ഷാർജ: എമിറേറ്റിൽ ഉൽപാദിപ്പിക്കുന്ന മലീഹ പാൽ എയർ അറേബ്യ യാത്രക്കാർക്ക് ആസ്വദിക്കാൻ അവസരം. എയർ അറേബ്യയിൽ യാത്രക്കിടയിൽ വിതരണംചെയ്യുന്ന ഭക്ഷ്യവിഭവങ്ങളുടെ കൂട്ടത്തിലാണ് കുട്ടികൾക്കുള്ള മലീഹ പാൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏപ്രിൽ ഒന്നുമുതലാണ് വിതരണം ആരംഭിച്ചത്. നേരത്തേ വിപണിയിലെത്തിച്ച മലീഹ പാൽ ഗുണമേന്മകൊണ്ട് അതിവേഗം ഉപഭോക്താക്കളെ ആകർഷിച്ചിരുന്നു.
ഏറെ ശ്രദ്ധിക്കപ്പെട്ട മലീഹ ഗോതമ്പ് പാടത്തിന് സമീപത്തായി പ്രകൃതിദത്തമായ രീതിയിൽ ഉൽപാദിപ്പിക്കപ്പെടുന്ന പാൽ എന്നതാണ് ഇതിന്റെ പ്രത്യേകത. ഓർഗാനിക് ചിക്കൻ, തേൻ എന്നിവയും യാത്രക്കാരുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ എയർ അറേബ്യ ആസൂത്രണംചെയ്യുന്നുണ്ട്. ഷാർജ അഗ്രികൾച്ചറൽ ആൻഡ് ലൈവ്സ്റ്റോക്ക് പ്രൊഡക്ഷൻ എസ്റ്റാബ്ലിഷ്മെന്റുമായി (ഇക്തിഫ) സഹകരിച്ചാണ് എയർ അറേബ്യ ആദ്യമായി ജൈവ ഉൽപന്നങ്ങൾ വിതരണംചെയ്യുന്ന പദ്ധതി നടപ്പാക്കുന്നത്.
കഴിഞ്ഞ ആഗസ്റ്റിലാണ് മലീഹയിൽനിന്ന് ഓർഗാനിക് പാൽ ഉൽപാദനം തുടങ്ങിയത്. രാവിലെ 6 മണി മുതൽ തന്നെ ആളുകൾ പാൽ വാങ്ങുന്നതിന് വരി നിൽക്കുന്ന സാഹചര്യമാണുള്ളത്. സാധാരണ ഏകദേശം 4,000 ലിറ്റർ എന്ന തോതിൽ ദിവസേന പാൽ വിറ്റുപോകുന്നുണ്ട്. മലീഹ ഡെയറി ഫാം നിലവിൽ പ്രതിദിനം 58,000 ലിറ്റർ പാൽ ഉൽപാദിപ്പിക്കുന്നുണ്ട്.
മലീഹ പാൽ വിപണിയിൽ തരംഗമായതിനു പിന്നാലെ ഡെൻമാർക്കിൽനിന്ന് കഴിഞ്ഞ വർഷം ആയിരത്തിലേറെ പശുക്കളെ ഷാർജയിലെത്തിച്ചിരുന്നു. ഇതോടെ മലീഹ ഫാമിലെ പശുക്കളുടെ എണ്ണം 2500 ആയിത്തീർന്നു. കാർഷികരംഗത്ത് സ്വയം പര്യാപ്തത എന്ന ലക്ഷ്യവുമായി നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് ക്ഷീരോൽപാദന പരീക്ഷണം നടത്തിയത്. ഇത് വൻ വിജയമാവുകയായിരുന്നു.
പ്രകൃതിദത്ത രുചികളടങ്ങിയ കുട്ടികളുടെ പാൽ, പുതിയ തൈര്, ദീർഘകാലം നിലനിൽക്കുന്ന ഓർഗാനിക് പാൽ എന്നിവയും ഉൽപാദിപ്പിക്കുന്നുണ്ട്. പാലുൽപന്നങ്ങൾക്കു പുറമെ, ജൈവ പച്ചക്കറികൾ, പഴങ്ങൾ, തേൻ ഉൽപന്നങ്ങൾ എന്നിവ പുറത്തിറക്കാനും അധികൃതർ ലക്ഷ്യമിടുന്നുണ്ട്. ഷാർജ ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർ അറേബ്യ കേരളത്തിലേക്കടക്കം ദിനേന നിരവധി സർവിസുകൾ നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.