കാർഷിക മേഖലയുടെ വികസനത്തിന് പുതിയ പദ്ധതി

അബൂദബി: അബൂദബിയിലെ കാർഷിക മേഖലയുടെ വികസനത്തിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും പുതിയ പദ്ധതിക്ക് അബൂദബി കാര്‍ഷിക, ഭക്ഷ്യസുരക്ഷ അതോറിറ്റി (എ.ഡി.എ.എഫ്.എസ്.എ) തുടക്കം കുറിച്ചു. ഇതിന്‍റെ ഭാഗമായി സംയോജിത ഭക്ഷ്യസുരക്ഷ, കാര്‍ഷിക ഡേറ്റ പ്ലാറ്റ്‌ഫോം വികസിപ്പിക്കും. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി. അബൂദബിയിലെ കാര്‍ഷിക, ഭക്ഷ്യ മേഖലക്കാവശ്യമായ വിവരങ്ങൾ കൈമാറാൻ സഹായിക്കുന്ന പദ്ധതി സുസ്ഥിരമായ കാര്‍ഷിക വികസനത്തെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിടുന്നു. പ്രാദേശിക കാര്‍ഷിക ഉൽപാദനം, വ്യാപാരം, നിക്ഷേപം, ഭാവി ഉൽപാദനം, ഭക്ഷ്യശേഖരത്തിന്‍റെ അളവ്, ഭക്ഷ്യനഷ്ടം-മാലിന്യ നിരക്ക് തുടങ്ങിയവ ഈ പ്ലാറ്റ്‌ഫോമില്‍ കാണിക്കും.

കന്നുകാലികള്‍, സസ്യങ്ങളുടെ ആരോഗ്യം, കീടനിയന്ത്രണ പദ്ധതികള്‍, മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്ക് പടരുന്ന രോഗങ്ങള്‍ക്കെതിരായ വാക്‌സിനേഷന്‍ പദ്ധതികള്‍ തുടങ്ങിയവയുടെ ഡേറ്റകളും പ്ലാറ്റ്‌ഫോം നിരീക്ഷിക്കും. കൃത്യമായ വിവര അവലോകനത്തിലൂടെ ഭക്ഷ്യവസ്തുക്കളുടെ ഉല്‍പാദനത്തെക്കുറിച്ചും ഉപഭോഗത്തെക്കുറിച്ചും ശാസ്ത്രീയമായ പ്രവചനങ്ങള്‍ നടത്താന്‍ പ്ലാറ്റ്‌ഫോമിനാവും. ഉൽപാദനവും ഉപയോഗവും വിശകലനം ചെയ്യുകയും നിലവിലെ ഭക്ഷ്യശേഖരം പരിശോധിക്കുകയും ചെയ്യും.

ആഭ്യന്തരവും പ്രാദേശികവുമായ വിലനിലവാരം വിശകലനം ചെയ്യുന്ന പ്ലാറ്റ്‌ഫോം ഇറക്കുമതി ചെയ്യേണ്ടിവരുന്ന ഭക്ഷ്യവസ്തുക്കളെ എത്രമാത്രം ആശ്രയിക്കേണ്ടിവരുമെന്നും കാണിക്കും. കൃതൃമായ ആസൂത്രണത്തോടെ കന്നുകാലി, കാര്‍ഷിക ഉൽപാദന മേഖലയില്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നതുകൊണ്ടുതന്നെ ഓരോ വര്‍ഷവും ഗണ്യമായ വളര്‍ച്ചയാണ് അബൂദബി എമിറേറ്റിലുണ്ടാവുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2020ല്‍ അബൂദബിയിൽ കന്നുകാലി, കാര്‍ഷിക ഉൽപാദന മേഖലയില്‍ 13.7 ബില്യന്‍ ദിര്‍ഹമിന്‍റെ വളര്‍ച്ച നേടിയതായി അധികൃതര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. 2019നെ അപേക്ഷിച്ച് 12 ശതമാനം വളര്‍ച്ചയാണ് 2020ല്‍ അബൂദബി കരസ്ഥമാക്കിയത്.

2020ലെ മികച്ച വളര്‍ച്ചയിലൂടെ അബൂദബിയുടെ മൊത്ത ആഭ്യന്തര ഉൽപാദനത്തിലേക്ക് കാര്‍ഷിക മേഖലയില്‍നിന്ന് ലഭിച്ച സംഭാവന 1.1 ശതമാനം ആയിരുന്നു. അതിനുമുമ്പുള്ള വര്‍ഷമിത് 0.8 ശതമാനമായിരുന്നു. അബൂദബി സ്റ്റാറ്റിസ്റ്റിക്സ് സെന്ററുമായി സഹകരിച്ച് എ.ഡി.എ.എഫ്.എസ്.എ നടത്തിയ വിവര ശേഖരണത്തില്‍ 2020ലെ ആകെ കാര്‍ഷിക ഉല്‍പാദനം 7,0,7,774 ടണ്‍ ആണെന്നു കണ്ടെത്തി. ഇതില്‍ 59.6 ശതമാനവും (4,21,524 ടണ്‍) വിള ഉൽപാദനമായിരുന്നു. 2017നെ അപേക്ഷിച്ച് 33 ശതമാനം വര്‍ധനവാണ് 2020ല്‍ വിള ഉൽപാദനത്തിലുണ്ടായത്. കന്നുകാലി ഉൽപാദനത്തില്‍ 27 ശതമാനം വര്‍ധനവാണുണ്ടായത്. 2,86,250 ടണ്‍ ആയിരുന്നു കന്നുകാലി ഉൽപാദനം.

Tags:    
News Summary - New plan for the development of the agricultural sector

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.