ദുബൈ: ദുബൈയിൽനിന്ന് ദമ്പതികൾ മോഷ്ടിച്ച വിലപിടിപ്പുള്ള രത്നം ഇന്ത്യയിൽനിന്ന ് വീണ്ടെടുത്തു. മൂന്ന് ലക്ഷം ദിർഹം വിലയുള്ള രത്നം 20 മണിക്കൂർ െകാണ്ടാണ് ദുബൈ പൊലീസ് കണ്ടെടുത്തത്. നാഇഫ് പ്രദേശത്തെ ജ്വല്ലറിയിൽനിന്ന് ചൈനീസ് ദമ്പതികളാണ് 3.27 കാരറ്റുള്ള രത്നം മോഷ്ടിച്ച് രാജ്യം വിട്ടത്. ഇവർ ഇന്ത്യയിലേക്കാണ് പോയതെന്ന് മനസ്സിലാക്കിയ ദുബൈ പൊലീസ് ഇന്ത്യൻ അധികൃതരുമായി ബന്ധപ്പെട്ട് ദമ്പതികളെ ദുബൈയിൽ തിരിച്ചെത്തിക്കുകയായിരുന്നു. രത്നം നഷ്ടപ്പെട്ട് മൂന്ന് മണിക്കൂറിന് ശേഷമാണ് ജ്വല്ലറി അധികൃതർ ഇക്കാര്യം മനസ്സിലാക്കിയത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ദുബൈ പൊലീസ് ഇന്ത്യൻ അധികൃതരുടെ സഹകരണത്തോടെ 20 മണിക്കൂറിനകം രത്നം വീണ്ടെടുത്തു. 40 വയസ്സ് പിന്നിട്ടവരാണ് പ്രതികൾ. ജ്വല്ലറിയിൽ പ്രവേശിച്ച ശേഷം ഭർത്താവ് സെയിൽസ്മാനോട് പ്രത്യേക തരം രത്നങ്ങൾ ആവശ്യപ്പെട്ട് ശ്രദ്ധ തിരിച്ചു. ഇതിനിടെ ഭാര്യ മൂന്ന് ലക്ഷം ദിർഹം വിലയുള്ള രത്നം മോഷ്ടിച്ച കൈയിലെ ജാക്കറ്റിനകത്തേക്ക് വെക്കുകയായിരുന്നു. പ്രതികൾ കടയിൽനിന്ന് പോയി മൂന്ന് മണിക്കൂറിന് ശേഷമാണ് മോഷണം മനസ്സിലാക്കിയത്.
ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് ഇവർ യു.എ.ഇ വിട്ടത്. ദുബൈയിൽ തിരിച്ചെത്തിച്ച് ചോദ്യം ചെയ്യവേ സ്ത്രീ കുറ്റം സമ്മതിച്ചു. രത്നം കടത്തുന്നതിനായി താൻ അത് വിഴുങ്ങുകയായിരുന്നുവെന്ന് അവർ മൊഴി നൽകി. ഡോക്ടർ നിർദേശിച്ച പ്രത്യേക ദ്രാവകം ഇവരെ കുടിപ്പിച്ചാണ് വയറ്റിൽനിന്ന് രത്നം പുറത്തെടുത്തത്. ഇന്ത്യയിലെ വിമാത്താവളത്തിലെ ട്രാൻസിറ്റ് ഏരിയയിൽനിന്നാണ് ദമ്പതികൾ പിടിയിലായതെന്നും അവർ ചൈനയിലേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും ദുബൈ പൊലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല ഖലീഫ അൽ മറി പറഞ്ഞു. കുറഞ്ഞ സമയത്തിനകം പ്രതികളെ തിരിച്ചറിയുകയും രത്നം വീണ്ടെടുക്കുകയും ചെയ്ത കുറ്റാന്വേഷണ വകുപ്പിലെ ഒാഫിസർമാരെ അേദ്ദഹം പ്രശംസിച്ചു. സുരക്ഷിത നഗരമെന്ന് പേര് കേട്ട ദുബൈക്ക് ഇത് പുതിയ നേട്ടമാണ്.
അടിയന്തര ഘട്ടങ്ങളിൽ വേഗത്തിൽ ഇടപെടുകയും കുറ്റകൃത്യ നിരക്ക് കുറക്കുകയുമാണ് തങ്ങളുടെ നയമെന്നുംഅബ്ദുല്ല ഖലീഫ അൽ മറി കൂട്ടിച്ചേർത്തു. കുറഞ്ഞ സമയത്തിനകം പ്രതികളെ പിടികൂടാനും രത്നം കണ്ടെത്താനും സ്മാർട്ട് ഡാറ്റ അനാലിസിസ് കേന്ദ്രം സഹായിച്ചതായി ദുബൈ പൊലീസിലെ കുറ്റാന്വേഷണ വകുപ്പ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജമാൽ സാലിം ആൽ ജലാഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.