റാസൽഖൈമക്ക് ‘മെസ്സി കരുത്ത്’
റാസല്ഖൈമ: ഫുട്ബാള് ഇതിഹാസം ലയണല് മെസ്സിക്കായി റാസല്ഖൈമയില് ആഡംബര നൗകയുടെ നിര്മാണം പുരോഗമിക്കുന്നു. റാക് സണ്റീഫ് കപ്പല്ശാലയില് മെസ്സിയുടെ പുതിയ ആഡംബര നൗക ‘സണ്റീഫ് അള്ട്ടിമ 88’ നിര്മിക്കുന്നതായി യു.എ.ഇയിലെ പ്രാദേശിക മാധ്യമങ്ങളാണ് റിപ്പോര്ട്ട് ചെയ്തത്. ഏകദേശം 26.8 മീറ്റര് നീളമുള്ള നൗകയില് അഞ്ച് ആഡംബര സ്യൂട്ടുകളും കടല് സൗന്ദര്യം ആസ്വദിക്കാനും കടലിനോട് ചേര്ന്ന് വിശ്രമിക്കാനും ജലകായിക വിനോദങ്ങളില് ഏര്പ്പെടാനും സൗകര്യമൊരുക്കുന്ന പ്രത്യേക ഓഷ്യന് ലോഞ്ചും ഉള്പ്പെടുന്നു.
ജെറ്റ്സ്കീ സൂക്ഷിക്കുന്നതിന് പ്രത്യേക ഗാരേജ്, വിശാലമായ ഔട്ട്ഡോര് വിശ്രമ മേഖല, വലിയ ൈഫ്ലബ്രിഡ്ജ് എന്നിവയും നൗകയുടെ പ്രത്യേകതകളാണ്. 1,000 കുതിരശക്തിയുള്ള ഇരട്ട എഞ്ചിനുകളാണ് നൗകയുടെ കരുത്ത്. വേഗതയും മികച്ച നിയന്ത്രണശേഷിയും ഉറപ്പാക്കുന്നതിനൊപ്പം കുടുംബത്തോടൊപ്പം കടലില് സ്വകാര്യമായി സമയം ചെലവഴിക്കാനുള്ള സൗകര്യവും ഇതിലൂടെ ലഭിക്കും. മെസ്സിയുടെ നിലവിലുള്ള ‘മിം ഒസീന്’ നൗക ശേഖരത്തിന്റെ ഭാഗമായ ഈ പുതിയ നൗക സ്പെയിനിലെ ബലെയാറിക് ദ്വീപുകള് കേന്ദ്രീകരിച്ചാണ് ഉപയോഗിക്കുക.
ആഡംബര കപ്പല്-കരകൗശല നിര്മാണ മേഖലയില് ലോക പ്രശസ്തരായ സണ്റീഫ് യാച്ച്സ് 2002ലാണ് റാസല്ഖൈമയിലെത്തിയത്. റാക് മാരിടൈം സിറ്റിയില് വിപുലമായ ആഡംബര നൗക നിര്മാണ സംരംഭം രണ്ട് വര്ഷങ്ങള്ക്ക് മുമ്പാണ് പ്രഖ്യാപിച്ചത്.
65,000 ചതുരശ്ര വിസ്തൃതിയിലുള്ള നിര്മാണ യൂനിറ്റാണ് ഇവിടെയുള്ളത്. ആഡംബര കപ്പലുകളും വിവിധ ആവശ്യങ്ങള്ക്കുള്ള ബോട്ടുകളുമാണ് ഇവിടെ നിര്മിക്കുന്നത്. സണ്റീഫിന്റെ റാക് മാരിടൈമിന്റെയും സാങ്കേതിക-വിഭവങ്ങള് പരസ്പരം പ്രയോജനപ്പെടുത്തിയുള്ള നിര്മാണശാലയില് അത്യാധുനിക മെഷിനറികള്, റോബോട്ടിക്സ് ഉള്പ്പെടുന്ന നവീന പെയ്ന്റ് ഷോപ്പ്, വുഡ്-സ്റ്റീല്,-അപ്പ്ഹോള്സ്റ്ററി വര്ക് ഷോപ്പുകളുമുണ്ട്. സണ്റീഫ് യാച്ച്സില് ലോക ഫുട്ബാളിലെ ഇതിഹാസതാരത്തിന്റെ പേരുമായി ബന്ധപ്പെട്ട വാര്ത്ത യു.എ.ഇയുടെ കപ്പല് നിര്മാണ-സമുദ്ര വ്യവസായ മേഖലയുടെ കീര്ത്തി വർധിപ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.