വ്യാജവിവരങ്ങൾ നൽകി അധികൃതരെ വഞ്ചിച്ച ഇൻവെസ്റ്റർക്ക് 7.71 ലക്ഷം ദിർഹം പിഴ
ദുബൈ: തന്‍റെ ക്രിമിനൽ പശ്ചാത്തലവും മുൻകാല തട്ടിപ്പ് കേസുകളും മറച്ചുവെച്ച് അധികൃതരെ തെറ്റിദ്ധരിപ്പിച്ച മുൻ സാമ്പത്തിക സ്ഥാപന ഉദ്യോഗസ്ഥൻ ഗാരി ജോസഫ് പീറ്റേഴ്സിന് ദുബൈ ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി (ഡി.എഫ്.എസ്.എ) 210,000 ഡോളർ (ഏകദേശം 7,71,330 ദിർഹം) പിഴ ചുമത്തി.
2020 നവംബർ മുതൽ 2022 ജൂൺ വരെ ഡി.എഫ്.എസ്.എയുടെ അംഗീകാരമുള്ള സ്ഥാപനത്തിൽ ചീഫ് ഓപറേറ്റിങ് ഓഫീസർ, മാനേജിങ് പാർട്ണർ തുടങ്ങിയ ഉന്നത പദവികൾ വഹിച്ചിരുന്ന ആളാണ് ഗാരി. നിർബന്ധിത അഭിമുഖത്തിനിടെയാണ് ഇയാൾ മുമ്പ് സാമ്പത്തിക തട്ടിപ്പുകളിലോ ക്രിമിനൽ കേസുകളിലോ ഉൾപ്പെട്ടിട്ടില്ലെന്ന് തെറ്റായ പ്രസ്താവന നടത്തിയത്.
മറ്റൊരു രാജ്യത്ത് നടന്ന മൂന്ന് വ്യത്യസ്ത കേസുകളിൽ തട്ടിപ്പും ക്രിമിനൽ കുറ്റങ്ങളും ചെയ്തതായി ഗാരി മുമ്പുതന്നെ സമ്മതിച്ചിട്ടുണ്ടെന്ന് ഡി.എഫ്.എസ്.എ കണ്ടെത്തി. തന്‍റെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളോ മാർക്ക് ലിസ്റ്റുകളോ ഹാജരാക്കാൻ അതോറിറ്റി നിരവധി തവണ ആവശ്യപ്പെട്ടിട്ടും ന്യായമായ കാരണങ്ങളൊന്നുമില്ലാതെ ഇയാൾ അതിന് തയാറായില്ല.
വൻതുക പിഴ ചുമത്തിയതിന് പുറമെ ഡി.എഫ്.എസ്.എ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതിൽ നിന്നും വിലക്കേർപ്പെടുത്തി. കൂടാതെ, ദുബൈ ഇന്‍റർനാഷനൽ ഫിനാൻഷ്യൽ സെന്‍ററുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളോ ബിസിനസുകളോ ചെയ്യുന്നതിൽ നിന്നും പൂർണമായും തടഞ്ഞിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.