മാനവവിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയം പങ്കുവെച്ച വിഡിയോയിൽനിന്ന്
അബൂദബി: കനത്ത വേനൽച്ചൂടിൽ തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഭക്ഷണവും തണുത്ത പാനീയങ്ങളും വിതരണം ചെയ്ത് മാതൃകയായ രണ്ട് യു.എ.ഇ സ്വദേശി വനിതകളെ മാനവവിഭവശേഷി-സ്വദേശിവത്കരണ മന്ത്രാലയം ആദരിച്ചു. തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കാനും അവരുടെ അധ്വാനത്തെ അർഹിക്കുന്ന പ്രാധാന്യത്തോടെ അംഗീകരിക്കാനും കാണിച്ച മനസ്സിനാണ് അധികൃതർ ഇരുവരെയും അനുമോദിച്ചത്.
മന്ത്രാലയത്തിലെ ലേബർ പ്രൊട്ടക്ഷൻ അസി. അണ്ടർ സെക്രട്ടറി ദലാൽ അൽ ശെഹി വനിതകളെ നേരിൽ കണ്ട് ആദരവ് കൈമാറി. യു.എ.ഇയുടെ പരമ്പരാഗത മൂല്യങ്ങളായ കാരുണ്യം, സാഹോദര്യം, പരസ്പര സഹായമനസ്ഥിതി എന്നിവ ഉയർത്തിപ്പിടിക്കുന്നതാണ് ഇവരുടെ പ്രവൃത്തിയെന്ന് മന്ത്രാലയം വ്യക്തമാക്കി. വലിയ മാറ്റങ്ങൾക്ക് തുടക്കമിടാൻ ചെറിയ നന്മകൾക്ക് സാധിക്കുമെന്ന് തെളിയിക്കുന്നതായിരുന്നു ഇവരുടെ പ്രവൃത്തിയെന്ന് മന്ത്രാലയം പുറത്തുവിട്ട വീഡിയോയിൽ വ്യക്തമാക്കുന്നു.
‘തൊഴിലാളികൾക്കായി ചെറിയൊരു നന്മ മാത്രമാണ് ഞാൻ ചെയ്തത്. എന്നാൽ, അവരുടെ മുഖത്തുണ്ടായ സന്തോഷം കണ്ടപ്പോൾ കൂടുതൽ കാര്യങ്ങൾ ചെയ്യാൻ പ്രചോദനമായി. നാം എപ്പോഴും സമൂഹത്തിൽ നല്ലൊരു മാറ്റം ഉണ്ടാക്കാൻ ശ്രമിക്കണം. ചെയ്യുന്ന നല്ല കാര്യങ്ങളിലൂടെയാണ് ആളുകൾ നമ്മെ ഓർക്കുക’- ആദരിക്കപ്പെട്ടവരിൽ ഒരാൾ പറഞ്ഞു. ‘ഇതൊരു മാനുഷികമായ പ്രവർത്തനമാണ്. ഇതിലൂടെ പ്രതിഫലമൊന്നും ആഗ്രഹിക്കുന്നില്ല. എല്ലാം അല്ലാഹുവിന്‍റെ തൃപ്തിക്ക് വേണ്ടി മാത്രം ചെയ്തതാണ്’ - രണ്ടാമത്തെ വനിത പ്രതികരിച്ചു.
മന്ത്രാലയം നൽകിയ ആദരവിൽ ഏറെ സന്തോഷവും നന്ദിയുമുണ്ടെന്ന് ഇരുവരും വ്യക്തമാക്കി. സഹിഷ്ണുത, ബഹുമാനം, ഉദാരമനസ്കത, സാമൂഹിക പ്രതിബദ്ധത എന്നിവക്ക് യു.എ.ഇ. ഭരണകൂടം എപ്പോഴും വലിയ പ്രാധാന്യമാണ് നൽകുന്നത്. തൊഴിലാളികളെ ചേർത്തുപിടിക്കുന്നതിലും അവർക്ക് പിന്തുണ നൽകുന്നതിലും സമൂഹത്തിന്‍റെ പങ്കാളിത്തം എത്രത്തോളം വലുതാണെന്ന് വ്യക്തമാക്കുന്നതാണ് ഇത്തരത്തിലുള്ള മാതൃകാപരമായ പ്രവർത്തനങ്ങളെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.