അബൂദബി: ജുമുഅ നമസ്‌കാര സമയങ്ങളില്‍ പള്ളികള്‍ക്ക് മുന്നിലും പ്രധാന റോഡുകളിലും വാഹനങ്ങള്‍ അനധികൃതമായി പാര്‍ക്ക് ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി അബൂദബി പൊലീസ്. നിർദിഷ്ട പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ മാത്രം വാഹനങ്ങള്‍ നിര്‍ത്തണമെന്നും നിയമം ലംഘിക്കുന്നവര്‍ക്ക് 500 ദിര്‍ഹം പിഴ ചുമത്തുമെന്നും ട്രാഫിക് ആന്‍ഡ് സെക്യൂരിറ്റി പട്രോള്‍സ് ഡയറക്ടറേറ്റ് അറിയിച്ചു.
പള്ളികള്‍ക്ക് സമീപം അലക്ഷ്യമായി വാഹനം പാര്‍ക്ക് ചെയ്യുന്നത് മറ്റ് റോഡ് ഉപയോക്താക്കള്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുകയും സുഗമമായ ഗതാഗത ഒഴുക്കിനെ തടസപ്പെടുത്തുകയും ചെയ്യും. പ്രധാന റോഡുകളിലും പള്ളികളുടെ പ്രവേശന കവാടങ്ങളിലും മറ്റ് വാഹനങ്ങള്‍ക്ക് പുറത്തുകടക്കാന്‍ കഴിയാത്ത രീതിയില്‍ പിന്നിലായി പാര്‍ക്ക് ചെയ്യുന്നതും കര്‍ശനമായി വിലക്കിയിട്ടുണ്ട്. നമസ്‌കാരം കഴിഞ്ഞ് മടങ്ങുന്ന മറ്റുള്ളവരുടെ വാഹനങ്ങള്‍ തടസ്സപ്പെടുത്തുന്ന രീതിയിലുള്ള ഇത്തരം പ്രവണതകള്‍ ഫെഡറല്‍ ട്രാഫിക് നിയമപ്രകാരം ഗുരുതര നിയമലംഘനമായാണ് കണക്കാക്കുന്നത്.
മറ്റ് വാഹനങ്ങളുടെ സഞ്ചാരം തടസ്സപ്പെടുത്തുന്ന രീതിയില്‍ പാര്‍ക്ക് ചെയ്യുന്നവര്‍ക്കും തെറ്റായ രീതിയില്‍ വാഹനം നിര്‍ത്തുന്നവര്‍ക്കും 500 ദിര്‍ഹം പിഴ ചുമത്തുമെന്ന് പൊലീസ് ഓര്‍മിപ്പിച്ചു. ജുമുഅ നമസ്‌കാരത്തിന് വിശ്വാസികള്‍ നേരത്തെ തന്നെ യാത്ര തിരിക്കണമെന്നും നിയമപരമായ പാര്‍ക്കിങ് ഇടങ്ങള്‍ കണ്ടെത്താന്‍ ആവശ്യത്തിന് സമയം നീക്കിവെക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. അടിയന്തര സേവന വിഭാഗങ്ങളുടെ വാഹനങ്ങളുടെ യാത്രയും പ്രതിസന്ധിയിലാവും. ആരുടെയും സഞ്ചാരത്തെ ബാധിക്കുന്ന രീതിയിലോ മറ്റ് റോഡ് ഉപയോക്താക്കളുടെ സുരക്ഷക്ക് ഭീഷണിയാവുന്ന രീതിയിലോ വാഹനങ്ങള്‍ നിര്‍ത്തരുത്. തിരക്കേറിയ സമയങ്ങളില്‍ ഗതാഗത നിയമങ്ങള്‍ പാലിച്ച് എല്ലാവരുടെയും സുരക്ഷയും സൗകര്യവും ഉറപ്പാക്കാന്‍ ഡ്രൈവര്‍മാര്‍ സഹകരിക്കണമെന്നും അബൂദബി പൊലീസ് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.