ഷാർജ: ഐ.പി.സി വർഷിപ് സെന്റർ ഷാർജ സഭയുടെ സിൽവർ ജൂബിലി സമ്മേളനം ഫെബ്രുവരി ഏഴിന് വൈകീട്ട് 6.30ന് ഷാർജ വർഷിപ് സെന്റർ മെയിൻ ഹാളിൽ നടക്കും.
ഐ.പി.സി യു.എ.ഇ മേഖല പ്രസിഡന്റും സഭയുടെ സീനിയർ പാസ്റ്ററുമായ റവ. ഡോ. വിൽസൺ ജോസഫ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ശൈഖ് അഹ്മദ് ബിൻ സഖർ ബിൻ റാശിദ് അൽ ഖാസിമി, ഡയറക്ടർ ജനറൽ ഓഫ് പൊലീസ് പ്രിവന്റിവ് ഡിപ്പാർട്മെന്റ് പ്രതിനിധി മുഹമ്മദ് അലി, ദുബൈ ഇന്ത്യൻ കോൺസൽ (പാസ്പോർട്ട്) സുനിൽ കുമാർ, ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികൾ, സഭ മേലധ്യക്ഷന്മാർ, വിവിധ സഭ നേതാക്കന്മാർ, സർക്കാർ ഉദ്യോഗസ്ഥർ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ, മാധ്യമപ്രവർത്തകർ എന്നിവർ പങ്കെടുക്കും. സിൽവർ ജൂബിലി സുവനീർ പ്രകാശനവും ചാരിറ്റിയുടെ ഭാഗമായി നിർമിച്ചുനൽകുന്ന ഭവനത്തിന്റെ താക്കോൽദാനവും ചടങ്ങിൽ നടക്കും.
ജേണി ഓഫ് ഫെയ്ത് (വിശ്വാസയാത്ര) എന്നതാണ് സിൽവർ ജൂബിലി പ്രമേയം. സ്റ്റീഫൻ ദേവസ്യയും സോളിഡ് ബാൻഡും ചേർന്ന് അവതരിപ്പിക്കുന്ന മ്യൂസിക് നൈറ്റും ഉണ്ടായിരിക്കും. പരിപാടികൾക്കായി സഭയുടെ മുതിർന്ന പാസ്റ്ററോടൊപ്പം അസോസിയേറ്റ് പാസ്റ്റർ റവ. റോയി ജോർജ്, സെക്രട്ടറി പി.വി. രാജു, പബ്ലിസിറ്റി കൺവീനർ ജോൺ വിനോദ് സാം, സഭ കൗൺസിൽ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.