ജിക്കൂ..നീയെവിടെ? ഓമനനായയെ കണ്ടെത്തുന്നവർക്ക് 15,000 ദിർഹം പാരിതോഷികം പ്രഖ്യാപിച്ച് അബൂദബിയിലെ ഇന്ത്യൻ കുടുംബം
അബൂദബി: ആകെ മനസ്സു തകർന്നിരിക്കുകയാണൊരു കുടുംബം. അവരുടെ അരുമയായ നായയെ കാണാതായിട്ട് ഒരു മാസം പിന്നിട്ടുകഴിഞ്ഞു. ഇതിനിടയിൽ അബൂദബി മുഴുവൻ അരിച്ചുപെറുക്കിയിട്ടും അവനെ കണ്ടെത്താനായിട്ടില്ല. അൽ മുശ്രിഫിൽ താമസിക്കുന്ന ഇന്ത്യൻ കുടുംബമാണ് തങ്ങളുടെ രണ്ടു വയസ്സുകാരനായ ‘ജിക്കു’ എന്ന നായയെ അന്വേഷിച്ച് സങ്കടപ്പെട്ടിരിക്കുന്നത്. പലയിടത്തും തിരഞ്ഞിട്ടും ഫലമില്ലാതായതോടെ മാൾട്ടീസ് ഇനത്തിൽപ്പെട്ട നായയെ കണ്ടെത്താൻ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയാണ് കുടുംബം. തങ്ങളുടെ പ്രിയപ്പെട്ട നായയെ തിരിച്ചെത്തിക്കുന്നവർക്ക് ഒന്നും രണ്ടുമല്ല, 15,000 ദിർഹം (ഏകദേശം 3.4 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) പാരിതോഷികം നൽകുമെന്നാണ് ഇവരുടെ പ്രഖ്യാപനം.
അൽ മുശ്രിഫിലെ പുതിയ വീട്ടിലേക്ക് താമസം മാറിയതിന് തൊട്ടുപിന്നാലെ ജൂലൈ മൂന്നിനാണ് കുടുംബത്തിന് ജിക്കുവിനെ നഷ്ടമാകുന്നത്. മുശ്രിഫ് മാളിന് സമീപമുള്ള പുതിയ വീട്ടിലെ അപരിചിതത്വത്തെ തുടർന്നാണ് ജിക്കു വീടിന് പുറത്തേക്ക് കടന്നത്. ആദ്യം വീട്ടുപരിസരങ്ങളിൽ മാത്രം നടത്തിയ തിരച്ചിൽ പിന്നീട് വാട്സ്ആപ് കൂട്ടായ്മകളും പോസ്റ്ററുകളും വഴി നഗരമൊട്ടുക്കും വ്യാപിപ്പിക്കുകയായിരുന്നു.
നായയെ പലയിടങ്ങളിലായി കണ്ടുവെന്ന് ചിലർ വിവരം നൽകിയിരുന്നു. ജൂലൈ അവസാനത്തോടെ അൽ നദ ഗേൾസ് സ്കൂളിനും ഇന്‍റർനാഷനൽ കമ്യൂണിറ്റി സ്കൂളിനും സമീപം നായയെ കണ്ടതായി ദൃക്സാക്ഷികൾ പറഞ്ഞു. കുടുംബം മുമ്പ് താമസിച്ചിരുന്ന സ്ഥലത്തിന് അടുത്താണിത്. അതിനിടെ, അഡ്നോക് പെട്രോൾ പമ്പിന് സമീപം ഒരാൾ ഒരു ചെറിയ വെള്ള നായയെ കൈയിലേന്തി ആളുകളോട് ഉടമസ്ഥരെക്കുറിച്ച് അന്വേഷിക്കുന്നത് കണ്ടതായി ദൃക്സാക്ഷികൾ വെളിപ്പെടുത്തി. ഏറെ പ്രതീക്ഷയോടെ ആ വഴിയിൽ ശ്രമിച്ചുനോക്കിയെങ്കിലും അയാളെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് കുടുംബം ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
തുടക്കത്തിൽ 5,000 ദിർഹമായിരുന്നു പ്രതിഫലത്തുകയായി പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ദുബൈ ആസ്ഥാനമായുള്ള ‘ഗൾഫ് ഇൻവെസ്റ്റ്’ എന്ന കമ്പനിയുടെ സഹായത്തോടെയാണ് അത് 15,000 ദിർഹമായി ഉയർത്തിയത്. നായയെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് ഒരു ചോദ്യങ്ങളുമില്ലാതെ ഈ തുക ഉടനടി കൈമാറുമെന്നാണ് കുടുംബം വ്യക്തമാക്കുന്നത്.
പ്രതിഫലം പ്രഖ്യാപിച്ചതോടെ വ്യാജ സന്ദേശങ്ങളും പണം തട്ടാനുള്ള ഫോൺ കോളുകളും വരുന്നുണ്ടെങ്കിലും, ജിക്കുവിനെ കണ്ടെത്തുമെന്ന പ്രതീക്ഷയിൽ എല്ലാ കോളുകൾക്കും കുടുംബം മറുപടി നൽകുന്നുണ്ട്. സുഹൃത്തുക്കളുടെയും സന്നദ്ധപ്രവർത്തകരുടെയും സഹായത്തോടെ യു.എ.ഇയിലെ വിവിധ എമിറേറ്റുകളിലെ വെറ്ററിനറി ക്ലിനിക്കുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു.
8732 എന്ന അവസാന നാലക്കങ്ങളിലുള്ള മൈക്രോചിപ്പ് ഘടിച്ച, വെള്ള നിറത്തിലുള്ള ഈ ആൺ നായയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0562980817, 0556105319 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് കുടുംബം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.