ദുബൈ: കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം ലംഘിച്ചതിന് 270 കമ്പനികളിൽ നിന്ന് 300കോടി ദിർഹം വിലമതിക്കുന്ന അനധികൃത വരുമാനം കണ്ടുകെട്ടിയതായി അധികൃതർ. കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദ വിരുദ്ധ ധനസഹായവും തടയുന്നതിനുള്ള എക്സിക്യൂട്ടിവ് ഓഫിസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ വർഷം 750ലധികം ഓൺ-സൈറ്റ് പരിശോധനകൾ നടത്തിയതായും നിയമം പാലിക്കാത്ത 3,000 കമ്പനികൾക്ക് പിഴ ചുമത്തിയതായും അധികൃതർ വ്യക്തമാക്കി. ഇതിനുപുറമെ ഓഫ് സൈറ്റ് പരിശോധനകളിൽ 7.5 കോടി ദിർഹം മൂല്യമുള്ള എൻഫോഴ്സ്മെന്റ് നടപടികളും പിഴകളും ചുമത്തിയിട്ടുണ്ട്.
രാജ്യത്ത് പ്രവർത്തിക്കുന്ന ബിസിനസുകൾക്ക് സുരക്ഷിതവും സ്വാഗതാർഹവുമായ സാമ്പത്തിക അന്തരീക്ഷം ഉറപ്പാക്കുന്നതിന് ഫലപ്രദമായ കള്ളപ്പണം തടയൽ നടപടികൾ ഉറപ്പുവരുത്തുമെന്ന് യു.എ.ഇ സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൂഖ് അൽ മർറി പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കൽ, തട്ടിപ്പ്, നിയമവിരുദ്ധമായ സ്വത്ത് സമ്പാദനം തുടങ്ങിയ കുറ്റകൃത്യങ്ങൾ തടയുന്നതിന് അധികൃതർ ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. മാസങ്ങൾക്കുമുമ്പ് ഇത്തരം കേസ് തെളിയിക്കപ്പെട്ടതിനെ തുടർന്ന് അബൂദബി ഫെഡറൽ അപ്പീൽ കോടതി അറബ് പൗരന് പത്തുവർഷം തടവ് ശിക്ഷ വിധിച്ചിരുന്നു. പ്രതിയുടെ രണ്ട് സ്ഥാപനങ്ങൾ അധികൃതർ അടച്ചുപൂട്ടുകയും ചെയ്തു. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഒരോ സ്ഥാപനത്തിനും അഞ്ചുലക്ഷം ദിർഹം വീതം പിഴ ചുമത്തുകയും അക്കൗണ്ടിലുണ്ടായിരുന്ന 39 ദശലക്ഷം ദിർഹം കണ്ടുകെട്ടുകയും ചെയ്യുകയുണ്ടായി. സംഘടിത കുറ്റകൃത്യങ്ങൾക്കെതിരെയും രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതക്ക് ഭംഗം വരുത്താൻ ശ്രമിക്കുന്നവർക്കെതിരെയും ശക്തമായ നടപടിയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.