ദുബൈ: അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘം യു.എ.ഇയിൽ പിടിയിൽ. ബഹ്റൈനിലെ വിവിധ അതോറിറ്റികളുമായി കൈകോർത്ത് ദുബൈ, ഷാർജ പൊലീസ് നടത്തിയ സംയുക്ത നീക്കത്തിലാണ് 14 അംഗ സംഘത്തെ പിടികൂടിയത്. പ്രതികളിൽ സംഘത്തലവൻ അടക്കം ആറ് പേർ ഇന്ത്യക്കാരാണ്. ആഫ്രിക്കൻ വംശജരാണ് മറ്റുള്ളവർ. ഇവരിൽ 56.623 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തു. കൂടാതെ 8,159 മയക്കുമരുന്ന് ഗുളികകളും ഹഷിഷ് ഓയിൽ നിറച്ച ഇലക്ട്രോണിക് സിഗരറ്റുകളും പിടിച്ചെടുത്തിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയിൽ ഇതിന് 33 ലക്ഷം ദിർഹം വിലവരും. ബഹ്റൈനിൽ വെച്ചാണ് സംഘത്തലവൻ അറസ്റ്റിലായത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് യു.എ.ഇയിൽ നിന്ന് മറ്റ് 13 പ്രതികളും അറസ്റ്റിലായത്. ബഹ്റൈൻ അതോറിറികളുമായി സഹകരിച്ച് സംഘത്തലവനെ യു.എ.ഇയിലെത്തിക്കുകയായിരുന്നു. ബഹ്റൈനിൽ നിന്ന് ഇയാളുടെ നിർദേശം അനുസരിച്ചായിരുന്നു യു.എ.ഇയിലെ സംഘത്തിന്‍റെ പ്രവർത്തനങ്ങൾ. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മയക്കുമരുന്ന് വിൽപന നടത്തിയിരുന്നത് ഇയാളുടെ നിയന്ത്രണത്തിലായിരുന്നു. ബന്ധപ്പെട്ട രഹസ്യാന്വേഷണ വിഭാഗങ്ങളുമായി കൈകോർത്ത് നടത്തിയ ഏറെ നാളത്തെ അന്വേഷണത്തിനും നിരീക്ഷണത്തിനും ഒടുവിലാണ് സംഘം വലയിലായത്.
മയക്കുമരുന്നിനെ ജനങ്ങളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്ന് അതോറിറ്റികൾ വ്യക്തമാക്കി. മയക്കുമരുന്ന് വിതരണ ശൃംഖല തകർക്കാൻ ലക്ഷ്യം വെച്ചുള്ള ദേശീയ തന്ത്രങ്ങളുടെ ഭാഗമായാണ് നീക്കം. പ്രതികളെ നിയമനടപടികൾക്കായി പ്രോസിക്യൂഷൻ കൈമാറും. അതേസമയം, കഴിഞ്ഞ മൂന്നു മാസത്തിനിടെ മയക്കുമരുന്നുകളുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ പ്രോത്സാഹിപ്പിക്കുന്ന 110 വെബ്സൈറ്റുകളെ നിരോധിച്ചതായി കഴിഞ്ഞ ദിവസം ദുബൈ പൊലീസ് വെളിപ്പെടുത്തിയിരുന്നു. ഓൺലൈൻ വഴി മയക്കുമരുന്നുകളുടെ ഉപയോഗവും വിൽപനയും പ്രോത്സാഹിപ്പിച്ച നിരവധി പേരെ അറസ്റ്റു ചെയ്തിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.