അബൂദബി: അറബിക്കഥയിലെ ഭാവനകളെ വെല്ലുന്ന സുന്ദര നഗരമായി വളർന്നുയർന്ന അബൂദബിയുടെ മണ്ണിൽ ഒരുമയുടെ മഹോൽസവത്തിന് വേദിയൊരുങ്ങുന്നു. വിവിധ ഗൾഫ് നഗരങ്ങളിൽ പ്രവാസി സമൂഹം ഇരുകയ്യും നീട്ടി സ്വീകരിച്ച ‘ഗൾഫ് മാധ്യമം ഹാർമോണിയസ് കേരള’യാണ് സഹിഷ്ണുതയുടെ തലസ്ഥാന നഗരിയിൽ വിരുന്നെത്തുന്നത്. അൽ ഹുദൈരിയാത്ത് ദ്വീപിലെ വിശാലമായ 321സ്പോർട്സ് വേദിയിൽ ഫെബ്രുവരി 11ന് സംഘടിപ്പിക്കുന്ന ആഘോഷരാവിൽ മലയാളത്തിന്‍റെ പ്രിയതാരങ്ങൾകൊപ്പം സംഗീതകലാ രംഗത്തെ പ്രഗൽഭരും അണിനിരക്കും.
ചരിത്രത്തിൽ വേരാഴ്ത്തിയ യു.എ.ഇ-ഇന്ത്യ സൗഹൃദത്തിന്‍റെ ആഘോഷമെന്ന നിലയിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ സ്വദേശി പ്രമുഖരും പ്രവാസി നേതാക്കളും പങ്കെടുക്കുന്നുണ്ട്. സമീപകാലത്ത് അബൂദബി സാക്ഷ്യംവഹിച്ച മലയാളികളുടെ ഏറ്റവും വലിയ ഒത്തുകൂടലാകുന്ന സാംസ്കാരിക-കലാവിരുന്നിന് ആവേശം പകരാൻ മലയാള മണ്ണിലെ എണ്ണം പറഞ്ഞ കലാകാരന്മാരാണ് അരങ്ങിലണിനിരക്കുക.
അനശ്വര അഭിനയ മുഹൂർത്തങ്ങളിലൂടെ മലയാളിയുടെ മനസിൽ ചേക്കേറിയ മുകേഷ്, സിദ്ദീഖ്, ലാൽ എന്നിവരാണ് ചടങ്ങിൽ ആസ്വാദക ഹൃദയങ്ങളെ കീഴടക്കാനെത്തുന്ന പ്രമുഖർ. പ്രവാസലോകത്തെ വേദികളിൽ ചിരിയുടെ മാലപ്പടക്കങ്ങൾക്ക് തിരികൊളുത്തിയ പൂർവകാലത്തിന്‍റെ ഓർമകൾ പുതുക്കിക്കൊണ്ട് സദസ്സിനെ മൂവരും അഭിസംബോധന ചെയ്യും. അതോടൊപ്പം വിടപറഞ്ഞ സംവിധായകൻ സിദ്ദീഖിന് പ്രവാസലോകത്തിന്റെ ആദരവർപ്പിക്കുന്ന അവിസ്മരണീയ ചടങ്ങും വേദിയിലൊരുങ്ങും.
ഒരുമയുടെ സന്ദേശം പകരുന്ന ചടങ്ങ് ആസ്വാദകരമാക്കുന്നതിന് അണിയറയിൽ വൈവിധ്യമാർന്ന അനുബന്ധ പരിപാടികളും ഒരുങ്ങുന്നുണ്ട്. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലും വിവിധ ഷോകളിലൂടെ ആസ്വാദന മനസ്സുകളിൽ ചേക്കേറിയ ചലച്ചിത്ര, സംഗീത, മിമിക്രി രംഗത്തെ പ്രമുഖ കലാകാരന്മാരും ആനന്ദ രാവിന് പൊലിമയേകാൻ എത്തിച്ചേരും. വിനോദത്തിന്റെയും ആസ്വാദനത്തിന്റെയും പുത്തൻ അനുഭവങ്ങൾ സമ്മാനിക്കാൻ ഗായകരായ സിത്താര കൃഷ്ണകുമാർ, വിധു പ്രതാപ്, കണ്ണൂർ ശരീഫ്, കെ.കെ നിഷാദ്, വൈഷ്ണവ് ഗിരീഷ്, ക്രിസ്റ്റകല, രേഷ്മ രാഘവേന്ദ്ര, അനുകരണകലയിലെ പുത്തൻ താരോദയം സിദ്ദീഖ് റോഷൻ, വയലിനിസ്റ്റ് ബാലു, അവതാരകനും നടനുമായ മിഥുൻ രമേശ് തുടങ്ങി നിരവധി കലാകാരന്മാരാണ് വേദിയിലെത്തുക. പരിപാടിയുടെ ടിക്കറ്റ് വിൽപന ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഫോൺ: +971 555210987, 042521071.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.