ദുബൈ: രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ ബാങ്കുകളോടും വ്യക്തിഗത അക്കൗണ്ടുകളുടെ മിനിമം ബാലൻസ് വർധിപ്പിക്കാനുള്ള നീക്കം താൽക്കാലികമായി നിർത്തിവെക്കാൻ നിർദേശിച്ച് യു.എ.ഇ സെൻട്രൽ ബാങ്ക്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വർധന നിർത്തിവെക്കാനാണ് അറിയിപ്പ് നൽകിയിരിക്കുന്നത്. നടപടി ഉപഭോക്താക്കളിൽ ചെലുത്തുന്ന സ്വാധീനം വിലയിരുത്തുന്നതിന് വേണ്ടിയാണ് വർധന നിർത്തിവെച്ചിരിക്കുന്നത്.
ജൂൺ ഒന്നു മുതൽ നിരവധി പ്രമുഖ ബാങ്കുകൾ മിനിമം ബാലൻസ് 3000 ദിർഹമിൽനിന്ന് 5000 ദിർഹമായി ഉയർത്താൻ തയാറെടുക്കുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. രാജ്യത്ത് ഒരു പ്രമുഖ സ്ഥാപനം ഇതിനകംതന്നെ പദ്ധതി നടപ്പാക്കിയതായും മിനിമം ബാലൻസ് പാലിക്കാത്ത ഉപഭോക്താക്കളിൽനിന്ന് 105 ദിർഹം വരെ ബാങ്കുകൾ പ്രതിമാസ ഫീസ് ഈടാക്കുമെന്നും റിപ്പോർട്ടുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സെൻട്രൽ ബാങ്ക് ഇടപെട്ടിരിക്കുന്നത്. ചില ബാങ്കുകൾ മിനിമം ബാലൻസ് 5000 ദിർഹമായി ഉയർത്താൻ ഉദ്ദേശിക്കുന്നതായി മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിച്ചതിന്റെ പശ്ചാത്തലത്തിലാണ് വർധന ഉപഭോക്താക്കളിൽ ചെലുത്തുന്ന സ്വാധീനം പഠിക്കാൻ സെൻട്രൽ ബാങ്ക് തീരുമാനിച്ചതെന്ന് സർക്കുലറിൽ പറയുന്നുണ്ട്.
രാജ്യത്തെ നിരവധി പ്രമുഖ ബാങ്കുകളെല്ലാം മിനിമം ബാലൻസ് ഉയർത്താൻ ആസൂത്രണം ചെയ്യുന്നതായാണ് റിപ്പോർട്ട് പുറത്തുവന്നിരുന്നത്. മിനിമം ബാലൻസ് വർധിപ്പിക്കുന്ന നടപടി നിർത്തിവെക്കാനുള്ള പുതിയ തീരുമാനം ഇടത്തരം വരുമാനക്കാരായ ജീവനക്കാർക്ക് വളരെ ആശ്വാസകരമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. യു.എ.ഇ സെൻട്രൽ ബാങ്കിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2025 ജനുവരി അവസാനത്തോടെ ബാങ്കുകളുടെ നിക്ഷേപം 2.840 ട്രില്യൺ ദിർഹമിൽനിന്ന് 2025 ഫെബ്രുവരി അവസാനത്തോടെ 1.2 ശതമാനം വർധിച്ച് 2.874 ട്രില്യൺ ദിർഹമായിട്ടുണ്ട്. റെസിഡന്റ് ഡെപ്പോസിറ്റുകൾ 0.8 ശതമാനം വളർച്ചയും പ്രവാസി ഡെപ്പോസിറ്റുകളിൽ 5.1 ശതമാനം വളർച്ചയുമുണ്ടായതാണ് വർധനക്ക് സഹായിച്ചത്. റെസിഡന്റ് ഡെപ്പോസിറ്റുകളിൽ സർക്കാറുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ഡെപ്പോസിറ്റുകൾ 3.8 ശതമാനവും സ്വകാര്യ മേഖലയിലെ ഡെപ്പോസിറ്റുകൾ 1.4 ശതമാനവും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ ഡെപ്പോസിറ്റുകൾ 5.6 ശതമാനവും വർധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.