യു.എ.ഇ ഫെഡറൽ നാഷനൽ കൗൺസിൽ: മൃതദേഹസംസ്കാരം; പുതിയ കരട് നിയമത്തിന് അംഗീകാരം
അബൂദബി: രാജ്യത്തെ ശ്മശാനങ്ങളിൽ മൃതദേഹങ്ങൾ സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ നിയന്ത്രിക്കുന്നതിനുള്ള കരട് നിയമത്തിന് യു.എ.ഇ ഫെഡറൽ നാഷനൽ കൗൺസിൽ (എഫ്.എൻ.സി) അംഗീകാരം നൽകി. മൃതദേഹങ്ങൾ വഹിച്ചുകൊണ്ടു പോകൽ, കുളിപ്പിക്കൽ, സംസ്കരിക്കൽ എന്നിവ ഉൾപ്പെടെ ശ്മശാനങ്ങളും ശ്മശാന നടപടികളും നിയന്ത്രിക്കുകയാണ് പുതിയ കരട് നിയമം ലക്ഷ്യമിടുന്നത്. നിയമം ലംഘിക്കുന്നവർക്കുള്ള പിഴകളും ശ്മശാനങ്ങളുടെ നിരീക്ഷണം, പരിശോധന, കാവൽ എന്നിവയുമായി ബന്ധപ്പെട്ട അധികാരികൾക്കുള്ള ചട്ടങ്ങളും കരട് നിയമത്തിൽ പ്രത്യേകം നിർവചിച്ചിട്ടുണ്ട്.
എഫ്.എൻ.സി സ്പീക്കർ സഖർ ഗോബാഷിെൻറ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിലാണ് കരടു നിയമം അംഗീകരിച്ചത്. യു.എ.ഇ ഉപ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ലഫ്റ്റനൻറ് ജനറൽ ശൈഖ് സെയ്ഫ് ബിൻ സായിദ് അൽ നഹ്യാൻ, ആരോഗ്യ രോഗ പ്രതിരോധ മന്ത്രിയും ഫെഡറൽ നാഷനൽ കൗൺസിൽ അഫയേഴ്സ് സഹമന്ത്രിയുമായ അബ്്ദുൽ റഹ്മാൻ ബിൻ മുഹമ്മദ് ബിൻ നാസർ അൽ ഒവൈസ്, ദുബൈ പൊലീസ് ആൻഡ് പബ്ലിക് സെക്യൂരിറ്റി ഡെപ്യൂട്ടി ചെയർമാൻ ലഫ്റ്റനൻറ് ജനറൽ ദാഹി ഖൽഫാൻ തമീം, ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലഫ്റ്റനൻറ് ജനറൽ സെയ്ഫ് അബ്്ദുല്ല അൽ ഷാഫർ, ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് ലഫ്റ്റനൻറ് ജനറൽ അബ്്ദുല്ല ഖലീഫ അൽ മാരി, ഒട്ടേറെ മുതിർന്ന പോലീസ്, സിവിൽ ഡിഫൻസ് ഓഫിസർമാർ എന്നിവരും എഫ്.എൻ.സി സമ്മേളനത്തിൽ പങ്കെടുത്തു.
കരടു നിയമത്തിൽ പ്രതിപാദിക്കുന്ന ലംഘനങ്ങളും പിഴകളും
•മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളിൽ വീഴ്ച വരുത്തിയാൽ ഒരു വർഷം തടവോ 10,000 മുതൽ ഒരു ലക്ഷം ദിർഹം വരെ പിഴയോ അല്ലെങ്കിൽ രണ്ടു ശിക്ഷയും ഒന്നിച്ചോ അനുഭവിക്കണം.
•അധികൃതർ നിശ്ചയിച്ച സ്ഥലത്തല്ലാതെ മൃതദേഹം സംസ്കരിക്കാൻ സ്ഥലം തയാറാക്കുന്നവർക്ക് ഒരു വർഷം തടവും 20,000 ദിർഹം വരെ പിഴയും ലഭിക്കും.
•മൃതദേഹം യു.എ.ഇയിൽ നിന്ന് വിദേശ രാജ്യത്തേക്ക് കൊണ്ടുപോകാനോ മറ്റു രാജ്യങ്ങളിൽ നിന്ന് യു.എ.ഇയിൽ കൊണ്ടുവരാനോ അനുമതി ആവശ്യമാണ്. നിയമം ലംഘിക്കുന്നവർക്ക് ഒരു ലക്ഷം ദിർഹം വരെ പിഴ ലഭിക്കാം.
•മൃതദേഹം സംസ്കരിച്ച സ്ഥലമോ, ശ്മശാനമോ നശിപ്പിക്കാനുള്ള ഏതൊരു ശ്രമത്തിനും ഒരു ലക്ഷം മുതൽ രണ്ടു ലക്ഷം ദിർഹം വരെ പിഴയും അഞ്ചു വർഷം വരെ തടവും ലഭിക്കും.
•ശ്മശാന സ്ഥലത്ത് കെട്ടിടം നിർമിക്കുകയോ സെമിത്തേരിയിൽ മാറ്റങ്ങൾ വരുത്തുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ്.
•പെർമിറ്റ് ലഭിക്കാതെ രാജ്യത്ത് മൃതദേഹം കൊണ്ടുവരുന്നതും ശിക്ഷാർഹമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.