ദുബൈ: എമിറേറ്റിലെ ആഡംബര ബോട്ട് ജീവനക്കാർക്ക് മൾട്ടിപ്പിൾ എൻട്രി വിസ പ്രഖ്യാപിച്ച് ദുബൈ ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ). ദുബൈയിൽ തുടരുന്ന അന്താരാഷ്ട്ര ബോട്ട് ഷോയിലാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ആറു മാസത്തെ കാലാവധിയുള്ള വിസയാണ് അനുവദിക്കുക.
ബോട്ടിലെ അംഗങ്ങൾക്ക് കൂടുതൽ സുഖകരമായ സമുദ്രയാത്രാനുഭവം സമ്മാനിക്കുകയാണ് ലക്ഷ്യമെന്ന് ജി.ഡി.ആർ.എഫ്.എ അറിയിച്ചു. വിസ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയാൻ താൽപര്യമുള്ളവർക്ക് ദുബൈ ഹാർബറിൽ നടക്കുന്ന ബോട്ട് ഷോ സന്ദർശിക്കാം. ഫെബ്രുവരി 23 ഞായറാഴ്ച ബോട്ട് ഷോ സമാപിക്കും.
ആഡംബര ബോട്ട് ഉടമകളുടെ എൻട്രി, എക്സിറ്റുകൾ തടസ്സരഹിതമാക്കാൻ ലക്ഷ്യമിട്ട് ‘മൊബൈൽ മറീന’ എന്ന സംവിധാനത്തിനും ജി.ഡി.ആർ.എഫ്.എ തുടക്കമിട്ടിട്ടുണ്ട്. ലളിതമായ പ്രക്രിയകളിലൂടെ നടപടികൾ ലഘൂകരിക്കുന്നതിനായി ഉദ്യോഗസ്ഥ സംഘത്തെ ദുബൈയുടെ മറീനകളിൽ പ്രത്യേകം നിയോഗിക്കും. ഇവർ യോട്ട് ഉടമകളുടെ പ്രവേശന, പുറത്തുകടക്കൽ നടപടികൾ എന്നിവ 30 സെക്കൻഡിനുള്ളിൽ പൂർത്തിയാക്കാൻ സഹായിക്കും. വൈകീട്ട് മൂന്നുമുതൽ എട്ടുവരെയാണ് ബോട്ട് ഷോ അരങ്ങേറുന്നത്.
അതേസമയം, കഴിഞ്ഞ ഡിസംബറിൽ യോട്ട് ഉടമകൾക്ക് അബൂദബി 10 വർഷ കാലാവധിയുള്ള ഗോൾഡൻ വിസ പ്രഖ്യാപിച്ചിരുന്നു. യോട്ട് ഉടമകളെ എമിറേറ്റിലേക്ക് ആകർഷിക്കുന്നതിനായാണ് ‘അബൂദബി ഗോൾഡൻ ക്യൂ’ പദ്ധതിക്കുകീഴിൽ ഗോൾഡൻ വിസ പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.