പടം: സിറാജ്​ വി.പി. കീഴ്​മാടം

യു.എ.ഇയിൽ ജുമുഅ വീണ്ടും തുടങ്ങുന്നു

അബൂദബി: വിശ്വാസികളുടെ മനസിൽ കുളിർമഴപെയ്യിച്ച്​ ജുമുഅ നമസ്​കാരത്തിനായി പള്ളികൾ വീണ്ടും തുറക്കുന്നു. കോവിഡിനെ തുടർന്ന്​ എട്ട്​ മാസത്തോളമായി നിലച്ചിരുന്ന വെള്ളിയാഴ്​ച നമസ്​കാരമാണ്​ വീണ്ടും തുടങ്ങുന്നത്​. ഡിസംബർ നാല്​ മുതൽ രാജ്യത്തെ പള്ളികളിൽ 30 ശതമാനം ശേഷിയിൽ ജുമുഅ നടത്താമെന്ന്​ പബ്ലിക് എമർജൻസി ആൻഡ് ക്രൈസിസ് മാനേജ്‌മെൻറ്​ അതോറിറ്റി അറിയിച്ചു.

പള്ളി മുറ്റങ്ങളിലും ജുമുഅ പ്രാർത്ഥന അനുവദിക്കും. ഖുത്തുബ പ്രസംഗത്തിന് ഉച്ചഭാഷിണി ഉപയോഗിക്കാം. നമസ്‌കാര വേളയിലും ഖുത്തുബ നടക്കുമ്പോഴും രണ്ട് മീറ്റർ സുരക്ഷിത അകലം പാലിക്കണം. പള്ളിയിലേക്കുള്ള പ്രവേശന കവാടങ്ങളിൽ തിരക്കൊഴിവാക്കാൻ ശ്രദ്ധിക്കണം. ഖുത്തുബക്കും നമസ്‌കാരത്തിനും 10 മിനിറ്റിൽ കൂടുതൽ ദൈർഘ്യം പാടില്ല. പള്ളികളിലെ ജീവനക്കാരും സന്നദ്ധ പ്രവർത്തകരും മസ്ജിദിലേക്കുള്ള പ്രവേശനം സുരക്ഷിതമാക്കാൻ നടപടികളെടുക്കണം. മാസ്‌ക് നിർബന്ധം. പ്രാർഥനക്കുള്ള മുസല്ലയും കൊണ്ടുവരണം. അംഗ ശുദ്ധിക്കുള്ള സൗകര്യം, ശുചിമുറികൾ, വനിതാ പ്രാർഥനാ ഹാളുകൾ, കൂളറുകൾ എന്നിവ തുറക്കില്ല. അതിനാൽ, താമസ സ്​ഥലങ്ങളിൽ നിന്ന്​ അംഗശുദ്ധി വരുത്തിയ ശേഷം മാത്രമെ പള്ളിയിൽ എത്താവൂ.

മറ്റ്​ നമസ്​കാരങ്ങൾക്ക്​ 15 മിനിറ്റ്​ മുൻപ്​ പള്ളി തുറക്കും. മഗ്​രിബ്​ നമസ്​കാരത്തിന്​ അഞ്ച്​ മിനിറ്റ്​ മുൻപ്​ മാത്രമെ പള്ളി തുറക്കൂ. നമസ്​കാരം കഴിഞ്ഞ്​ പത്ത്​ മിനിറ്റിനകം പള്ളി അടക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.