യു.എ.ഇ വിമാനങ്ങൾക്ക് ഇന്ത്യയിലിറങ്ങാൻ അനുമതി നിഷേധിച്ചു

അബൂദബി: ഇത്തിഹാദ്, എയർ അറേബ്യ, എമിറേറ്റ്‌സ് എയർലൈൻ തുടങ്ങിയ യു.എ.ഇ വിമാനകമ്പനികളുടെ ചാർട്ടേഡ് വിമാനങ്ങൾക്ക് ഇന്ത്യൻ വിമാനത്താവളങ്ങളിൽ ലാൻഡ് ചെയ്യുന്നതിന് കേന്ദ്ര വ്യോമയാന വകുപ്പ് അപ്രതീക്ഷിത വിലക്കേർപ്പെടുത്തിയതോടെ പല ചാർട്ടേഡ് വിമാന യാത്രക്കാരുടെയും യാത്ര അനിശ്ചിതത്വത്തിലായി. 

ശനിയാഴ്ച (ഇന്ന്) ഉച്ചക്ക് 14.20ന് അബൂദബിയിൽ നിന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറക്കേണ്ടിയിരുന്ന അബൂദബി സംസ്ഥാന കെ.എം.സി.സി ചാർട്ടേഡ് ചെയ്ത ഇത്തിഹാദ് എയർവേയ്‌സിന്റെ ഇ.വൈ 254 വിമാനത്തിന്റെ യാത്രയാണ് ഡയറക്ടറേറ്റ് ഓഫ് ജനറൽ സിവിൽ ഏവിയേഷൻ അനുമതി ലഭിക്കാതിരുന്നതിനെ തുടർന്ന് അവസാന നിമിഷം റദ്ദാക്കിയത്​. എന്നാൽ സൗദി അറേബ്യയിൽ നിന്നും മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നുമുള്ള ഒട്ടേറെ വിമാന കമ്പനികൾക്ക് അനുവാദം നൽകിയിട്ടുമുണ്ട്.

കേരള സർക്കാർ, അബൂദബി ഇന്ത്യൻ സ്ഥാനപതി കാര്യാലയം, കേരള പ്രവാസികാര്യ വകുപ്പ് എന്നിവർക്കൊന്നും യു.എ.ഇ വ്യോമയാന കമ്പനികളുടെ വിമാനങ്ങൾക്ക് യാത്ര റദ്ദാക്കിയതു സംബന്ധിച്ച ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് അബൂദബി കെ.എം.സി.സി നടത്തിയ അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞതെന്ന് പ്രസിഡന്റ് ഷുക്കൂർ അലി കല്ലുങ്ങൽ അറിയിച്ചു.
 
അഞ്ചു കുട്ടികളും 178 മുതിർന്നവരും ഉൾപ്പെടെ 183 യാത്രക്കാരാണ് അവസാന നിമിഷം യാതൊരു മുന്നറിയിപ്പുമില്ലാതെ ഇന്ത്യാ ഗവന്മെന്റ് നടപ്പാക്കിയ പുതിയ നിയന്ത്രണം മൂലം യാത്ര മുടങ്ങി ബുദ്ധിമുട്ടിലായത്. യു.എ.ഇ വിമാനക്കമ്പനികൾക്ക് ഡയറക്ടറേറ്റ് ഓഫ് ജനറൽ സിവിൽ ഏവിയേഷൻ ഇന്ത്യൻ വിമാനത്താവളങ്ങളിൽ ഇറങ്ങുന്നതിനുള്ള അനുമതി നിഷേധിച്ചതിന്റെ കാരണം ഇപ്പോഴും അവ്യക്തമാണ്. 

വിമാനയാത്ര പുനരാരംഭിക്കാനുള്ള നടപടികളുമായി കെ.എം.സി.സി കേന്ദ്ര വ്യോമയാന വകുപ്പ് അധികൃതരും വിദേശ കാര്യമന്ത്രാലയവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. വളരെ പ്രതീക്ഷയോടെയാണ് ജോലി നഷ്ടപ്പെട്ടവർ ഉൾപ്പെടെയുള്ളവർ നാടണയാനുള്ള തയ്യാറെടുപ്പുകൾ പൂർത്തീകരിച്ചത്.

Tags:    
News Summary - Kozhikode charterd flight-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.