അബൂദബി: പാരമ്പര്യരോഗങ്ങൾ തടയാനുള്ള മികച്ച മാർഗങ്ങളിലൊന്നാണ് വിവാഹപൂർവ ആരോഗ്യ പരിശോധനകളും കൗൺസലിങ്ങുമെന്ന് ആരോഗ്യവിദഗ്ധർ. സേഹ ഹെൽത്ത് കെയർ കേന്ദ്രമായ ആമ്പുലേറ്ററി ഹെൽത്ത്കെയർ സർവിസസിലെ ചീഫ് മെഡിക്കൽ ഓഫിസർ ഡോ. ഉമർ ജബ്രിയാണ് യുവാക്കൾ വിവാഹപൂർവ ആരോഗ്യപരിശോധനക്ക് വിധേയരാവേണ്ട അനിവാര്യതയെക്കുറിച്ച് ബോധവത്കരണം നടത്തിയത്. എച്ച്.ഐ.വി, ക്ഷയം, ജനിതക രോഗങ്ങളായ തലാസീമിയ, സിക്കിൾ സെൽ അനീമിയ മുതലായവ ഇത്തരം പരിശോധനകളിൽ കണ്ടെത്താൻ കഴിയുമെന്നും ഇതിലൂടെ രോഗപ്പകർച്ച തടയാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പങ്കാളിയുടെ ആരോഗ്യനില വിവാഹത്തിനു മുമ്പ് അറിയാനും ഇത് ഭാവിയിൽ തങ്ങൾക്കു ജനിക്കുന്ന കുട്ടികളെ ബാധിക്കുമോ എന്നു മനസ്സിലാക്കാനും ഇത്തരം പരിശോധനകൾ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പകർച്ചവ്യാധികൾ പങ്കാളികളെയോ ജനിക്കാൻപോകുന്ന കുട്ടികളെയോ ബാധിക്കുമോ എന്ന ആശങ്കകൾ പരിഹരിക്കാൻ ആരോഗ്യകേന്ദ്രങ്ങളിൽ ലഭ്യമാക്കിയിരിക്കുന്ന കൗൺസലിങ്ങ് സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് അൽ യഹർ ഹെൽത്ത് കെയർ മാനേജർ ഡോ. ഷഫീഖ ഉമർ ആവശ്യപ്പെട്ടു. പരിശോധനകൾക്കു ഹാജരാവുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുകയും അസ്വാഭാവികത കണ്ടെത്തിയാൽ വിദഗ്ധ ചികിത്സക്ക് വഴിയൊരുക്കുകയും ചെയ്യും. നാളിതുവരെ നടത്തിയ സേവനങ്ങൾ ഉപയോഗപ്പെടുത്തിയ നിരവധി ദമ്പതികൾ രോഗബാധ പടരാതിരിക്കാൻ മുൻകരുതലുകൾ സ്വീകരിച്ചുവെന്നും അവർ വ്യക്തമാക്കി. അൽ ബതീൻ, അൽ മഖ്താ, ബനിയാസ്, അബൂദബി, അൽ മുവൈജി, ഊദ് അൽ തൂബ, നഈമ, അൽ ഖുവ, അൽ ഹയർ, അൽഐൻ എന്നിവിടങ്ങളിലെ മദീനത്ത് ഖലീഫ ഹെൽത്ത് കെയർ സെൻററുകളിലാണ് ഇത്തരം സേവനങ്ങൾ ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.