സ്​ഥാപന ഉടമ സാലം ബകിത് അൽ റാഷിദിയോടൊപ്പം മുഹമ്മദലി 

33 വർഷത്തെ ഓർമകളുമായി മുഹമ്മദലി മടങ്ങുന്നു

അൽഐൻ: മലപ്പുറം ആയപ്പള്ളി സ്വദേശി മുഹമ്മദലി 33 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച്​ നാട്ടിലേക്ക് മടങ്ങുന്നു. 1987ൽ 27ാം വയസ്സിലാണ്​ മുഹമ്മദലി ആദ്യമായി കടൽ കടക്കുന്നത്. ഭാര്യ സഹോദരൻ നൽകിയ വിസയിൽ അറബി വീട്ടിലേക്കാണ് ആദ്യം വന്നത്. മലപ്പുറത്തു നിന്നും ബോംെബയിലേക്കുള്ള ബസ് യാത്രയും ആദ്യ വിമാന യാത്രയുമെല്ലാം മുഹമ്മദലിയുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്നുണ്ട്. ഒരു വർഷം കഴിഞ്ഞ്​ അറബി വീട്ടിലെ ജോലി അവസാനിപ്പിച്ച്​ മരുഭൂമിയിലെ മസറയിലേക്ക് മാറി.

രണ്ട് വർഷത്തോളം തവനൂർ സ്വദേശി കലന്തൻ കുട്ടിക്കും മുഹമ്മദലിക്കും ആടുകളും വിജനമായ മരുഭൂമിയും മാത്രമായിരുന്നു കൂട്ട്. ചുട്ടുപൊള്ളുന്ന മരുഭൂമിയിൽ കൈമ കെട്ടി താമസിച്ചതും വിറക് കത്തിച്ച് പാചകം ചെയ്തതുമെല്ലാം പ്രവാസ ജീവിതത്തിലെ ഓർക്കാൻ ഇഷ്​ടപ്പെടാത്ത അധ്യായമാണ്. വെള്ളിയാഴ്ചകളിൽ ജുമുഅയിൽ പങ്കെടുക്കാൻ മരുഭുമിയിൽനിന്ന് പുറത്തെത്തുമ്പോൾ മാത്രമാണ് മനുഷ്യരെ കണ്ടിരുന്നത്. കിട്ടിയ ആദ്യ അവസരത്തിൽ തന്നെ അവിടെ നിന്ന് രക്ഷപ്പെട്ട മുഹമ്മദലി നാട്ടിലേക്കു മടങ്ങിയെങ്കിലും ഒമ്പത് മക്കളടങ്ങുന്ന കുടുംബത്തി​നായി മുഹമ്മദലി വീണ്ടും അൽഐനിലെത്തി. ഇത്തവണ അൽമറായ് അറേബ്യ എന്ന കമ്പനിയുടെ ഭാഗമാവാൻ അവസരം ലഭിച്ചു. 30 വർഷമായായി ബിൽഡിങ് വാച്ച്മാനായും നാത്തൂറായും ഓഫിസ് ബോയ് ആയും ഓഫിസ് അസിസ്​റ്റൻറ് ആയുമെല്ലാം മുഹമ്മദലി കമ്പനിയിലുണ്ട്.

ജീവിതം പലപ്പോഴും കൈപ്പേറിയ അനുഭവമായിരുന്നെങ്കിലും സ്വതഃസിദ്ധമായ ചിരിയും നർമവുമൊന്നും അദ്ദേഹം കൈവിട്ടില്ല. അതുകൊണ്ടുതന്നെ ഭാഷക്കും ദേശത്തിനുമപ്പുറം കമ്പനിയിലെ വിദേശികൾക്കും സ്വദേശികൾക്കുമെല്ലാം മുഹമ്മദലി പ്രിയപ്പെട്ടവനാണ്. അതുകൊണ്ടാണ്​, കമ്പനി ഉടമ സാലം ബകിത് അൽ റാഷിദി ഉൾപ്പെടെയുള്ളവർ മുഹമ്മദലിയുടെ മടക്കയാത്രയിൽ നീരസം പ്രകടിപ്പിച്ചത്​. 33 വർഷത്തെ പ്രവാസജീവിതം കൊണ്ട് പണത്തേക്കാൾ മുഹമ്മദലി സമ്പാദിച്ചത് ഈ സ്നേഹവും ഓർമകളും തന്നെയാണ്. ിട പറയുമ്പോൾ തനിക്കും കുടുംബത്തിനും സൗഭാഗ്യങ്ങൾ കൊണ്ടുതന്ന പ്രവാസത്തോട് നന്ദി പറയുകയാണിദ്ദേഹം. നാട്ടിൽ പോയാലും അധ്വാനിച്ച് ജീവിക്കാനുള്ള തീരുമാനത്തിലാണ് ആയപ്പള്ളിയിലെ അറിയപ്പെടുന്ന കർഷക കുടുമ്പാംഗം കൂടിയായ മുഹമ്മദലി. ഫാത്തിമയാണ് ഭാര്യ. നൗഷാദ്, അൻസാർ, ശറഫുന്നീസ, മുബശ്ശിറ, ബൽക്കീസ് എന്നിവർ മക്കളാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.