മീഡിയവൺ ബ്രേവ് ഹാർട്ട് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു: പു​ര​സ്കാ​ര നി​റ​വി​ൽ 16 കൂ​ട്ടാ​യ്മ​ക​ൾ, 10 വ്യ​ക്തി​ത്വ​ങ്ങ​ൾ

ദുബൈ: കോവിഡ് പ്രതിസന്ധികാലത്ത് പ്രവാസികൾക്ക് തണലായി നിന്നവരെ ആദരിക്കാൻ 'മീഡിയവൺ' ഏർപ്പെടുത്തിയ 'ബ്രേവ് ഹാർട്ട്' പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. യു.എ.ഇയിൽ ശ്രദ്ധേയമായ സേവനങ്ങൾ അർപ്പിച്ച 16 സംഘടനകളും 10 വ്യക്തികളുമാണ് പുരസ്കാരത്തിന്​ തിരഞ്ഞെടുക്കപ്പെട്ടത്. ആരോഗ്യമന്ത്രി കെ.കെ. ശൈലജ, ഗായിക കെ.എസ്. ചിത്ര, നടനും സംവിധായകനുമായ ജോയ് മാത്യു എന്നിവരാണ് പ്രഖ്യാപനം നടത്തിയത്. ജേതാക്കൾക്ക് അടുത്ത ദിവസങ്ങളിൽ നടക്കുന്ന ചടങ്ങുകളിൽ പുരസ്കാരം കൈമാറുമെന്ന് മീഡിയവൺ ജി.സി.സി ഡയറക്ടർ സലിം അമ്പലൻ അറിയിച്ചു. പുരസ്കാരദാന ചടങ്ങുകൾ മീഡിയവണി​െൻറ ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ തത്സമയം പ്രേക്ഷകരിലെത്തിക്കും.

പുരസ്കാരം നേടിയ കൂട്ടായ്മകൾ

കെ.എം.സി.സി, ഷാർജ ഇന്ത്യൻ അസോസിയേഷൻ, ഇൻകാസ്, ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്), സമസ്ത കേരള സുന്നി സ്​റ്റുഡൻറ്​സ് ഫെഡറേഷൻ (എസ്.കെ.എസ്.എസ്.എഫ്), ഐ.എം.സി.സി, കോളജ് അലുമ്നി കൂട്ടായ്മയായ അക്കാഫ്, ഡോക്ടർമാരുടെ സംഘടനയായ എ.കെ.എം.ജി, ഓവർസീസ് മലയാളി അസോസിയേഷൻ (ഓർമ), അബൂദബി കേരള സോഷ്യൽ സെൻറർ, ഇന്ത്യൻ അസോസിയേഷൻ റാസൽഖൈമ, അബൂദബി മലയാളി സമാജം, മോഡൽ സർവിസ് സൊസൈറ്റി, സേവനം യു.എ.ഇ, പ്രവാസി ഇന്ത്യ, ഉമ്മുൽഖുവൈൻ ഇന്ത്യൻ അസോസിയേഷൻ. ഏറ്റവും കൂടുതൽ നാമനിർദേശം ലഭിച്ചത് കെ.എം.സി.സിക്കായിരുന്നു. രോഗികൾക്ക് ചികിത്സ ലഭ്യമാക്കാനും ജോലിയും വരുമാനവും നഷ്​ടപ്പെട്ടവർക്ക് ഭക്ഷണമെത്തിക്കാനും പ്രവാസികൾക്ക് മടക്കയാത്രക്ക് സൗകര്യമൊരുക്കാനും നടത്തിയ പ്രയത്നം കണക്കിലെടുത്താണ് സംഘടനകളെ അനുഭവസാക്ഷ്യം അടക്കം പ്രേക്ഷകർ നിർദേശിച്ചത്.



