പരസ്പരവിരുദ്ധ മൊഴി; 1,72,000 ദിര്‍ഹമിന്‍റെ വായ്പ കേസ് തള്ളി

അബൂദബി: പണം കൈമാറിയതുമായി ബന്ധപ്പെട്ട് പരസ്പരവിരുദ്ധമായ പ്രസ്താവനകള്‍ നടത്തിയതിനെ തുടര്‍ന്ന് 1,72,000 ദിര്‍ഹം ആവശ്യപ്പെട്ട് നല്‍കിയ കേസ് അബൂദബി കുടുംബ, സിവില്‍, അഡ്മിനിസ്‌ട്രേറ്റീവ് കോടതി തള്ളി. കുറ്റാരോപണ വിധേയനായ ആള്‍ക്ക് പണം ലഭിച്ചുവെന്ന് തെളിയിക്കുന്നതില്‍ വാദി പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി. കേസ് ചെലവുകളും ഫീസും വാദി തന്നെ നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

വായ്പാ കരാറും കടബാധ്യതാ രേഖയും അല്ലാതെ ഇരുവര്‍ക്കുമിടയില്‍ വാണിജ്യപരമോ കരാര്‍പരമോ ആയ യാതൊരുവിധ ബന്ധവുമില്ലെന്നും, ഇരുവരും ഒപ്പിട്ട ഈ രേഖപ്രകാരം നല്‍കിയ പണം പ്രതി തിരിച്ചുനല്‍കിയില്ലെന്നുമായിരുന്നു വാദിയുടെ ആരോപണം. എന്നാല്‍, കേസ് തള്ളിക്കളയണമെന്നും അവകാശവാദം അടിസ്ഥാനരഹിതവും തെളിവില്ലാത്തതുമാണെന്നും കാണിച്ച് പ്രതി കോടതിയില്‍ മെമ്മോറാണ്ടം സമര്‍പ്പിച്ചു. രേഖകളുടെ ആധികാരികതയെ ചോദ്യം ചെയ്ത പ്രതി, ഒറിജിനല്‍ വായ്പാ കരാര്‍ ഹാജരാക്കാന്‍ വാദിയോട് ആവശ്യപ്പെടണമെന്ന് കോടതിയില്‍ അഭ്യർഥിച്ചു.

കേസ് അന്വേഷണത്തിന് വിടണമെന്നും സാക്ഷികളെ വിസ്തരിക്കണമെന്നും പ്രതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് വിസ്താരത്തിനിടയില്‍ പണം കൈമാറിയതിനെക്കുറിച്ച് വാദി പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞത്. താന്‍ പണം നല്‍കിയെന്ന് ആദ്യം പറഞ്ഞ വാദി, പിന്നീട് അത് നല്‍കിയിട്ടില്ലെന്ന് മൊഴി മാറ്റുകയായിരുന്നു. വാദി ഉന്നയിക്കുന്ന അവകാശവാദങ്ങള്‍ തെളിയിക്കേണ്ട ബാധ്യത പരാതിക്കാരന് തന്നെയാണെന്ന് കോടതി വ്യക്തമാക്കി.

Tags:    
News Summary - Contradictory testimony; court dismisses 172,000 Dirham loan case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.