പാര്‍ക്കിലെ റൈഡില്‍ കുട്ടിക്ക് പരിക്കേറ്റ സംഭവം: 25,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്
അബൂദബി: വിനോദ പാര്‍ക്കിലെ റൈഡില്‍ പങ്കെടുക്കവെ ആറുവയസ്സുകാരിയായ പെണ്‍കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ പാര്‍ക്ക് നടത്തിപ്പ് കമ്പനി 25,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് അബൂദബി ഫാമിലി, സിവില്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് അപ്പീല്‍ കോടതി ഉത്തരവിട്ടു. സുരക്ഷാവീഴ്ചയും ജാഗ്രതക്കുറവും മൂലമുണ്ടായ അപകടത്തില്‍ ക്രിമിനല്‍ കേസില്‍ കമ്പനിക്ക് നേരത്തെ വിധിച്ച 30,000 ദിര്‍ഹം പിഴക്ക് പുറമെയാണിത്. ഇതോടെ കേസില്‍ കമ്പനി അടക്കേണ്ട ആകെ സാമ്പത്തിക തുക 55,000 ദിര്‍ഹമായി ഉയര്‍ന്നു.
കുടുംബത്തോടൊപ്പം പരിപാടിയില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടി, എട്ടുവയസ്സുള്ള സഹോദരനൊപ്പമാണ് റൈഡില്‍ കയറിയത്. കുഞ്ഞിന്‍റെ പ്രായം കുറവായതിനാല്‍ കൂടെ ഒരാള്‍ പോകാന്‍ അനുവാദം ചോദിച്ചെങ്കിലും റൈഡ് ഓപ്പറേറ്റര്‍മാര്‍ അത് നിരസിക്കുകയായിരുന്നു. റൈഡ് പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ കുട്ടിയുടെ ഇടതുകാല്‍ റൈഡിന്‍റെ ഇരുമ്പ് ഭാഗങ്ങള്‍ക്കിടയില്‍ കുടുങ്ങി ഗുരുതരമായി പരിക്കേറ്റു. അപകടം നടന്നിട്ടും ഉടനടി റൈഡ് നിര്‍ത്താനോ ആംബുലന്‍സ് വിളിക്കാനോ ഉത്തരവാദപ്പെട്ടവര്‍ തയാറായില്ലെന്നും തുടര്‍ന്ന് പിതാവ് തന്നെയാണ് കുട്ടിയെ സ്വന്തം നിലയില്‍ ആശുപത്രിയിലെ അടിയന്തര വിഭാഗത്തില്‍ എത്തിച്ചതെന്നും ഹരജിയില്‍ വ്യക്തമാക്കുന്നു.
പരിശോധനയില്‍ കുട്ടിയുടെ ഇടതുകാലിലെ അസ്ഥിക്ക് ഒടിവും മുട്ടിന് വീക്കവും സ്ഥാനഭ്രംശവും ചലനശേഷിക്ക് തടസ്സവും സംഭവിച്ചതായി മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമായി. കുട്ടിക്ക് അനുഭവിക്കേണ്ടി വന്ന ശാരീരിക-മാനസിക വേദനകളും കുഞ്ഞിന്‍റെയും കുടുംബത്തിന്‍റെയും സാമ്പത്തിക, മാനസിക നഷ്ടങ്ങളും ചൂണ്ടിക്കാട്ടി പിതാവാണ് കോടതിയെ സമീപിച്ചത്. 100,000 ദിര്‍ഹം നഷ്ടപരിഹാരവും കേസ് ഫയല്‍ ചെയ്ത തീയതി മുതല്‍ ഒമ്പത് ശതമാനം നിയമപരമായ പലിശയും ഈടാക്കി നല്‍കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.
നടത്തിപ്പുകാരുടെ ഗുരുതര അശ്രദ്ധയാാണ് അപകടത്തിന് കാരണമായതെന്ന് കോടതി കണ്ടെത്തി. ക്രിമിനല്‍ കോടതിയും മുന്‍പ് സമാനമായ കുറ്റവും 30,000 ദിര്‍ഹം പിഴയും വിധിച്ചിരുന്നു. ഈ ക്രിമിനല്‍ വിധിയുടെ അടിസ്ഥാനത്തിലാണ് സിവില്‍ കോടതിയും കേസ് പരിഗണിച്ചത്. കുട്ടിക്ക് ഉണ്ടായ ശാരീരിക ക്ഷതത്തിനും കുട്ടിക്കും പിതാവിനും നേരിടേണ്ടി വന്ന മാനസിക പ്രയാസങ്ങള്‍ക്കും നഷ്ടപരിഹാരമായി 25,000 ദിര്‍ഹം സമഗ്ര നഷ്ടപരിഹാരമായി നല്‍കാന്‍ കമ്പനിയോട് കോടതി ഉത്തരവിട്ടു. ഒപ്പം കോടതി ചെലവുകളും 500 ദിര്‍ഹം അഭിഭാഷക ഫീസും കമ്പനി വഹിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.