ദുബൈ: പ്രകൃതിസുന്ദരമായ ഹത്തയുടെ ഭംഗി ആസ്വാദിക്കാൻ സന്ദർശകർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ). ഹത്തയിലെ ഒമ്പതു കിലോമീറ്റർ റൂട്ടിൽ ഇ-സ്കൂട്ടറുകൾക്കും ബൈക്കുകൾക്കുമായി 11 സ്റ്റേഷനുകളാണ് പുതുതായി ആർ.ടി.എ ആരംഭിച്ചിരിക്കുന്നത്. ടൂറിസ്റ്റുകൾക്കും ദുബൈ നിവാസികൾക്കും ഹത്തയുടെ സൗന്ദര്യം ആവോളം ആസ്വദിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ സംരംഭത്തിന് തുടക്കമിട്ടത്. എമിറേറ്റിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഹത്ത. ഹത്ത താഴ്വര, ഹത്ത പൈതൃക ഗ്രാമം, വാദി ഹത്ത പാർക്ക്, ഹത്ത ഹിൽ പാർക്ക്, പൊതു ബസ് സ്റ്റേഷൻ, തുടങ്ങിയ പ്രധാന പ്രദേശങ്ങളിലാണ് സോഫ്റ്റ് ബൈക്കുകൾക്കും ഇ-സ്കൂട്ടറുകൾക്കുമായി പുതിയ സ്റ്റേഷനുകൾ ആരംഭിച്ചിട്ടുള്ളത്.
250 ഇ-സ്കൂട്ടറുകൾ, 250 സോഫ്റ്റ് ബൈക്കുകൾ എന്നിവ കൂടാതെ 150 മൗണ്ടൻ ബൈക്കുകളുമാണ് പുതിയ സംരംഭത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. താമസക്കാർക്കും സന്ദർശകർക്കും ഇവ വാടകക്ക് എടുത്ത് 11.5 കിലോമീറ്റർ നീളമുള്ള ട്രാക്കുകളിലൂടെ സഞ്ചരിച്ച് ഹത്തയുടെ ഭംഗി ആസ്വദിക്കാം.ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ ബൈക്ക്, ഇ-സ്കൂട്ടർ സ്റ്റേഷനുകൾ പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ചതിലൂടെ മികച്ച പ്രതികരണമാണ് സന്ദർശകരിൽനിന്നും ലഭിച്ചത്. ഈ വർഷം ആദ്യ പാദത്തിൽ മാത്രമായി 1,902 യാത്രകൾ നടന്നു. ഇക്കാലയളവിൽ 984 ആളുകളാണ് ഇ-സ്കൂട്ടറിലൂടെ ഹത്തയിൽ സഞ്ചരിച്ചത്.
ആദ്യപാദത്തിൽ നൽകിയ സേവനങ്ങളിൽ 93 ശതമാനം പേരും തൃപ്തരായിരുന്നുവെന്നും ആർ.ടി.എ വ്യക്തമാക്കി. സഞ്ചാരികൾക്ക് ഏറ്റവും മികച്ച സേവനങ്ങൾ നൽകുകയെന്നതാണ് അതോറിറ്റിയുടെ ലക്ഷ്യമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.