ദുബൈ എക്സ്പോയിലെ ഇന്ത്യൻ പവലിയനിൽ കേരള വാരം ഉദ്ഘാടനം ചെയ്ത ശേഷം ജൂബിലി പാർക്കിൽ നടന്ന സാംസ്കാരിക പരിപാടിയിൽ ലുലു ഗ്രൂപ്പ്​ ചെയർമാൻ എം.എ. യൂസുഫലി, യു.എ.ഇയിലെ ഇന്ത്യൻ അംബാസിഡർ സഞ്​ജയ്​ സുധീർ, മുഖ്യമന്ത്രി പിണറായി വിജയൻ, യു.എ.ഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അൽ ഹാശിമി, നടൻ മമ്മൂട്ടി എന്നിവർ

ദുബൈ: എക്സ്പോയിലെ ജൂബിലി പാർക്കിൽ വെള്ളിയാഴ്ച വൈകുന്നേരം നിറഞ്ഞുനിന്നത് കേരളവും മലയാളികളും. കേരള മുഖ്യമന്ത്രി പിണറായി വിജയനും നടൻ മമ്മൂട്ടിയും എത്തുമെന്നറിഞ്ഞ് നൂറ് കണക്കിന് മലയാളികൾ ജൂബിലി പാർക്കിൽ നേരത്തെ ഇടംപിടിച്ചിരുന്നു. ഇന്ത്യൻ പവലിയനിലെ കേരള പ്രദർശനത്തിന്റെ ഉദ്ഘാടന ശേഷമായിരുന്നു മുഖ്യമന്ത്രിയും സംഘവും ഇവിടെയെത്തിയത്. കരഘോഷങ്ങളോടെയാണ് ഇവരെ സ്വീകരിച്ചത്.

മലയാളത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്ന കലാപരിപാടികൾ നടന്നു. ശാസ്ത്രീയ നൃത്തം, നാടോടി നൃത്തം, ഒപ്പന തുടങ്ങിയവ വേദിയിൽ അരങ്ങേറി. യു.എ.ഇ മന്ത്രിയും എക്സ്പോ ഡയറക്ടർ ജനറലുമായ റിം അൽ ഹഷ്മി ഉദ്ഘാടനം ചെയ്തു. മലയാളികൾ യു.എ.ഇക്ക് നൽകുന്ന സംഭാവനകൾ വിലപ്പെട്ടതാണെന്നും ഈ രാജ്യം അവരോട് കടപ്പെട്ടിരിക്കുന്നുവെന്നും റിം അൽ ഹഷ്മി പറഞ്ഞത് ആരവങ്ങളോടെയാണ് വേദി ഏറ്റെടുത്തത്. മലയാളികൾക്ക് ഇവിടെയുള്ളവരുടെ ഹൃദയത്തിലാണ് സ്ഥാനമെന്ന് അവരുമായി സംസാരിച്ചപ്പോൾ മനസിലായെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആ വിശ്വാസം നിലനിർത്താൻ നമുക്ക് ബാധ്യതയുണ്ട്. 1979 മുതൽ ഇവിടെ വരാറുണ്ട്. എന്നും വിസ്മയിപ്പിച്ച നഗരമാണിത്. മലയാളികളുടെ രണ്ടാം വീടാണിതെന്നും അദ്ദേഹം കൂട്ടി ചേർത്തു.

മലയാളികളെ കുറിച്ചുള്ള ഇവരുടെ കാഴ്ചപ്പാട് വിവരിച്ച മുഖ്യമന്ത്രിയുടെ വാക്കുകൾ കേട്ട് കണ്ണ് നനഞ്ഞതായി മമ്മൂട്ടി പറഞ്ഞു. മഹാമേളയിൽ കേരളത്തിന്റെ പ്രദർശനങ്ങൾക്ക് അവസരം ലഭിച്ചത് അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞു. ജൂബിലി പാർക്കിലെ പരിപാടിക്ക് ശേഷം ഇന്ത്യൻ പവലിയന് സമീപത്തെ വേദിയിലും കേരളത്തിന്റെ സംസ്കാരിക പരിപാടികൾ നടന്നു. ഇനിയുള്ള ആറ് ദിവസവും ഇവിടെ കേരളത്തിന്റെ പരിപാടികൾ നടക്കും.



Tags:    
News Summary - Kerala will shine in the Expo now

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.