ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം
ദുബൈ: എമിറേറ്റിലെ പൊതുമേഖല സ്ഥാപനങ്ങൾക്ക് സർക്കാർ ഭൂമി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന പുതിയ നിയമം പ്രഖ്യാപിച്ച് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. പൊതുമേഖലയിലെ സ്ഥാപനങ്ങൾക്ക് തടസ്സമില്ലാത്ത ഭൂമി വിതരണം, കാര്യക്ഷമമായ ഉപയോഗം ഉറപ്പുവരുത്തുക, പൊതുമേഖല സ്ഥാപനങ്ങൾക്ക് ആവശ്യങ്ങൾക്കനുസരിച്ചുള്ള ഭൂമി കണ്ടെത്തി വിതരണം ചെയ്യുക തുടങ്ങിയവയാണ് പുതിയ നിയമത്തിലൂടെ ലക്ഷ്യമിടുന്നത്.
പൊതുമേഖല സ്ഥാപനങ്ങൾക്ക് അനുവദിച്ച സർക്കാർ ഭൂമി തിരിച്ചുപിടിക്കാനോ അതിന്റെ സ്ഥാനം മാറ്റാനോ ഏതെങ്കിലും നിർമാണങ്ങൾ പൊളിച്ചുമാറ്റാൻ ആവശ്യപ്പെടാനോ ഉള്ള അധികാരം ദുബൈ മുനിസിപ്പാലിറ്റിക്കായിരിക്കുമെന്ന് നിയമം വ്യക്തമാക്കുന്നു. സ്ഥാപനങ്ങൾക്ക് അനുവദിച്ച ഭൂമി മുനിസിപ്പാലിറ്റിക്ക് തിരിച്ചുപിടിക്കാൻ കഴിയുന്ന പ്രത്യേക സാഹചര്യങ്ങളും നിയമം നിർവചിക്കുന്നു. പൊതുമേഖല സ്ഥാപനങ്ങളിൽനിന്ന് ഭൂമി അനുവദിക്കാനുള്ള അപേക്ഷ സ്വീകരിക്കൽ, ഭൂമിയുടെ ശരിയായ ആവശ്യം നിർണയിക്കൽ, ആവശ്യപ്പെട്ട സർക്കാർ ഭൂമിയുടെ സ്ഥാനങ്ങളും വലുപ്പവും നിർണയിക്കൽ തുടങ്ങിയവക്കുള്ള അധികാരവും മുനിസിപ്പാലിറ്റിക്കായിരിക്കും.
അനുവദിച്ച ഭൂമിയുടെ സൈറ്റ് മാപ്പ് പുറത്തിറക്കുക, ഭൂമിയുമായി ബന്ധപ്പെട്ട സുപ്രധാനമായ രേഖകൾ ഉൾക്കൊള്ളുന്ന രജിസ്ട്രിയുടെ പരിപാലനം, രണ്ട് രജിസ്ട്രിയിലേയും ഡാറ്റകൾ വിന്യസിക്കുന്നതിന് ലാൻഡ് ഡിപ്പാർട്ട്മെന്റുമായുള്ള ഏകോപനം തുടങ്ങിയ ഉത്തരവാദിത്തവും മുനിസിപ്പാലിറ്റിക്കാണ്. സ്ഥാപനങ്ങൾക്ക് സേവനങ്ങൾ നൽകുന്നതിനും അവരുടെ നിയമപരമായ പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിനൽകുന്നതിന് ഭൂമി അനുവദിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പുതിയ നിയമത്തിലൂടെ ശ്രമിക്കും. ദുബൈ അർബൻ മാസ്റ്റർ പ്ലാൻ 2040 ന്റെ ലക്ഷ്യങ്ങളുമായി ചേർന്നുനിൽക്കുന്നതാണ് പുതിയ നിയമം. ഔദ്യോഗിക ഗസ്റ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുശേഷം നിയമം പ്രാബല്യത്തിൽ വരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.