള്ള കുട്ടികള്‍ക്കാണ് പുതിയ സംവിധാനത്തിന്‍റെ ഗുണം ലഭിക്കുക. 2024ഓടെ അഞ്ചും ആറും ക്ലാസുകളില്‍കൂടി പദ്ധതി നീട്ടും.

Tags:    
News Summary - Nine charter schools to open in Abu Dhabi in September

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.