ദുബൈ: മന്ത്രവാദത്തിനും ദുരാചാരങ്ങൾക്കും ഉപയോഗിക്കുന്ന സാമഗ്രികളുമായി ദുബൈയിലേക്ക് കടക്കാൻ ശ്രമിച്ചയാളെ കസ്റ്റംസ് പിടികൂടി. ആഫ്രിക്കൻ വംശജനായ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നി ദുബൈ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് മന്ത്രവാദത്തിന് ഉപയോഗിക്കുന്ന ചരടുകളും മറ്റും കണ്ടെത്തിയത്. വയറ്റിൽ കെട്ടിവെച്ചനിലയിലായിരുന്നു ഇവ. എന്തോ വിഴുങ്ങിയെന്ന് തോന്നുന്ന വിധത്തിലാണ് ഇയാൾ നടന്നിരുന്നതെന്നും മയക്കുമരുന്ന് ആയിരിക്കുമെന്ന സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ചരടുകളും മറ്റും കണ്ടെത്തിയതെന്നും ടെർമിനൽ വണ്ണിലെ പാസഞ്ചർ ഓപറേഷൻസ് വിഭാഗം സീനിയർ ഡയറക്ടർ ഖാലിദ് അഹമ്മദ് പറഞ്ഞു. ജി.സി.സിയുടെ ധനകാര്യ-സാമ്പത്തിക സഹകരണ സമിതിയുടെ തീരുമാനപ്രകാരം മന്ത്രവാദത്തിനും ദുരാചാരങ്ങൾക്കും ഉപയോഗിക്കുന്ന വസ്തുക്കൾ നിരോധിത വസ്തുക്കളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. യു.എ.ഇ പീനൽ കോഡ് ആർട്ടിക്ക്ൾ 316 പ്രകാരം രാജ്യത്ത് മന്ത്രവാദം നടത്തുന്നതും അതിനുള്ള സാമഗ്രികൾ രാജ്യത്തേക്ക് കടത്തുന്നതും തടവും പിഴയും നാടുകടത്തലും ഉൾപ്പെടെയുള്ള ശിക്ഷകൾ ലഭിക്കുന്ന കുറ്റമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.