ലി​വ ഈ​ത്ത​പ്പ​ഴ മേ​ള​യി​ലെ കാ​ഴ്ച 

ലിവ ഈത്തപ്പഴമേള അല്‍ ദഫ്‌റയില്‍ ആരംഭിച്ചു

അബൂദബി: ഗള്‍ഫ് മേഖലയിലെ ഏറ്റവും വലുതും ശ്രദ്ധേയവുമായ ലിവ ഈത്തപ്പഴ മേളക്ക് അബൂദബി അല്‍ ദഫ്‌റയില്‍ തുടക്കമായി. അബൂദബിയില്‍നിന്ന് 150ലധികം കിലോമീറ്റര്‍ അകലെ ലിവ നഗര മേഖലാ പരിധിയില്‍ നടക്കുന്ന മേളയിലേക്ക് എല്ലാ വര്‍ഷവും നിരവധി പേരാണ് എത്തുന്നത്. സ്വദേശി കര്‍ഷകരെയും കൃഷിയെയും പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍റെ നിര്‍ദേശാനുസരണം ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. വാര്‍ഷിക വിളവെടുപ്പ് ഉത്സവമായ മേള കര്‍ഷകരുടെ മികവ് പ്രകടിപ്പിക്കാനുള്ള വേദി കൂടിയാണ്. മുന്തിയ ഇനം മുതല്‍ സാധാരണ ഈത്തപ്പഴം വരെ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഖലാസ്, ബൂമാന്‍, ഖനേസി, ദബ്ബാസ്, ഷിഷി, റുതാബ് തുടങ്ങിയ ഈത്തപ്പഴങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്.

ഈന്തപ്പനയോലകള്‍ കൊണ്ടുള്ള പായ, വിശറി, പാത്രങ്ങള്‍, ഈന്തപ്പന തണ്ടുകളാല്‍ നിര്‍മിച്ച ഇരിപ്പിടങ്ങള്‍, വിളക്കുകാലുകള്‍, മേള, പണപ്പെട്ടി, കരകൗശല വസ്തുകള്‍ തുടങ്ങിയവയും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതാണ്. ഈത്തപ്പഴ അച്ചാര്‍, ഉപ്പിലിട്ടത്, ജ്യൂസ്, വിനാഗിരി, ഹല്‍വ, ജാം തുടങ്ങിയവയും ഇവിടെ ലഭിക്കും. മേളയോടനുബന്ധിച്ച് 23 വ്യത്യസ്തമായ മത്സരങ്ങളും 293 സമ്മാനങ്ങളും ഉള്‍പ്പെടുന്നതാണ് 18ാമത് എഡിഷനെന്ന് ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഉബൈദ് ഖല്‍ഫാന്‍ അല്‍ മസ്‌റൂയി പറഞ്ഞു.

വിലപ്പെട്ട സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. ഏറ്റവും വലിയ ഈത്തപ്പഴക്കുല വിളയിച്ച കര്‍ഷകന്‍, മാതൃകാ ഫാം എന്നിവക്ക് സമ്മാനങ്ങള്‍ നല്‍കും. പത്തുലക്ഷം ദിര്‍ഹമിന്‍റെ സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.

പരമ്പരാഗത കരകൗശലവസ്തുക്കള്‍, തിയറ്റര്‍ പ്രവര്‍ത്തനങ്ങള്‍, എല്ലാ പ്രായക്കാര്‍ക്കും ആവേശകരമായ നിരവധി പരിപാടികള്‍ എന്നിവക്കുപുറമെ ഫോക് ലോര്‍ പ്രവര്‍ത്തനങ്ങളും ഫെസ്റ്റിവലില്‍ ഉണ്ടാകും. ഭക്ഷ്യസുരക്ഷയും ദേശീയ സമ്പദ്‌വ്യവസ്ഥയും ശക്തിപ്പെടുത്താന്‍ സഹായിക്കുന്നതിനുപുറമെ, രാജ്യത്തിന്‍റെ കാര്‍ഷിക മേഖലയുടെ അടിത്തറ സ്ഥാപിച്ച ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്‌യാന്‍റെ ശ്രമങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്യുകയാണ് മേളയുടെ ലക്ഷ്യമെന്ന് അബൂദബി പൊലീസ് കമാന്‍ഡറും കള്‍ച്ചറല്‍

പ്രോഗ്രാമുകളുടെ ഹെറിറ്റേജ് ഫെസ്റ്റിവല്‍സ് കമ്മിറ്റി ചെയര്‍മാനുമായ മേജര്‍ ജനറല്‍ പൈലറ്റ് ഫാരിസ് ഖലാഫ് അല്‍ മസ്‌റൂയി പറഞ്ഞു.

Tags:    
News Summary - Liwa Dates Fair started in Al Dhafra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.