പുരസ്കാരത്തിനായി തിരഞ്ഞെടുത്ത വ്യക്തികൾ

ഷംസുദ്ദീൻ ബിൻ മുഹ്​യുദ്ദീൻ, മുഹമ്മദ് ഖമർ മതാർ, ഡോ. സാക്കിർ കെ. മുഹമ്മദ്

വാർസാനിൽ പ്രവാസികൾക്കായി കോവിഡ് കേന്ദ്രം ഒരുക്കുന്നതിൽ മുൻനിരയിൽ പ്രവർത്തിച്ചവരാണ് ഇവർ മൂന്നുപേരും. റീജൻസി ഗ്രൂപ് ചെയർമാൻ കൂടിയായ ഷംസുദ്ദീൻ ബിൻ മുഹ്​യുദ്ദീ​െൻറ ഇടപെടലിലാണ് വാർസാനിൽ ഡി.എച്ച്.എ മുൻകൈയെടുത്ത് ക്വാറൻറീൻ കേന്ദ്രം ആരംഭിച്ചത്. ദുബൈ ഹെൽത്ത് അതോറിറ്റി മുൻ അസറ്റ് മാനേജ്മെൻറ്​ ആക്ടിങ് ഡയറക്ടർ കൂടിയായ മുഹമ്മദ് ഖമർ മതാർ ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കോവിഡ് കേന്ദ്രമായി മാറിയ വാർസാൻ ക്വാറൻറീൻ സെൻറർ കെട്ടിപ്പടുക്കുന്നതിൽ വലിയ പങ്കുവഹിച്ചു. അറിയപ്പെടുന്ന ശസ്ത്രക്രിയ വിദഗ്ധനായ ഡോ. സാക്കിർ കെ. മുഹമ്മദാണ് വാർസാനിൽ ഡോക്ടർമാരുടെ സംഘത്തിന് നേതൃത്വം നൽകിയത്. മുഹമ്മദ് ബിൻ റാശിദ് യൂനിവേഴ്സിറ്റിയിലെ സർജറി വിഭാഗം അഡ്ജൻക്ട് അസോസിയറ്റ് പ്രഫസറുമാണ് ഡോ. സാക്കിർ.

 

ഷംസുദ്ദീൻ ബിൻ മുഹയുദ്ധീൻ, മുഹമ്മദ് ഖമർ മതാർ, ഡോ. സാക്കിർ കെ. മുഹമ്മദ്

നസീർ വാടാനപ്പള്ളി

കോവിഡ് സേവനരംഗത്തിറങ്ങാൻ പലരും ഭയപ്പെട്ടുനിന്ന സമയത്ത് കർമരംഗത്തിറങ്ങിയ സാമൂഹിക പ്രവർത്തകനാണ്. ദേരയിലും മറ്റും ബാച്​ലർ താമസയിടങ്ങളിലെ കോവിഡ് ബാധിതർക്ക് ചികിത്സ എത്തിക്കാനും അവരെ ആശുപത്രിയിലും ക്വാറൻറീൻ സെൻററിലുമെത്തിക്കാനും ദുബൈ ഹെൽത്ത് അതോറിറ്റിക്കൊപ്പം ചേർന്ന് പ്രവർത്തിച്ചു ഇദ്ദേഹം. സേവനത്തിനിടെ കോവിഡ് ബാധിതനായെങ്കിലും ആരോഗ്യവാനായി വീണ്ടും സേവനരംഗത്ത് മാതൃകയായി.



നിധിൻ ചന്ദ്രൻ

കോവിഡ് കാലത്തെ കണ്ണീരോർമയാണ് നിധിൻ ചന്ദ്രൻ. ഗർഭിണികളായ പ്രവാസികളെ യാത്രവിലക്ക് മറികടന്നും ഇന്ത്യയിലെത്തിക്കാൻ ഭാര്യ ആതിരക്കൊപ്പം നിധിൻ നടത്തിയ നിയമപോരാട്ടവും ദുരിതബാധിതർക്ക് ഭക്ഷണമെത്തിക്കാൻ നടത്തിയ ശ്രമങ്ങളും ശ്രദ്ധേയമായിരുന്നു. എന്നാൽ, ഭാര്യ നാട്ടിലെത്തി ആദ്യ കൺമണിക്ക് ജന്മംനൽകിയതിന് തൊട്ടുപിന്നാലെ നിധിൻ ദുബൈയിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. മരണാനന്തര ബഹുമതിയായാണ് നിധി​െൻറ കുടുംബത്തിന് ബ്രേവ് ഹാർട്ട് പുരസ്കാരം സമ്മാനിക്കുക.




