മലയാളം മിഷൻ ദുബൈ ചാപ്റ്റർ സൂര്യകാന്തി പ്രവേശനോത്സവത്തിനെത്തിയവർ
ദുബൈ: അറിവ് തിരിച്ചറിവാകുകയും ആ തിരിച്ചറിവ് മാനവികതക്ക് വേണ്ടിയുള്ള നിലപാടാവുകയും ചെയ്യുമ്പോഴാണ് വിദ്യാഭ്യാസം അർഥപൂർണമാകുന്നതെന്ന് കേരള സംഗീത നാടക അക്കാദമി ചെയർമാൻ (ഇൻ ചാർജ്) സേവ്യർ പുൽപാട്ട്. മലയാളം മിഷൻ ദുബൈ ചാപ്റ്റർ സൂര്യകാന്തി പ്രവേശനോത്സവത്തിൽ മുഖ്യാതിഥിയായി സംവദിക്കുകയായിരുന്നു അദ്ദേഹം.
ഭാഷാപഠനം സാംസ്കാരിക പഠനമാണെന്നും മാതൃഭാഷ പഠനമെന്നാൽ നമ്മുടെ സ്വന്തം സാംസ്കാരിക വളർച്ചയെക്കുറിച്ചുള്ള തനതായ തിരിച്ചറിയലാണെന്നും സേവ്യർ പുൽപാട്ട് ചൂണ്ടിക്കാട്ടി. ദുബൈ ചാപ്റ്ററിനുകീഴിൽ കണിക്കൊന്ന പഠനം പൂർത്തിയാക്കി സൂര്യകാന്തി പഠനത്തിലേക്ക് പ്രവേശിക്കുന്ന രണ്ടാമത് ബാച്ചിൽനിന്നുള്ള കുട്ടികളുടെ പ്രവേശനോത്സവമാണ് നടന്നത്.
മലയാളം മിഷൻ ദുബൈ ചാപ്റ്റർ ജോ. സെക്രട്ടറി അംബുജം സതീഷ് സ്വാഗതം പറഞ്ഞു. ചെയർമാൻ ദിലീപ് സി.എൻ.എൻ അധ്യക്ഷത വഹിച്ചു. മലയാളം മിഷൻ അധ്യാപകരുടെ നിസ്വാർഥ പ്രവർത്തനങ്ങളെ അംഗീകരിച്ച് രക്ഷിതാക്കൾ നൽകുന്ന പിന്തുണയും പ്രോത്സാഹനവും കൂടുതൽ ഉത്തരവാദിത്തത്തോടെ തുടരേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അധ്യക്ഷൻ ചൂണ്ടിക്കാട്ടി. പ്രസിഡന്റ് സോണിയ ഷിനോയ്, കൺവീനർ ഫിറോസിയ ദിലിഫ് റഹ്മാൻ, അക്കാദമിക് കോഓഡിനേറ്റർ സ്വപ്ന സജി, ബർദുബൈ മേഖല ജോയന്റ് കോഓഡിനേറ്റർ രാജേഷ് എന്നിവർ സംസാരിച്ചു.
അധ്യാപകരായ സുഭാഷ് ദാസ്, സർഗ റോയ് എന്നിവർ അവതരണ ക്ലാസിന് നേതൃത്വം നൽകി. എം.സി. ബാബു, നജീബ്, സുനേഷ്, ഷൈന ബാബു, ഗിരിജ, അസ്രീദ്, ദിനേഷ്, ബിജുനാഥ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ജോയന്റ് കൺവീനർ റിംന അമീർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.