ദുബൈ: ലോകത്തെ മുൻനിര വിനോദസഞ്ചാര കേന്ദ്രമായി മാറിക്കഴിഞ്ഞ യു.എ.ഇ ഈ മേഖലയിലെ മുന്നേറ്റം തുടരുന്നു. വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിൽ(ഡബ്ല്യു.ടി.ടി.എസ്) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 2024ൽ യു.എ.ഇയുടെ യാത്രാ, ടൂറിസം മേഖല അസാധാരണമായ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.
രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിലേക്ക് മേഖല സംഭാവന ചെയ്തത് കഴിഞ്ഞ വർഷം 257.3 ബില്യൺ ദിർഹമാണ്. ഇത് ആകെ സമ്പദ്വ്യവസ്ഥയുടെ 13ശതമാനം വരും. 2023നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ടൂറിസം രംഗത്തിന്റെ സംഭാവന 3.2ശതമാനം വർധനവും 2019നെ അപേക്ഷിച്ച് 26ശതമാനം വളർച്ചയുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. സാമ്പത്തിക രംഗത്തെ ടൂറിസത്തിന്റെ സംഭാവനയിൽ ആഗോളതലത്തിലും പ്രാദേശിക തലത്തിലും കാഴ്ചവെച്ച ഏറ്റവും ഉയർന്ന വളർച്ചാ നിരക്കുകളിൽ ഒന്നാണിത്.
ദേശീയ സമ്പദ്വ്യവസ്ഥയുടെ ശക്തിയുടെയും വൈവിധ്യത്തിന്റെയും പുതിയ സൂചകമാണ് ഡബ്ല്യു.ടി.ടി.എസ് റിപ്പോർട്ട് വെളിപ്പെടുത്തുന്ന ടൂറിസം മേഖലയുടെ നേട്ടങ്ങളെന്ന് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രസ്താവിച്ചു. കഴിഞ്ഞ വർഷം അന്താരാഷ്ട്ര സന്ദർശകരുടെ ചിലവഴിക്കൽ 217 ബില്യൺ ദിർഹമും ആഭ്യന്തര ടൂറിസ്റ്റുകളുടെ ചെലവഴിക്കൽ 57 ബില്യൺ ദിർഹമിലും എത്തിയതായി അദ്ദേഹം കൂട്ടിച്ചേർത്തു. നൂറ്റാണ്ടുകളായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന രാജ്യങ്ങളെ മറികടന്ന്, അന്താരാഷ്ട്ര ടൂറിസം രംഗത്തെ ലോകത്തിലെ ഏറ്റവും മികച്ച ഏഴ് ലക്ഷ്യസ്ഥാനങ്ങളിൽ യു.എ.ഇ ഇടം നേടിയെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് സാമ്പത്തിക വൈവിധ്യവൽകരണവും സുസ്ഥിര വളർച്ചയും കൈവരിക്കുന്നതിനുള്ള തന്ത്രത്തിന്റെ കാതലായ സ്ഥാനം ടൂറിസത്തിനാണെന്ന് സാമ്പത്തിക, ടൂറിസം മന്ത്രിയും എമിറേറ്റ്സ് ടൂറിസം കൗൺസിൽ ചെയർമാനുമായ അബ്ദുല്ല ബിൻ തൂഖ് അൽ മർറി പറഞ്ഞു. യു.എ.ഇയുടെ ടൂറിസം സ്ട്രാറ്റജി 2031അനുസരിച്ചുള്ള ലക്ഷ്യങ്ങളിലേക്ക് വിനോദസഞ്ചാര മേഖല ആത്മവിശ്വാസത്തോടെ മുന്നേറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞവർഷം ലോകത്തെ പ്രധാന വിപണികളിൽ നിന്നായാണ് യു.എ.ഇയിൽ സന്ദർകരെത്തിയത്. ഇന്ത്യയിൽ നിന്ന് 14ശതമാനം, യു.കെയിൽ നിന്ന് 8ശതമാനം, റഷ്യയിൽ നിന്ന് 8ശതമാനം, ചൈനയിൽ നിന്ന് 5ശതമാനം, സൗദി അറേബ്യയിൽ നിന്ന് 5ശതമാനം, ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് 60ശതമാനം എന്നിങ്ങനെയാണ് സന്ദർശകരെത്തിയത്. ലെഷർ ടൂറിസം മേഖലയിലാണ് കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വരുമാനമുണ്ടായിരിക്കുന്നത്.
ഇത് ആകെ ചിലവഴിക്കലിന്റെ 84.7ശതമാനം വരും. ബിസിനസ് ടൂറിസം രംഗത്ത് 15.3ശതമാനമാണ് ചിലവഴിക്കൽ. വിനോദ മേഖലയും ബിസിനസ് മേഖലയും ഒരുപോലെ വളർച്ച കൈവരിക്കുന്നതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ടൂറിസം രംഗത്ത് വളർച്ച കൈവരിക്കുമ്പോഴും പരിസ്ഥിതി സംരക്ഷണത്തിലും സുസ്ഥിതാ ലക്ഷ്യങ്ങളിലും രാജ്യം ഉറച്ച കാൽവെപ്പുകളുമായാണ് മുന്നോട്ടുപോകുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നുണ്ട്.
2025ൽ യു.എ.ഇയിലെ അന്താരാഷ്ട്ര സന്ദർശകരുടെ ചെലവഴിക്കൽ 5.2ശതമാനം വർധിച്ച് ഏകദേശം 228.5 ബില്യൺ ദിർഹമിലെത്തുമെന്നാണ് പ്രവചിക്കപ്പെടുന്നത്. അതേടൊപ്പം ആഭ്യന്തര ടൂറിസ്റ്റുകളുടെ ചെലവഴിക്കൽ 4.3ശതമാനം വർധിച്ച് വർഷാവസാനത്തോടെ 60 ബില്യൺ ദിർഹമിലെത്തുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. സമ്പദ്വ്യവസ്ഥക്ക് നൽകുന്ന സംഭാവനയുടെ കാര്യത്തിൽ ഈ വർഷം കഴിഞ്ഞ വർഷത്തേക്കാൾ 6.7ശതമാനവും 2019നേക്കാൾ 13ശതമാനവും വർധനവാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.