ദുബൈ: നിർബന്ധിത ആരോഗ്യ ഇൻഷുറൻസ് നിയമം ലംഘിച്ച 25 ആരോഗ്യ കേന്ദ്രങ്ങൾ, ക്ലിനിക്കുകൾ, ഇൻഷുറൻസ് ബ്രോക്കർമാർ, ഇൻഷുറൻസ് കമ്പനികൾ എന്നിവക്കെതിരെ ദുബൈ ആരോഗ്യ അതോറിറ്റി (ഡി.എച്ച്.എ) പിഴ ചുമത്തി. വഞ്ചനാത്മക പ്രവർത്തനം നടത്തിയ ആറ് ക്ലിനിക്കുകൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. അതോറിറ്റിയുടെ വിവിധ വകുപ്പുകൾ മുഖേന നടത്തിയ പരിശോധനകളിലാണ് നിയമലംഘനം വെളിപ്പെട്ടത്. 10,000 മുതൽ 80,000 ദിർഹമാണ് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തിയതെന്ന് ഡി.എച്ച്.എ ഹെൽത് ഫണ്ടിംഗ് വിഭാഗം ഡയറക്ടർ ഡോ. ഹൈദർ അൽ യൂസുഫ് അറിയിച്ചു.
ആരോഗ്യ ഇൻഷുറൻസ് നിയമത്തിലെ വ്യവസ്ഥകളും നിർദേശങ്ങളും പാലിക്കാത്ത കമ്പനികൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. പരിേശാധനകളിൽ ബോധ്യപ്പെട്ടതിനു പുറമെ പല കോണുകളിൽ നിന്ന് പരാതികളും ലഭിച്ചിരുന്നു.
രേഖകൾ തിരുത്തി ചെയ്യാത്ത പരിശോധനകളുടെയും നൽകാത്ത സേവനങ്ങളുടെയും പേരിൽ തുക തട്ടിയെടുക്കാൻ ശ്രമിച്ച ആരോഗ്യ കേന്ദ്രങ്ങൾ, ഭാഗികമായ രേഖകൾ സമർപ്പിച്ച് ക്ലെയിമുകൾ നേടിയെടുത്തവർ, ഇൻഷുറൻസ് കാർഡ് ദുരുപയോഗം ചെയ്ത ഉപഭോക്താക്കൾ, അനാവശ്യ സേവനങ്ങളും പരിശോധനകളും ശിപാർശ ചെയ്തത്, സേവനങ്ങൾ പൂർണമായി നൽകുന്നതിനു മുൻപു തന്നെ ബില്ലുകളും രേഖകളും നൽകി പണം തരപ്പെടുത്തുന്ന ആശുപത്രികൾ, ആരോഗ്യ ഇൻഷുറൻസ് കാർഡ് നൽകാനോ എമിറേറ്റ്സ് െഎ.ഡി മുഖേന പരിരക്ഷ ഉറപ്പാക്കാനോ താമസം വരുത്തിയ ഇൻഷുറൻസ് കമ്പനികൾ, ഡി.എച്ച്.എയിൽ നിന്ന് അംഗീകാരവും ലൈസൻസും നേടാതെ വ്യാജ അവകാശ വാദം ഉന്നയിക്കുന്ന കമ്പനികർ, ഉപഭോക്താക്കൾക്ക് തൃപ്തികരമായ സേവനം നൽകാത്ത കാൾ സെൻററുകൾ എന്നിവയെല്ലാം ശിക്ഷ ലഭിക്കാൻ തക്ക കാരണങ്ങളാണ്.
ജീവനക്കാർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകാത്ത തൊഴിലുടമകളും ആശ്രിതരുടെ ഇൻഷുറൻസ് ഉറപ്പുവരുത്താത്ത സ്പോൺസർമാരും മാസം തോറും 500 ദിർഹം വീതം പിഴ നൽകേണ്ടി വരും.ഇൻഷുറൻസ് പോളിസി എടുക്കുകയും പിഴകൾ അടക്കുകയും ചെയ്യാതെ വിസ പുതുക്കി നൽകേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.