കേരള സോഷ്യൽ സെന്റർ സംഘടിപ്പിച്ച ഒപ്പനമത്സരം
അബൂദബി: കേരള സോഷ്യൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രഥമ യു.എ.ഇ തല ഒപ്പന മത്സരം സംഘടിപ്പിച്ചു. മൂന്നു വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ 19 ടീമുകളിലായി 150ഓളം പേർ പങ്കെടുത്തു.
ജൂനിയർ വിഭാഗത്തിൽ എട്ടും സീനിയർ വിഭാഗത്തിൽ നാലും മുതിർന്നവരുടെ വിഭാഗത്തിൽ ഏഴും ടീമുകളാണ് മാറ്റുരച്ചത്. കലാമണ്ഡലം ഫസീല, അസീസ് എടരിക്കോട്, മുഹമ്മദ് ചോറ്റൂർ എന്നിവർ വിധികർത്താക്കളായി നടന്ന മത്സരത്തിൽ മുതിർന്നവരുടെ വിഭാഗത്തിൽ നൂപുര അബൂദബിയും റിഥം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോമിങ് ആർട്സും ഒന്നാം സ്ഥാനം പങ്കിട്ടു. സീനിയർ വിഭാഗത്തിൽ നൃത്യ അബൂദബിക്കും ജൂനിയർ വിഭാഗത്തിൽ നർത്തന ഡാൻസ് സ്കൂളിനുമായിരുന്നു ഒന്നാം സമ്മാനം.
മുതിർന്നവരുടെ വിഭാഗത്തിൽ റിഥം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെർഫോമിങ് ആർട്സ് രണ്ടാം സ്ഥാനവും ടീം ഹോജാത്തീസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കിയപ്പോൾ സീനിയർ വിഭാഗത്തിൽ നർത്തന ഡാൻസ് സ്കൂളിനും ശക്തി തിയറ്റേഴ്സ് നാദിസിയ മേഖലക്കുമായിരുന്നു യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ. ജൂനിയർ വിഭാഗത്തിൽ ശക്തി തിയറ്റേഴ്സ് നാദിസിയ മേഖല രണ്ടാം സമ്മാനം നേടിയപ്പോൾ മൂന്നാം സ്ഥാനം നൃത്യ അബൂദബിയും നർത്തന ഡാൻസ് സ്കൂളും പങ്കിട്ടെടുത്തു.
വിജയികൾക്കുള്ള കാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും കേരള സോഷ്യൽ സെന്റർ ഭാരവാഹികൾ സമ്മാനിച്ചു. പ്രസിഡന്റ് എ.കെ. ബീരാൻകുട്ടി, ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ്, വനിത വിഭാഗം കൺവീനർ ഗീത ജയചന്ദ്രൻ എന്നിവർ സംസാരിച്ചു. സമ്മാനദാന ചടങ്ങിൽ കലാവിഭാഗം സെക്രട്ടറി ഷഹീർ ഹംസ സ്വാഗതവും ജോ. സെക്രട്ടറി പ്രകാശ് പല്ലിക്കാട്ടിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.