‘നമ്മുടെ സ്വന്തം മാമുക്കോയ’ പരിപാടി ഇന്ന്

ദുബൈ: അന്തരിച്ച നടൻ മാമുക്കോയയുടെ സ്മരണാർഥം മലബാർ പ്രവാസി (യു.എ.ഇ) സംഘടിപ്പിക്കുന്ന ‘നമ്മുടെ സ്വന്തം മാമുക്കോയ’ സീസൺ-2 പരിപാടി ശനിയാഴ്ച വൈകീട്ട് നാലു മുതൽ ദുബൈ മംസാറിലെ ഫോക്‌ലോർ സൊസൈറ്റി ഹാളിൽ നടക്കും.

ദുബൈ ഇന്ത്യൻ കോൺസുലേറ്റിലെ കോൺസുൽ ബിജേന്ദർ സിങ് പരിപാടി ഉദ്‌ഘാടനം ചെയ്യും. നബാദ് അൽ ഇമാറാത്ത്​ സന്നദ്ധ സംഘടന സ്ഥാപകനും സി.ഇ.ഒയുമായ ഡോ. കബീർ, ചെയർമാൻ ഡോ. ഖാലിദ് അൽ ബലൂശി, ഡയറക്ടർ ഉമ്മു മർവാൻ പർവീൻ, പ്രമുഖ ചലച്ചിത്രതാരം ശങ്കർ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും. ഈ വർഷത്തെ മാമുക്കോയ പുരസ്കാരം ഹരീഷ് കണാരനും, മാധ്യമ പുരസ്കാരങ്ങൾ യു.എ.ഇയിലെ എൻ.ടി.വി ചെയർമാൻ മാത്തുക്കുട്ടി കടോണിനെയും, മാധ്യമ പ്രവർത്തകനും ഹിറ്റ് എഫ്.എം അവതാരകനുമായ ഷാബു കിളിത്തട്ടിലിനും, സാമൂഹിക പ്രവർത്തകനുള്ള പുരസ്കാരം ബ്ലഡ് ഡോണേഴ്സ് കേരള യു.എ.ഇ ഘടകം പ്രസിഡന്‍റ്​ പ്രയാഗ് പേരാമ്പ്രക്കും എഴുത്തുകാരനുള്ള പുരസ്കാരം ഇ.കെ ദിനേശനും ചടങ്ങിൽ സമ്മാനിക്കും.

മാമുക്കോയയുടെ കോഴിക്കോട്ടെ ജീവിതവും പതിറ്റാണ്ടുകളുടെ അഭിനയ ജീവിതവും ശ്രദ്ധേയമായ ചലച്ചിത്ര രംഗങ്ങളും അടിസ്ഥാനമാക്കി മാധ്യമ പ്രവർത്തകൻ നാസർ ബേപ്പൂർ തയാറാക്കിയ ഡോക്യുമെന്ററിയും, കൊയിലാണ്ടി മുബാറക് ടീമിന്റെ മുട്ടിപ്പാട്ട്, മലബാർ കല്യാണം, ഹരീഷ് കണാരന്റെ നേതൃത്വത്തിൽ പ്രശസ്ത മിമിക്രി കലാകാരന്മാരെയും, ഗായകരെയും ഉൾക്കൊള്ളിച്ചുള്ള കലാവിരുന്ന്​ എന്നിവ അരങ്ങേറും. പരിപാടിയോടനുബന്ധിച്ച് വൈകീട്ട് മൂന്നു മുതൽ കുട്ടികൾക്കായി ചിത്രരചന-കളറിങ്​ മത്സരവും കുടുംബിനികൾക്കായി പായസ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്.

ആകർഷകമായ പരിപാടികൾ കാണാൻ പ്രവേശനം സൗജന്യമാണെന്നും യു.എ.ഇയിലെ മുഴുവൻ കലാസ്വാദകരെയും ക്ഷണിക്കുന്നുവെന്നും മലബാർ പ്രവാസി ഭാരവാഹികളായ മോഹൻ വെങ്കിട്ട്, ജമീൽ ലത്തീഫ്, രാജൻ കൊളാവിപാലം, അഡ്വ. മുഹമ്മദ് സാജിദ്, അഡ്വ. അസീസ് തോലേരി, ശങ്കർ നാരായണൻ, ചന്ദ്രൻ കൊയിലാണ്ടി മൊയ്‌ദു കുറ്റിയാടി, ഹാരിസ് കോസ്മോസ് എന്നിവർ അറിയിച്ചു. 

Tags:    
News Summary - Nammude Swantham Mamukkoya event starts today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.