അൽഐൻ: വേനൽമഴ തകർത്തു പെയ്തതോടെ അൽഐൻ റോഡുകളിൽ പൊലീസ് വേഗപരിധി കുറച്ചു. വെള്ളിയാഴ്ച വൈകീട്ടോടെ വിരുന്നെത്തിയ കനത്ത മഴ യാത്രക്കാർക്കും പ്രദേശവാസികൾക്കും ഏറെ ആശ്വാസം പകർന്നെങ്കിലും റോഡിൽ കാഴ്ച മങ്ങിയതോടെയാണ് പൊലീസ് വാഹനങ്ങളുടെ വേഗപരിധി കുറച്ചത്.
120 കിലോമീറ്ററിന് മുകളിൽ വേഗം പാടില്ലെന്നായിരുന്നു നിർദേശം. അതോടൊപ്പം മേഖലയിൽ പലയിടത്തും വ്യത്യസ്ത തീവ്രതയിൽ കനത്ത മഴ റിപ്പോർട്ട് ചെയ്തതോടെ ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (എൻ.സി.എം) ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരുന്നു. മലാഖിത് മേലയിലാണ് ശക്തമായ മഴ റിപ്പോർട്ട് ചെയ്തത്.
അൽ ഹിയാറിൽ മിതമായ മഴയാണ് പെയ്തത്. രാത്രി ഏതാണ്ട് എട്ടുവരെ മഴയുള്ള കാലാവസ്ഥ നിലനിൽക്കുമെന്നും എൻ.സി.എം പ്രവചിച്ചിരുന്നു. ഹിയാറിൽ റോഡിലെ വെള്ളത്തിലൂടെ വാഹനങ്ങൾ കടന്നുപോകുന്ന വിഡിയോ ദൃശ്യങ്ങളും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. ശക്തമായ മഴയെ തുടർന്ന് വ്യാഴാഴ്ച ഷാർജയിലെ വിവിധയിടങ്ങളിലും എൻ.സി.എം ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിരുന്നു. അതേസമയം, റോഡിൽ ദൃശ്യപരത കുറയുന്നതിനാൽ വാഹനങ്ങൾ ജാഗ്രത പുലർത്തണമെന്ന് പൊലീസ് അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.