ദുബൈ: സാമ്പത്തിക ശേഷിയില്ലാത്ത തൊഴിലാളികൾക്ക് നിയമസഹായം നൽകാൻ ലക്ഷ്യമിട്ട് ദുബൈ തൊഴിൽ കോടതി ആരംഭിച്ച സംരംഭത്തിൽ സന്നദ്ധസേവനത്തിനൊരുങ്ങി 14 അഭിഭാഷകർ. ഒയുൻ ഇനിഷ്യേറ്റിവ് എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതിയിൽ നിയമസഹായത്തിനു പുറമെ നിയമ നടപടികൾ എളുപ്പത്തിലാക്കാൻ ഏകദിന കോടതികളും ആരംഭിക്കുമെന്ന് തൊഴിൽ കോടതി ചീഫ് ജസ്റ്റിസ് ജഡ്ജ് ജമാൽ അലീം അൽ ജബീറി പറഞ്ഞു. സനദ് പദ്ധതിക്കു കീഴിൽ സമ്പൂർണ സൗജന്യ നിയമസേവനം നൽകുന്നതിനും നടപടികളുണ്ട്. മാനവ വിഭവ^സ്വദേശിവത്കരണ മന്ത്രാലയവുമായി കൂടിയാലോചിച്ച് ഏകദിന കോടതികൾക്ക് തുടക്കമിടും. കഴിഞ്ഞ വർഷം 9,000 കേസുകളാണ് തൊഴിൽ കോടതിയിലെത്തിയത്. ഇതിൽ 4,711 എണ്ണം ആറു മാസം കൊണ്ട് തീർപ്പാക്കി. ഇൗ വർഷം ആറു മാസം കൊണ്ട് 6,895 കേസുകൾ തീർപ്പായെന്നും കേസുകൾ എളുപ്പം പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള നടപടികളാണ് ഇതിനു സഹായകമായതെന്നും ജഡ്ജി പറഞ്ഞു.
പരാതികൾ രമ്യമായി പറഞ്ഞു തീർക്കാനാണ് ഏകദിന കോടതി ആദ്യം ശ്രമിക്കുക. അതു സാധ്യമാവാതെ വന്നാൽ വാദം കേട്ട് അന്നു തന്നെ വിധി പ്രഖ്യാപിക്കും. തൊഴിലാളികളുടെ അവകാശങ്ങൾ ഏറ്റവും വേഗത്തിൽ ഉറപ്പാക്കാൻ ഇത്തരം കോടതികൾ സഹായകമാവും. നടപടികൾ സുഗമമാക്കുന്നതിന് ചില പ്രക്രിയകൾ പുനക്രമീകരിക്കേണ്ടതുണ്ട്. ലീഗൽ നോട്ടീസ് പത്രങ്ങളിൽ പ്രസിദ്ധീകരിക്കണ മെന്ന നിബന്ധന പാവപ്പെട്ട തൊഴിലാളികൾക്ക് താങ്ങാനാവുന്നതല്ല.
ആഴ്ചയിൽ രണ്ടു ദിവസം രാത്രി നേരങ്ങളിൽ തൊഴിൽ കേസുകൾ വാദം കേൾക്കുന്ന നടപടിക്ക് മികച്ച പ്രതികരണമാണ്.ഇതിനകം300 കേസുകൾ രാത്രി ഷിഫ്റ്റിൽ കൈകാര്യം ചെയ്തു. ഇൗ ആഴ്ച മുതൽ രാത്രി ഷിഫ്റ്റിൽ കൂടുതൽ കേസുകൾ പരിഗണിക്കും.രേഖകൾ വിവർത്തനം ചെയ്യുന്ന സേവനവും സൗജന്യമാക്കാൻ ആലോചനയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.