ദുബൈ: യു.എ.ഇയിലെ ഇന്ത്യൻ പ്രവാസികളുടെ ജനസംഖ്യ 43ലക്ഷം പിന്നിട്ടു. പത്തു വർഷത്തിനിടെ രണ്ടു മടങ്ങ് വർധനയാണ് പ്രവാസി ജനസംഖ്യയിലുണ്ടായത്. ദുബൈ ഇന്ത്യൻ കോൺസുലേറ്റാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തൊഴിൽ തേടി യു.എ.ഇയിലെത്തുന്ന ഇന്ത്യക്കാരുടെ എണ്ണം സർവകാല റെക്കോഡിലാണ് എന്നാണ് കോൺസുലേറ്റ് പറയുന്നത്.
ഏറ്റവും പുതിയ കണക്കു പ്രകാരം 43.6 ലക്ഷം ഇന്ത്യക്കാരാണ് യു.എ.ഇയിൽ താമസിക്കുന്നത്. ദുബൈയിൽ നടന്ന ഇന്ത്യ-യു.എ.ഇ കോൺക്ലേവിൽ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവനാണ് പ്രവാസി സമൂഹവുമായി ബന്ധപ്പെട്ട സ്ഥിതി വിവരക്കണക്കുകൾ പങ്കുവെച്ചത്.
2023 ഡിസംബറിൽ 38.9 ലക്ഷമായിരുന്നു യു.എ.ഇയിലെ ഇന്ത്യക്കാരുടെ എണ്ണം. അടുത്ത ഒരു വർഷത്തിനുള്ളിലാണ് ഇത് 43.6 ലക്ഷത്തിലെത്തിയിരിക്കുന്നത്. പത്തു വർഷം മുമ്പ് ഇത് 22 ലക്ഷം മാത്രമായിരുന്നു ഇത്. കണ്ണുചിമ്മുന്ന വേഗത്തിലാണ് യു.എ.ഇയിലെ ഇന്ത്യക്കാരുടെ എണ്ണം വർധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.എ.ഇയിലെ ഇന്ത്യക്കാരിൽ പകുതിയിലേറെ പേരും താമസിക്കുന്നത് ദുബൈ എമിറേറ്റിലാണ്. ജനസംഖ്യ വർധിച്ചതിനൊപ്പം, ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും ശക്തിപ്പെട്ടതായി സതീഷ് കുമാർ ശിവൻ ചൂണ്ടിക്കാട്ടി.
യു.പി.ഐ അടക്കമുള്ള പേമെന്റ് പ്ലാറ്റ്ഫോമുകൾ വന്നത് സാമ്പത്തിക ഇടപാടുകൾ ലളിതമാക്കി. യു.എ.ഇയുടെ ആരോഗ്യരംഗം, റിയൽ എസ്റ്റേറ്റ്, റീട്ടെയിൽ തുടങ്ങിയ മേഖലകളിലെല്ലാം ഇന്ത്യക്കാർ വലിയ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും അത് എമിറേറ്റിന്റെ കൂടി വളർച്ചക്ക് കാരണമായതായും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വർഷം ഡിസംബറിൽ ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ-യു.എ.ഇ സംയുക്ത സമിതി യോഗം, ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള മനുഷ്യവിഭവ ശേഷി ചർച്ച ചെയ്തിരുന്നു. ഇന്ത്യൻ സമൂഹം യു.എ.ഇയുടെ വികസനത്തിന് നൽകിയ സംഭാവനക്ക് വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് ആൽ നഹ്യാൻ നന്ദി അറിയിക്കുകയും ചെയ്തിരുന്നു. സമഗ്ര സാമ്പത്തിക കരാർ ഒപ്പുവെച്ച ശേഷം ഇരുരാജ്യങ്ങൾക്കുമിടയിലെ വ്യാപാര ബന്ധവും ശക്തിപ്പെട്ടിട്ടുണ്ട്.
ഇന്ത്യക്കാരുടെ വരവ് ദുബൈ അടക്കമുള്ള എമിറേറ്റുകളിലെ പ്രവാസി നിക്ഷേപവും വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 15ശതകോടി ദിർഹമാണ് ദുബൈയിലെ ഇന്ത്യൻ കമ്പനികളുടെ നിക്ഷേപം. കഴിഞ്ഞ വർഷം മാത്രം ദുബൈ വരവേറ്റത് 16,623 ഇന്ത്യൻ കമ്പനികളെയാണ്.
ദുബൈയിൽ ബിസിനസ് ചെയ്യുന്ന ഇന്ത്യൻ സ്ഥാപനങ്ങളുടെ എണ്ണം എഴുപതിനായിരത്തിലേറെയാണ്. 2023ലെ കണക്കു പ്രകാരം ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള എണ്ണയിതര വ്യാപാരം 54.2 ബില്യൺ ഡോളറാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.