റാസല്‍ഖൈമ: പ്രവാസ ജീവിതം നയിക്കുന്ന മലയാളികള്‍ സ്വത്വബോധം നഷ്ടപ്പെടുത്തുന്നവരാകരുതെന്ന് കവിയും മലയാളം മിഷന്‍ ഡയറക്ടറുമായ മുരുകന്‍ കാട്ടാക്കട. മലയാളം മിഷന്‍ റാക് മേഖല ഒരുക്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്മഭാഷ ഹൃദയഭാഷയാണ്. അന്യ രാജ്യങ്ങളില്‍ കഴിയുമ്പോഴും മലയാള ഭാഷയെയും സംസ്കാരത്തെയും മുറുകെ പിടിച്ചവരാണ് നമ്മുടെ മുന്‍ തലമുറ.
മലയാള ഭാഷയെ മക്കളുടെ ഹൃദയത്തില്‍ ഊട്ടിയുറപ്പിക്കുന്നതിലൂടെ സ്വന്തമായ സംസ്കാരത്തിന്‍റെ ആത്മാവാണ് അവര്‍ക്ക് സമ്മാനിക്കുന്നത്. അന്യ സംസ്കാരം കൃത്രിമമായി ആവാഹിക്കുന്നതില്‍നിന്ന് പുതുതലമുറ വിട്ടുനില്‍ക്കണമെങ്കില്‍ മാതൃഭാഷയുടെ സൗന്ദര്യം അവര്‍ക്ക് പകര്‍ന്നുനല്‍കണം. നമ്മുടെ മഹിത സംസ്കാരത്തോട് പുതുതലമുറയെ ചേര്‍ത്തുനിര്‍ത്തുകയെന്നതാണ് കേരള സര്‍ക്കാറിന് കീഴിലുള്ള മലയാളം മിഷന്‍റെ മുഖ്യ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റാക് ഇന്ത്യന്‍ സ്കൂളില്‍ നടന്ന ചടങ്ങ് ഇന്ത്യന്‍ അസോ. പ്രസിഡന്‍റ് എസ്.എ. സലീം ഉദ്ഘാടനം ചെയ്തു. മലയാളം മിഷന്‍ റാക് മേഖല പ്രസിഡന്‍റ് നാസര്‍ അല്‍ദാന അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ കെ. അസൈനാര്‍ റാസല്‍ഖൈമയുടെ ആദരം മുരുകന്‍ കാട്ടാക്കടക്ക് സമ്മാനിച്ചു. റാസല്‍ഖൈമയിലെ ആദ്യകാല മലയാളം അധ്യാപിക മറിയാമ്മ കുര്യന് പ്രശസ്തി ഫലകം സമ്മാനിച്ചു. കണിക്കൊന്ന സർട്ടിഫിക്കറ്റുകളുടെയും സൂര്യകാന്തി പുസ്തകങ്ങളുടെയും വിതരണം മുരുകന്‍ കാട്ടാക്കട നിര്‍വഹിച്ചു.
റാക് മേഖലാ കോ-ഓര്‍ഡിനേറ്റര്‍ റസ്സല്‍ റഫീഖ്, അക്കാദമിക് കമ്മിറ്റിയംഗം ഡോ. പ്രസന്ന ഭാസ്കര്‍, ലോക് കേരള സഭാംഗം മോഹനന്‍ പിള്ള, മലയാളം മിഷന്‍ യു.എ.ഇ കോഓഡിനേറ്റര്‍ കെ.എല്‍. ഗോപി എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ബിജു സ്വാഗതവും ജോ.സെക്രട്ടറി കവിത പ്രദോഷ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.