രുചിക്കൂട്ടൊരുക്കി ജീവകാരുണ്യരംഗത്ത് സജീവമായി 'മലബാർ അടുക്കള' എട്ടാം വർഷത്തിലേക്ക്

ദുബൈ: ഭക്ഷണപ്രിയരുടെയും പാചക വിദഗ്​ധരുടെയും ആഗോള കൂട്ടായ്മയായി വളർന്ന മലബാർ അടുക്കളക്ക് എട്ട് വയസ്സ്. നാട്ടിലും മറുനാട്ടിലുമായി അഞ്ചു ലക്ഷത്തിലധികം അംഗങ്ങളുള്ള ഫേസ്ബുക്ക്​ കൂട്ടായ്മയുടെ വാർഷികാഘോഷ പരിപാടികൾ വിവിധ ഗൾഫ് രാജ്യങ്ങളിൽ നടക്കുന്നുണ്ട്​. കഴിഞ്ഞ മാസം ജിദ്ദ കോൺസുലേറ്റിൽ നടന്ന പരിപാടിയോടെയാണ് എട്ടാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായത്. തുടർന്ന് എറണാകുളം, സലാല, ഖത്തർ എന്നിവിടങ്ങളിൽ പരിപാടികൾ നടന്നു.

ദുബൈയി​ലെ ​ആഘോഷം ഈമാസം 16ന്​ വൈകീട്ട്​ ആറിന്​ ഷാർജ മുവൈല ലുലുവിൽ നടക്കും. കണ്ണൂർ ശരീഫ്, കൊല്ലം ഷാഫി എന്നിവർ നയിക്കുന്ന ഗാനമേളയും ഒപ്പന, ചെണ്ടമേളം, കോൽക്കളി എന്നിവയും അരങ്ങേറും. ഷഫീൽ കണ്ണൂരാണ് പരിപാടിയുടെ സംവിധായകൻ. എഴുത്തുകാരൻ ബഷീർ തിക്കോടി സംസാരിക്കും. മികച്ച ജീവകാരുണ്യ പ്രവർത്തകയായി തെരഞ്ഞെടുക്കപ്പെട്ട നർഗീസ് ബീഗത്തെ ആദരിക്കും.

എട്ടാം വാർഷികത്തിൽ ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പ്രവർത്തങ്ങളാണ് കൂടുതലായി ഉദ്ദേശിക്കുന്നതെന്ന് മലബാര്‍ അടുക്കള ചെയര്‍മാന്‍ മുഹമ്മദലി ചാക്കോത്ത് അറിയിച്ചു. ഇതിനകം നിരവധി കുടുംബങ്ങള്‍ക്ക് ഭക്ഷണം, വസ്ത്രം, വീട്, ചികിത്സ സഹായം, കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ എന്നിവ നൽകി. നൂറോളം രക്തദാന ക്യാമ്പുകളും ഒന്നര ലക്ഷം പേർക്ക് സൗജന്യ ഭക്ഷണ വിതരണവും നടത്തി. കഴിഞ്ഞ റമദാനിൽ 1000 കുടുംബങ്ങൾക്ക് ഒരു മാസത്തെ ഭക്ഷണ കിറ്റുകളും കൂട്ടായ്മ നൽകി. പിന്നാക്കം നിൽക്കുന്ന സ്കൂളുകൾ ഏറ്റെടുത്ത് വിപുലീകരിക്കുന്ന 'സമൃദ്ധി' എന്ന പദ്ധതിയുടെ ഭാഗമായി നാല് സ്കൂളുകൾ ഏറ്റെടുത്തു വിപുലീകരിച്ചു. ജോലി തരപ്പെടുത്തി നൽകലും ഫുഡ് ഫെസ്റ്റിവല്‍, പാചക മത്സരങ്ങള്‍, കലാ-സാംസ്‌കാരിക സാഹിത്യ പരിപാടികള്‍ എന്നിവ സംഘടിപ്പിക്കലും കൂട്ടായ്മ നടത്തുന്നുണ്ട്​. '100 പാചക റാണിമാര്‍' എന്ന പാചക പുസ്തകവും പുറത്തിറക്കി.

2014 ജൂലൈ അഞ്ചിന്​ ദുബൈയിൽ ഭക്ഷണപ്രിയരുടെ ഗ്രൂപ്പായി തുടക്കമിട്ട മലബാർ അടുക്കള വളരെ പെട്ടെന്നാണ് ലോകത്തിന്‍റെ വിവിധ കോണുകളിൽ അംഗങ്ങളുള്ള കൂട്ടായ്മയായി വളർന്നത്. വിവിധ രാജ്യങ്ങളുടെയും ദേശത്തിന്‍റെയും പാചക രുചിക്കൂട്ടുകളും നാടൻ ഭക്ഷണരീതികളും പരസ്പരം കൈമാറുകയും ചർച്ച ചെയ്യുകയുമായിരുന്നു കൂട്ടായ്മയുടെ ലക്ഷ്യം. വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നടക്കം അംഗങ്ങളുടെ എണ്ണം വർധിച്ചതോടെ പാചക പ്രവർത്തനങ്ങളിൽ ഒതുങ്ങാതെ ജീവകാരുണ്യരംഗത്ത് കൂടി കൂട്ടായ്മ സജീവമാകുകയായിരുന്നു. കേരളത്തില്‍ രണ്ടു പ്രളയങ്ങളുണ്ടായപ്പോൾ ലക്ഷക്കണക്കിന് രൂപയുടെ സഹായമാണ് നൽകിയത്. കോവിഡ് വ്യാപന വേളയില്‍ ഒരു ലക്ഷം ഭക്ഷണപ്പൊതികള്‍ വിതരണം ചെയതെന്നും മുഹമ്മദലി ചാക്കോത്ത് പറഞ്ഞു.

Tags:    
News Summary - Malabar adukkala fb group celebrating 8th anniversary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.