കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ ഷാർജയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ സംസാരിക്കുന്നു
ഷാർജ: കെ.പി.സി.സി പുനഃസംഘടനയുമായി ബന്ധപ്പെട്ട നടപടികൾ രണ്ടോ മൂന്നോ ആഴ്ചക്കുള്ളിൽ ഉണ്ടാകുമെന്ന് പ്രസിഡന്‍റ് കെ. സുധാകരൻ. ഇതുമായി ബന്ധപ്പെട്ടിട്ടുള്ള ചർച്ച ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഷാർജയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വയനാട് ദുരന്തത്തിൽപ്പെട്ടവർക്ക് വെറുതെ വാഗ്ദാനം നൽകിയ ശേഷം സർക്കാർ നിരാശരാക്കുകയായിരുന്നു. കഴിഞ്ഞ ദിവസം അവിടെ നടത്തിയ സമരത്തിൽ കോൺഗ്രസ് പ്രവർത്തകരെ മർദിച്ച പൊലീസുകാരുടെ മാനസികാവസ്ഥ എന്താണെന്ന് ആലോചിച്ചു പോകുന്നു.
ആ ഉദ്യോഗസ്ഥരുടെ മാനസികാവസ്ഥയെയാണ് വിമർശിക്കപ്പെടേണ്ടത്. ദുരന്തം നടന്നിട്ട് ഇത്രകാലം കഴിഞ്ഞിട്ടും ഒരാൾക്ക് പോലും വീട് വെച്ച് നൽകാൻ സർക്കാറിന് കഴിഞ്ഞിട്ടില്ല. അതിനെ മാധ്യമങ്ങൾ എന്താണ് വിമർശിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.
നിശ്ചലമായി നിൽക്കുന്ന സർക്കാറിനെതിരെ സമരം ചെയ്യുകയല്ലാതെ പ്രതിപക്ഷമെന്ന നിലയിൽ അവരെ അഭിനന്ദിക്കുകയാണോ വേണ്ടത്. വയനാട് മുണ്ടക്കൈ പുനരധിവാസവുമായി ബന്ധപ്പെട്ട സമരം കോൺഗ്രസ് ഏറ്റെടുക്കും. ചേലക്കര മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്‍റെ സംഘടന സംവിധാനത്തിൽ ചെറിയ പോരായ്മകൾ ഉണ്ടായിട്ടുണ്ട്.
എന്നാൽ, അതിനെ പെട്ടെന്ന് മറികടക്കാൻ കഴിഞ്ഞുവെന്നും കെ.പി.സി.സി പ്രസിഡന്‍റ് പറഞ്ഞു. കോൺഗ്രസ് അനുകൂല സംഘടനയായ ഇൻകാസ് ഒരുക്കിയ യു.എ.ഇ ദേശീയദിന പരിപാടിയിലും സർക്കാറിനെതിരെ കെ. സുധാകരൻ ശക്തമായ വിമർശനമാണ് ഉന്നയിച്ചത്.
സി.പി.എം അണികൾക്കുപോലും മുഖ്യമന്ത്രി പിണറായി വിജയനിൽ വിശ്വാസം നഷ്ടപ്പെട്ടതായി അദ്ദേഹം പറഞ്ഞു. എങ്ങനെയെങ്കിലും പണമുണ്ടാക്കുക മാത്രമായി മുഖ്യമന്ത്രിയുടെ ലക്ഷ്യം മാറിയിരിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സി.പി.എം പ്രാദേശിക കമ്മിറ്റികളിൽപോലും സർക്കാറിന്‍റെ ഭരണപരാജയം വലിയ ചർച്ചയാണ്. മുഖ്യമന്ത്രിക്കെതിരെയുള്ള ആക്ഷേപങ്ങൾ വളരെ വലുതാണ്.
എട്ടു വർഷം ഭരിച്ച മുഖ്യമന്ത്രി പിണറായിയുടെ പേരിൽ ഉയർന്ന ഒരു വികസനം ചൂണ്ടിക്കാണിക്കാൻ സി.പി.എമ്മുകാരെ വെല്ലുവിളിക്കുകയാണ്. ജനങ്ങൾ എതിരാണ്. പാർട്ടി അണികൾ എതിരാണ്. അദ്ദേഹത്തിന് ഒറ്റ ലക്ഷ്യമേയുള്ളൂ. പണം പണം അതുമാത്രമാണ് അദ്ദേഹത്തിന്‍റെ ലക്ഷ്യമെന്നും സുധാകരൻ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.