അന്താരാഷ്ട്ര വേട്ടയാടൽ, കുതിരപ്പന്തയ പ്രദർശനത്തിന്‍റെ പ്രഖ്യാപന വേള
അബൂദബി: ചരിത്രത്തിലെ ഏറ്റവും വലിയ അന്താരാഷ്ട്ര വേട്ടയാടൽ, കുതിരപ്പന്തയ പ്രദർശനത്തിന് (അഡിഹെക്‌സ് 2026) അബൂദബി വേദിയാകുന്നു. അൽ ദഫ്റ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയും എമിറേറ്റ്സ് ഫാൽക്കണേഴ്സ് ക്ലബ് ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ സായിദ് ആൽ നഹ്‌യാന്‍റെ രക്ഷാകർതൃത്വത്തിൽ അബൂദബി നാഷനൽ എക്സിബിഷൻ സെന്‍ററിലാണ് (അഡ്‌നെക്) പ്രദർശനം. ആഗസ്ത് 28 മുതൽ സെപ്റ്റംബർ ആറുവരെ നീളുന്ന മേള, ചരിത്രത്തിലാദ്യമായി 10 ദിവസങ്ങളിലായാണ് സംഘടിപ്പിക്കുന്നത്. ‘അഭിമാനത്തിന്റെ പാരമ്പര്യം’ എന്ന പ്രമേയത്തിലാണ് 23-ാമത് പതിപ്പ് ഒരുക്കിയിരിക്കുന്നത്.
എമിറേറ്റ്സ് ഫാൽക്കണേഴ്സ് ക്ലബുമായി സഹകരിച്ച് അഡ്‌നെക് ഗ്രൂപ്പാണ് മേള സംഘടിപ്പിക്കുന്നത്. ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാകും. വേട്ടയാടൽ ഉപകരണങ്ങൾ, കുതിരസവാരി, ഫാൽക്കണറി,, പൈതൃകം തുടങ്ങി 15 മേഖലകളിലെ അത്യാധുനിക ഉപകരണങ്ങളും സാങ്കേതികവിദ്യകളും പ്രദർശനത്തിലുണ്ടാകും.
റെക്കോർഡ് പങ്കാളിത്തം; വൻ വർധന
2003ൽ തുടക്കമിട്ട മേളയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പതിപ്പാണിത്. പ്രദർശകരുടെ പങ്കാളിത്തത്തിലും വിസ്തൃതിയിലും വലിയ വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. 71 രാജ്യങ്ങളിൽ നിന്നായി 2405 കമ്പനികളും ബ്രാൻഡുകളും അണിനിരക്കും. ആറ് രാജ്യങ്ങൾ ഇതാദ്യമായി മേളയുടെ ഭാഗമാകും. പ്രദർശന വിസ്തൃതി 17 ശതമാനം വർധിച്ച് 107,000 ചതുരശ്ര മീറ്ററായി ഉയർന്നു. 20 ശതമാനം വർധനവോടെ 55 ഫാൽക്കൺ ഫാമുകൾ പങ്കാളികളാകും. ഒമ്പത് പുതിയ ഫാമുകളും ഇതിലുണ്ട്.
നാലെണ്ണം മേളക്ക് മുന്നോടിയായും നാലെണ്ണം മേളക്കിടയിലുമായി ആകെ എട്ട് ഫാൽക്കൺ ലേലങ്ങൾ സംഘടിപ്പിക്കും. യു.എ.ഇയുടെ പരമ്പരാഗത പൈതൃകവും ഫാൽക്കണറി മൂല്യങ്ങളും വരുംതലമുറയിലേക്ക് പകർന്നുനൽകാനുള്ള വലിയൊരു വേദിയാണിതെന്ന് എമിറേറ്റ്സ് ഫാൽക്കണേഴ്സ് ക്ലബ് ജനറൽ സെക്രട്ടറി മാജിദ് അലി അൽ മൻസൂരി പറഞ്ഞു. ‘കുടുംബങ്ങളുടെ വർഷം’ ആചരിക്കുന്ന വേളയിൽ പാരമ്പര്യങ്ങൾ നേരിട്ടറിയാൻ കുടുംബങ്ങളെ സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വേട്ടയാടൽ, കുതിരസവാരി മേഖലകളിലെ രീതികളും പുത്തൻ സാങ്കേതികവിദ്യകളും പ്രദർശനത്തിന്‍റെ ആകർഷണമാകുമെന്ന് അഡ്‌നെക് ഗ്രൂപ്പ് സി.ഇ.ഒ ഹുമൈദ് അൽ ധാഹിരി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.