അൽ ഐൻ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വിരിഞ്ഞുനിൽക്കുന്ന പൂക്കൾ

പൂക്കൾ വിരിഞ്ഞുനിൽക്കും പുഷ്പവാടി; നഗരത്തിൽ വർഷം മുഴുവൻ നീളുന്ന 9.9 കോടി പൂക്കളുടെ വിസ്മയമൊരുക്കി അൽ ഐൻ

അൽ ഐൻ: വിവിധ വർണങ്ങളിൽ പൂത്തുലഞ്ഞുനിൽക്കുന്ന​ അൽ ഐൻ നഗരം ‘ഭംഗിയുള്ള വീട്’ എന്നർഥം വരുന്ന ‘ദാർ അൽ സൈൻ’ എന്ന പ്രസിദ്ധമായ വിശേഷണത്തെ അന്വർഥമാക്കുകയാണ്. നഗരവീഥികളിലും പൊതുനിരത്തുകളിലും വർഷം മുഴുവൻ പൂത്തുനിൽക്കുന്ന പത്തു കോടിയോളം പൂക്കളാണ് അൽ ഐനെ മനോഹരമായ വർണക്കൂടാരമാക്കി മാറ്റിയിരിക്കുന്നത്​. നഗരജീവിതത്തിൽ പ്രകൃതിസൗന്ദര്യം ഉറപ്പുവരുത്തുന്നതിന്‍റെ ഭാഗമായാണ് അൽ ഐൻ സിറ്റി മുൻസിപ്പാലിറ്റിയുടെ ഈ വൻ പദ്ധതി.

മുൻസിപ്പാലിറ്റിയുടെ നഴ്‌സറികളിൽ പ്രതിവർഷം 55 ലക്ഷത്തിലധികം തൈകൾ ഉത്പാദിപ്പിക്കുന്നുണ്ട്. ഏകദേശം 400,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഈ പൂക്കൾ നട്ടുപിടിപ്പിച്ചിരിക്കുന്നത്. മേഖലയിലെ തന്നെ ഏറ്റവും വലിയ ഹരിതവൽക്കരണ പദ്ധതികളിലൊന്നാണിത്. കാലാവസ്ഥക്ക്​ അനുയോജ്യമായ 30 തരം ചെടികളുടെ 40 വ്യത്യസ്ത ഇനങ്ങളാണ്​ നട്ടുപിടിപ്പിച്ചിരിക്കുന്നത്​. ഇതിൽ ചാരുതയാർന്ന 20 നിറങ്ങളിലുള്ള പൂക്കൾ. ഇവയാണ്​ അൽ ഐനെ എപ്പോഴും പൂക്കൾ വിരിഞ്ഞു നിൽക്കുന്ന പുഷ്പവാടിയാക്കുന്നത്.

കഠിനമായ ചൂട് താങ്ങാനുള്ള ശേഷി, പൂത്തുനിൽക്കുന്ന കാലയളവ്, നിറത്തിന്‍റെ സാന്ദ്രത, കുറഞ്ഞ വെള്ളത്തിന്‍റെ ഉപയോഗം തുടങ്ങിയ മാനദണ്ഡങ്ങൾ മുൻനിർത്തിയാണ് വളർത്തേണ്ട ചെടികളെ തിരഞ്ഞെടുക്കുന്നത്. വേനൽകാലത്തും തണുപ്പുകാലത്തും ഒരുപോലെ പൂക്കൾ നിലനിർത്തുന്ന രീതിയിലാണ് നടീൽ ക്രമീകരിച്ചിരിക്കുന്നത്.

മേയ് പകുതിയോടെ കടുത്ത ചൂടിനെ പ്രതിരോധിക്കുന്ന ചെടികളും, ഡിസംബർ അവസാനത്തോടെ കൂടുതൽ വർണാഭമായ ശീതകാല ചെടികളും നടുന്നു. റൗണ്ട് എബൗട്ടുകൾ, പാർക്കുകൾ, നടപ്പാതകൾ എന്നിവിടങ്ങളിലെല്ലാമായി കാഴ്ചയുടെ ഭംഗി വർധിപ്പിക്കുന്നതിനായി വെളുപ്പ്, ചുവപ്പ്, മഞ്ഞ, ഓറഞ്ച്, പിങ്ക്, വയലറ്റ്, നീല നിറങ്ങളിലുള്ള പൂക്കളെ തിരശ്ചീനവും ലംബവുമായ രീതിയിൽ കൃത്യമായ പാറ്റേണുകളിലാണ്​ ഡിസൈനർമാർ ക്രമീകരിച്ചിരിക്കുന്നത്​.

വിൻക, പെറ്റൂണിയ, അമരാന്തസ്, സിന്നിയ, ലാന്‍റാന, ചെണ്ടുമല്ലി, പോർട്ടുലാക്ക, ബെഗോണിയ, സ്റ്റോക്ക്, ഹൂളിഹോക്ക്, സാൽവിയ, ഡെൽഫിനിയം, ജെർബെറ, ആസ്റ്റർ, സെലോഷ്യ, ജെറേനിയം, വയോള, കോസ്മോസ്, സൂര്യകാന്തി, ഫ്രീസിയ, ജമന്തി, ഡാലിയ എന്നിവയാണ് പ്രധാനമായും ഉൾപ്പെടുത്തിയിരിക്കുന്ന ചെടികൾ.

ഓട്ടോമേറ്റഡ് ജലസേചന സംവിധാനവും ജൈവ വളപ്രയോഗവും വഴി കുറഞ്ഞ വെള്ളം ഉപയോഗിച്ച് നഗരത്തെ പച്ചപ്പണിയിക്കാനും പരിസ്ഥിതി സൗഹൃദമായി നിലനിർത്താനും മുൻസിപ്പാലിറ്റിക്ക് സാധിക്കുന്നു. ഓരോ സീസണിലും പുതിയ പൂവിനങ്ങളും വ്യത്യസ്തമായ ഡിസൈനുകളും അവതരിപ്പിച്ചും ആധുനിക ജലസേചന സാങ്കേതികവിദ്യ വികസിപ്പിച്ചും മുൻസിപ്പാലിറ്റി തങ്ങളുടെ തോട്ടങ്ങൾ പുതുക്കുന്നു. 

Tags:    
News Summary - A Garden in Full Bloom: Al Ain Creates a Year-Round Floral Wonderland with 99 Million Flowers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.