അബൂദബി: 2026-2027 അധ്യയന വർഷത്തിന് മുന്നോടിയായി യു.എ.ഇയിലെ 24,000ത്തിലധികം അധ്യാപകർക്കും സ്കൂൾ ജീവനക്കാർക്കുമായി വിദ്യാഭ്യാസ മന്ത്രാലയം പ്രത്യേക പരിശീലനം നൽകുന്നു. ആഗസ്റ്റ് 24 മുതൽ 28 വരെ നീളുന്ന അഞ്ചു ദിവസത്തെ ‘സ്പെഷലൈസ്ഡ് ട്രെയിനിങ് വീക്ക്’ വഴിയാണ് പരിശീലനം സംഘടിപ്പിക്കുന്നത്.
ക്ലാസ് മുറികളിൽ നിർമിത ബുദ്ധി (എ.ഐ) പ്രയോജനപ്പെടുത്തൽ, എല്ലാവരെയും ഉൾക്കൊള്ളുന്ന ബോധനരീതി, നേതൃ പാടവം വളർത്തൽ എന്നിവയിലാണ് ഈ പരിശീലനത്തിൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആഗോളതലത്തിലെ പുതിയ വിദ്യാഭ്യാസ രീതികൾ അധ്യാപകർക്ക് പരിചയപ്പെടുത്താനും പഠനനിലവാരം ഉയർത്താനുമാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
വിദ്യാഭ്യാസ മന്ത്രാലയം ഒരുക്കിയിരിക്കുന്ന 80ലധികം പ്രത്യേക പ്രോഗ്രാമുകളിലൂടെയും വർക്ക്‌ഷോപ്പുകളിലൂടെയും അധ്യാപകർക്ക് നേരിട്ടും ഓൺലൈനായും പങ്കാളികളാകാം. 500 പ്രിൻസിപ്പൽമാരും 1,200 വൈസ് പ്രിൻസിപ്പൽമാരും ഉൾപ്പെടെ 1,700 സ്കൂൾ തലവന്മാർക്കായി പ്രത്യേക പരിശീലന പദ്ധതിയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഡേറ്റ അടിസ്ഥാനമാക്കിയുള്ള തീരുമാനങ്ങൾ എടുക്കാനും, സ്കൂളുകളിൽ സുരക്ഷിതത്വവും എമിറാത്തി സംസ്കാരവും വളർത്തിയെടുക്കാനും ഈ പരിശീലനം സഹായിക്കും.
പുതിയ അധ്യയന വർഷത്തിന്‍റെ ആദ്യ ദിനം മുതൽ തന്നെ മികച്ച രീതിയിൽ പഠനം മുന്നോട്ട് കൊണ്ടുപോകാൻ അധ്യാപകരെ സജ്ജരാക്കുകയാണ് ഇതിലൂടെ മന്ത്രാലയം ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.