ആർ. ഹരികുമാർ

സ്വന്തം ജീവനക്കാർക്കൊപ്പം യു.എ.ഇയിൽ കുടുങ്ങിക്കിടന്ന അനേകം പേർക്ക് സൗജന്യമായി ചാർട്ടർ വിമാനം ഏർപ്പെടുത്തിയ വ്യവസായി. എലൈറ്റ് ഗ്രൂപ് ചെയർമാനും സാമൂഹിക പ്രവർത്തകനുമായ ഹരികുമാറി​െൻറ പിന്തുണയോടെയാണ് ദുരിതമനുഭവിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാൻ മിഷൻ വിങ്സ് ഓഫ് കംപാഷൻ എന്ന പദ്ധതിയിലൂടെ മീഡിയവണും ഗൾഫ് മാധ്യമവും ആദ്യ ചാർട്ടർ വിമാനം ഒരുക്കിയത്.


സാജിദ് വല്ലിയത്ത്

ദുബൈയിൽ നിയമസ്ഥാപനം നടത്തുന്ന സാജിദ് വല്ലിയത്ത് കോവിഡ് കാലത്ത് സ്വന്തംനിലയിൽ നടത്തിയ സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്. നിരവധി പേരെ സ്വന്തം ചെലവിൽ ആശുപത്രിയിലെത്തിച്ചും അവരുടെ ചികിത്സച്ചെലവുകൾ ഏറ്റെടുത്തും ഇദ്ദേഹം മാതൃക കാട്ടി. ദുരിതാശ്വാസ പ്രവർത്തനരംഗത്തും സാജിദ് സജീവമായിരുന്നു.



സലീം ഷാ

യു.എ.ഇയിലെ ജീവകാരുണ്യ സംവിധാനങ്ങളായ ശുഹൂൻ ഇസ്​ലാമിയ, വതനി ആൽ ഇമറാത്ത്, ബൈത്തുൽ ഹൈർ, ദാറുൽ ബർ എന്നിവയുമായി കൈകോർത്ത് ദുബൈ, ഷാർജ, അജ്മാൻ എന്നിവിടങ്ങളിൽ ദുരിതമനുഭവിക്കുന്ന നൂറുകണക്കിന് പ്രവാസികൾക്ക് ഭക്ഷണമെത്തിക്കാനും സഹായമെത്തിക്കാനും മുൻനിരയിൽ പ്രവർത്തിച്ച സാമൂഹിക പ്രവർത്തകനാണ് സലീം ഷാ.



അഷ്റഫ് താമരശ്ശേരി

18 വർഷമായി പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്ന ദൗത്യം ഏറ്റെടുത്ത സാമൂഹിക പ്രവർത്തകൻ. കോവിഡ് കാലത്തും അഷ്റഫ് താമരശ്ശേരി ഈ രംഗത്ത് സജീവമായിരുന്നു. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങൾ യു.എ.ഇയിൽ അടക്കംചെയ്യുന്നതിനും കടുത്ത യാത്രവിലക്കുകൾ നേരിടുന്ന കാലത്തും 60ലേറെ മൃതദേഹങ്ങൾ അന്ത്യകർമങ്ങൾക്കായി പ്രിയപ്പെട്ടവരുടെ അരികിലെത്തിക്കാനും ഇദ്ദേഹത്തിന് കഴിഞ്ഞു.



അബ്​ദുൽ സമാൻ

ബിസിനസ് രംഗത്തും സാമൂഹിക പ്രവർത്തന രംഗത്തും സജീവമായ അബ്​ദുൽ സമാൻ ത​െൻറ ജീവനക്കാരെത്തന്നെ സന്നദ്ധപ്രവർത്തകരാക്കി മാറ്റിയാണ് മാതൃകയായത്. 127 പേരുടെ സന്നദ്ധസംഘം രൂപവത്​കരിച്ച് വതൻ അൽ ഇമറാത്തിനൊപ്പം ദുരിതം അനുഭവിക്കുന്നവർക്ക് ഭക്ഷണമെത്തിക്കാനും മരുന്നെത്തിക്കാനും സൗകര്യമൊരുക്കിയതാണ് അവാർഡിന് അർഹമാക്കിയത്.




Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.