ജി.ഡി.ആർ.എഫ്.എ ദുബൈ പുറത്തിറക്കിയ ബ്രോഷറിൽനിന്ന്​

ദുബൈ വിമാനത്താവളത്തിൽ അഞ്ചുമിനിറ്റിൽ അന്താരാഷ്ട്ര ഡ്രൈവിങ് പെർമിറ്റ്

ദുബൈ: സാധുവായ യു.എ.ഇ ഡ്രൈവിങ് ലൈസൻസുള്ള യു.എ.ഇ പൗരന്മാർക്കും താമസക്കാർക്കും ഇനി ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെറും അഞ്ച് മിനിറ്റിനുള്ളിൽ അന്താരാഷ്ട്ര ഡ്രൈവിങ് പെർമിറ്റ് നേടാം. ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്–ദുബൈ, റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി, എമിറേറ്റ്സ് ഓട്ടോമൊബൈൽ ആൻഡ് ടൂറിങ്​ ക്ലബ്, എമിറേറ്റ്‌സ് ബിസിനസ്‌മെൻ സർവീസസ് സെന്‍റർ ആമർ എന്നിവയുടെ സഹകരണത്തോടെയാണ് പുതിയ സേവനം ആരംഭിച്ചത്.

ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 3 അറൈവൽസിലുള്ള കസ്റ്റമർ ഹാപ്പിനസ് സെന്‍ററിലാണ് സേവനം ലഭ്യമാക്കുന്നത്. യാത്രക്ക്​ മുമ്പുള്ള നടപടിക്രമങ്ങൾ ലളിതമാക്കുകയും ഇടപാടുകൾ വേഗത്തിൽ പൂർത്തിയാക്കുകയും ചെയ്യുകയാണ് സേവനത്തിന്‍റെ ലക്ഷ്യം.

അന്താരാഷ്ട്ര ഡ്രൈവിങ് പെർമിറ്റിനായി അപേക്ഷിക്കുന്നവർ എമിറേറ്റ്സ് ഐ.ഡി, സാധുവായ യു.എ.ഇ ഡ്രൈവിങ് ലൈസൻസ്, പാസ്‌പോർട്ടിന്‍റെ പകർപ്പ്, വ്യക്തിഗത ഫോട്ടോ എന്നിവ ഹാജരാക്കണം. പങ്കാളികളായ സ്ഥാപനങ്ങളുടെ ഡിജിറ്റൽ സംവിധാനങ്ങൾ തമ്മിലുള്ള സംയോജനത്തിലൂടെയാണ് സേവനം പ്രവർത്തിക്കുന്നത്.

അപേക്ഷ ലഭിച്ചാൽ സിസ്റ്റം ഉപഭോക്താവിന്‍റെ വിവരങ്ങൾ സ്വമേധയാ പരിശോധിക്കുകയും അപേക്ഷക്ക്​ തൽക്ഷണം അംഗീകാരം നൽകുകയും ചെയ്യും. ഇതുവഴി കൃത്യതയോടെയും വേഗത്തിലും നടപടിക്രമങ്ങൾ പൂർത്തിയാക്കാനാകും. സേവനം ആഴ്ചയിൽ ഏഴ് ദിവസവും 24 മണിക്കൂറും ലഭ്യമാണ്.

ഉപഭോക്താവിന്‍റെ യാത്രാനുഭവം സ്മാർട്ട് ട്രാവൽ ഇക്കോസിസ്റ്റത്തിന്റെ ഭാഗമാക്കുകയാണ് ലക്ഷ്യമെന്ന് ജി.ഡി.ആർ.എഫ്.എ ദുബൈ അസി. ഡയറക്ടർ ജനറൽ ഫോർ എൻട്രി പെർമിറ്റ്സ് ആൻഡ് റെസിഡൻസി മേജർ ജനറൽ ഖലഫ് അഹമ്മദ് അൽ ഗൈത്ത് പറഞ്ഞു. ശരിയായ സ്ഥലത്തും സമയത്തും പ്രോആക്ടീവ് സേവനങ്ങൾ ലഭ്യമാക്കുന്നതിന്‍റെ ഭാഗമായാണ് വിമാനത്താവളത്തിൽ അന്താരാഷ്ട്ര ഡ്രൈവിങ് പെർമിറ്റ് സേവനം ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

തന്ത്രപ്രധാന പങ്കാളികൾ തമ്മിലുള്ള സഹകരണത്തിന്‍റെ നൂതന മാതൃകയാണ് ഈ സേവനമെന്ന് ദുബൈ ആർ.ടി.എ ലൈസൻസിങ് ഏജൻസി സി.ഇ.ഒ അഹമ്മദ് മഹ്ബൂബ് പറഞ്ഞു. ദുബൈ അന്താരാഷ്ട്ര വിമാനത്താവളം പോലുള്ള പ്രധാന കേന്ദ്രത്തിൽ തൽക്ഷണ സേവനം ലഭ്യമാക്കുന്നതിലൂടെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - International Driving Permit in Five Minutes at Dubai Airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.